Wednesday, 30 November 2011

മണ്ടന്മാർ ലണ്ടനിൽ

മണ്ടന്മാർ ലണ്ടനിൽ


മുല്ലപ്പെരിയാർ വിഷയം പ്രധാന മന്ത്രിക്ക് മുൻപിൽ അവതരിപ്പിക്കാനെത്തിയ കേരള സിംഹങ്ങൾക്ക് മുൻപിൽ കൈ മലർത്തിക്കാട്ടിയത്രെ കിങ്ങ്-സിങ്ങ്.
അണക്കെട്ടിലെ ജലനിരപ്പ് 120 അടിയായി താഴ്ത്തുന്നതിന്‌ തമിഴ്നാടുമായി ചർച്ച,പുതിയ അണക്കെട്ടിനുള്ള നിർമ്മാണ അനുമതി എന്നിവ തേടിയെത്തിയവർക്ക് എല്ലാം പരിഗണിക്കാം എന്ന ഉറപ്പ് കിട്ടിയത്രേ...
വല്യ കാര്യമല്ലയോ...ഫെഡറൽ ഭരണഘടനയല്യോ... പ്രധാന മന്ത്രിക്ക് പെട്ടെന്ന് ബല്യ തീരുമാനങ്ങളൊന്നുമെടുക്കാൻ പറ്റില്ലത്രേ...
എല്ലാം പഠിച്ച് കടലാസിലാക്കിക്കൊടുക്കാൻ കേന്ത്ര ജലവിഭവ വകുപ്പ് മന്ത്രി പവൻ കുമാർ ബൻസലിനെ ചുമതലപ്പെടുത്തിയിട്ടുണ്ടത്രേ... 
പഠനം കഴിയുന്നത് വരെ ഭൂമികുലുക്കം ഉണ്ടാവാതിരിക്കാൻ യമന്റെ ഓഫീസിലേയ്ക്ക് ഒബാമയും സിങ്ങും ചേർന്നൊരു ഇ- മെയിൽ അയച്ചിട്ടുമുണ്ട്...


പിന്നെ,ചില്ലറ വില്പ്പനക്കാരന്റെ കഞ്ഞിയിൽ പാഷാണം കലക്കാനുള്ള തീരുമാനം ആലോചിച്ചുതന്നെ എടുത്തതാണെന്നും, ആ വക്കാലത്തുമായി ആരും ഡൽ ഹിയിലേക്ക് വണ്ടി കയറെണ്ടെന്നും മന്ത്രി പുംഗവന്മാരോട് അമേരിക്കൻ സിങ്ങ് പറഞ്ഞു വിട്ടിട്ടുണ്ടെന്നാണ്‌ അണിയറ സംസാരം... 
പുര കത്തുമ്പോഴല്ലെ വാഴ വെട്ടാൻ പറ്റൂ... 


“ഭാരതമെന്നപേർ കേട്ടാലഭിമാന പൂരിതമാകണമന്തരംഗം, 
കേരളമെന്ന് കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളിൽ”... 

Tuesday, 29 November 2011

മുല്ലപ്പെരിയാർ, സച്ചിൻ, ലാൽ,മമ്മൂട്ടി... പിന്നെ കുറെ ചിന്തകളുംഞാൻ ക്രിക്കറ്റ്  കണ്ടുകൊണ്ടേയിരിക്കുകയായിരുന്നു.
നിരന്തരമായ മാനസിക സംഘർഷത്തിന്റെ മൂർദ്ധന്യാവസ്ഥയിൽ ബലഹീനനായിക്കൊണ്ടിരിക്കുന്ന ദൈവത്തിന്റെ നൂറാം സെഞ്ച്വറിയുടെ ജനനം എപ്പോൾ വേണമെങ്കിലും നടക്കാം. ഞാനൊരു ഭാരതീയനാന്‌, കേരളീയനാണ്‌. ഇവിടെ ഞങ്ങൾക്ക് ക്രിക്കറ്റ് മതവും സച്ചിൻ ദൈവവുമാണ്‌. സച്ചിന്റെ കാലത്ത് ജീവിക്കാനായതിൽ ഞാൻ അഭിമാനം കൊള്ളുന്നു. എന്നിലെ ദേശസ്നേഹം ഇങ്ങനെയൊക്കെ ആത്മഗതം ചെയ്തുകൊണ്ടെയിരുന്നു.
ഡാ... ഒരു പകൽ മുഴുവൻ ഈ ടി.വീഡെ മുന്നില്‌ കുത്തിയിരുന്നാൽ നിനക്കെന്താ കിട്ടുക? വല്ല ജോലിക്കും പൊയ്ക്കൂടേ????..... അമ്മയാണ്‌... പതിവ് പല്ലവി... 
ഞാൻ പുഛഭാവത്തിൽ തലതിരിച്ച്,ചിറി കോട്ടി അമ്മയെ നോക്കി... ഇവർക്കൊക്കെ എന്തറിയാം? ദേശസ്നേഹമില്ലാത്ത കണ്ട്രി മലയാളീസ്... 
ഇതാ സച്ചിൻ 53ൽ എത്തിയിരിക്കുന്നു. ഹൊ... ഇനി കളി ഒച്ചിഴയുന്നതു പോലാവും, കേരള സർക്കാരിന്റെ ഭരണത്തിലും സാവധാനത്തിൽ.... ഞാൻ റിമോർട്ടിൽ ‘കുത്തിക്കളി’ തുടങ്ങി. 
ആഹാ... സൂര്യാ ടി വീയിൽ ഒളിമ്പ്യൻ അന്തോണി ഓടുന്നുണ്ട്... ക്ളൈമാക്സ് എത്തിയെന്ന് തോന്നുന്നു. “നീ കഴുകനേപ്പോലെ ഉയർന്ന് പറന്നാലും നക്ഷത്രങ്ങൾക്കിടയിൽ കൂട് കൂട്ടിയാലും, ഞാൻ താഴെയിറക്കും”... ലലേട്ടൻ തകർത്താടുന്നുണ്ട്.. ഞാൻ രോമാഞ്ചം കോണ്ട് ചെറുതായി വിറച്ചു... 
“വിശ്വാസം അതല്ലേ എല്ലാം”... നാശം പരസ്യമാണ്‌... ഞാൻ വീണ്ടും ഊളിയിട്ടു. തൊട്ടടുത്ത് ഏഷ്യാനെറ്റിൽ മമ്മുക്ക തകർത്താടുന്നു... കിങ്ങ് ജോസഫ് അലക്സ്... ഇവ്ടെ ദേശ സ്നേഹം വഴിഞ്ഞങ്ങ് ഒഴുകുകയല്ലേ....“ അതിന്‌ നീ ഇന്ത്യ എന്തെന്നറിയണം...ഇന്ത്യയുടെ ആത്മാവെന്തന്നറിയണം... ജഡ്ക വലിച്ച് ചോര തുപ്പുന്നവരുടെ ഇന്ത്യ, വേശ്യകളുടേയും, തോട്ടികലുടെയും കുഷ്ഠരോഗികളുടെയും ഇന്ത്യ... തിമർത്തു പെയ്യുന്നൂ ഡയലോഗുകൾ... 
ഹുറേയ്... 


ഇന്ത്യാ വിഷനിൽ പതിവ് വിക്രിയകൾ തുടർന്നുകൊണ്ടേയിരിക്കുകയാണ്‌... ഐസ്ക്രീം, റവുഫ്,കുക്കു സാഹിബ്.... 
ങേ...അതാരാണവിടെ പൊട്ടിക്കരയുന്നത്?... വികാര വിജ്രുംഭിതനാവുന്നത്?... 
ഞാൻ റിപ്പോർട്ടറിലെത്തി നിന്നു... 
ആഹാ.. ഇതു നമ്മുടെ ജോസപ്പച്ചായനല്യോ?.. ബഹുമാനപ്പെട്ട ജലവിഭവ മന്ത്രി, വിമാനമാർഗ്ഗി... വിറച്ചുതുള്ളിക്കരഞ്ഞ്, നശിച്ച് പണ്ടാരമടങ്ങിപ്പറയുന്നത് കേട്ടോ...
”ഒരു വർഷം മതി... ഡാം ഞാൻ പണിയാം.... എന്നെ ഏല്പ്പിക്ക്... ഐ. ഐ.ടിയിൽ പോകാം...നാട്ടുകാർ ഇറങ്ങണം... പ്രതികരിക്കണം“... 
സത്യം പറയട്ടെ... എന്റെ കണ്ണ്‌ നിറഞ്ഞുപോയി... കാലു മാറിയെങ്കിലെന്താ?, വിമാനത്തിൽ കയറിയാലെന്താ?, എസ് എം എസ് അയച്ചെങ്കിലെന്താ?...+2 കൊണ്ടു വന്ന് പ്രീ ഡിഗ്രിയെ ആറ്റിലൊഴുക്കിയെങ്കിലെന്താ... എന്തൊരാത്മാർത്ഥത.....എന്തൊരു സത്യസന്ധത... സമ്മതിക്കണം.... പൊന്നേ സമ്മതിക്കണം... 
സച്ചിൻ എന്തായിക്കാണുമോ എന്തോ?... ഞാൻ തിരികെ നിയോ സ്പോർട്സിലെത്തി. 
ഇവിടെ വെസ്റ്റ് ഇൻഡീസിന്റെ ചിരി... ഇന്ത്യ വിതുമ്പുന്നു... 
നിരാശനായി ബാറ്റ് താഴ്ത്തി മടങ്ങുന്ന സച്ചിൻ...94ൽ ഒരു സെഞ്ച്വറിക്കുരുന്നു കൂടി ചാപിള്ളയായിപ്പോകുന്നു... ദൈവമേ... 
ആ ചുള്ളിക്ക)ടുകാരൻ പണ്ട് പാടിയ പോലെയായിപ്പോകുമോ?.. ”ലോകാവസാനം വരെ പിറക്കതെ പോകുമോ നീയെൻ മകനേ“... 
ഞാൻ ടിവി നിർത്തി. വല വിരിച്ചു തുടങ്ങി...ബുക്ക്മാർക്ക് ചെയ്തിട്ടിരിക്കുന്ന എഫ്ബി പ്രൊഫൈലിലെത്തി. വളരെ പ്രതീക്ഷയോടെ, ഉദ്യോഗത്തോടെ പ്രൊഫൈൽ പേജിലേക്ക് നോക്കിയ എന്നെ നോട്ടിഫിക്കേഷന്റെയും, മെസേജിന്റെയും,ഫ്രണ്ട്ഷിപ് റിക്വസ്റ്റിന്റെയും ചിഹ്നങ്ങൽ പല്ലിളിച്ചു കാട്ടി. പേരിനെങ്കിലും ഒരെണ്ണം?. 
ഹൊ... പെണ്ണായിപ്പിറന്നിരുന്നെകിൽ???...മനസ്സ് നെടുവീർപ്പിട്ടു... 
ഇനി,, ഇന്നത്തെക്കഥകൾ...നാശം പിടിക്കാൻ...എങ്ങും മുല്ലപ്പെരിയാർ മാത്രം... എന്നാ മുല്ലപ്പെരിയാർ...പൊട്ടുന്നെങ്കിൽ പൊട്ടട്ടെ... ഇവിടെ സച്ചിന്‌ സെഞ്ച്വറിയടിക്കാൻ പറ്റിയിട്ടില്ല..
 പിന്നെയാ ഒരു കില്ലപ്പെറിയാർ... ഞാൻ ആത്മരോഷം കൊണ്ടു... 
ഒരു വിരുതൻ ലാലേട്ടന്റെയും മമ്മുക്കായുടെയും പടമിട്ടിരിക്കുന്നു... ഞാൻ ആ ലിങ്കിൽ ക്ളിക്ക് ചെയ്തു... പാരയാണ്‌...സൂപ്പർ സ്റ്റാറുകൾ മുല്ലപ്പെരിയാർ പ്രശ്നത്തിൽ പ്രതികരിക്കുന്നില്ലത്രേ... 
”എന്റെ പൊന്നാ... അവർക്കീതാണോ വല്യ കാര്യം?...വർഷ്ത്തിൽ 300 ദിവസവും ചെന്നൈക്ക് പോകേണ്ട അവരെങ്ങനെ തമിഴനെ കുറ്റം പറയും?... ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം.... യേത്?“... 
വേറൊരുത്തൻ തൊടുപുഴക്കാരൻ മന്ത്രി അച്ചായന്റെ വികാര പ്രക്ഷോഭങ്ങൾ യൂ ട്യൂബിലാക്കിയിട്റ്റിരിക്കുന്നു.. കൂടെയൊരു കുറിപ്പും... ”ജല വിഭവ മന്ത്രി പറഞ്ഞത് പോലെ ജനങ്ങൾ ഇറങ്ങണമെങ്കിൽ ഇറങ്ങാൻ ഞങ്ങൽ തയാർ, താങ്കൾ മന്ത്രി സ്ഥാനം നോക്കാതെ മുന്നിൽ നില്ക്കുമെങ്കിൽ ഏതൊരു നിയമ ലംഘനത്തിനും ഞാൻ റെഡി“.. 
ഡാ... ചുള്ളാ... കൊള്ളാമല്ലോ നീയ്... ഒരു എഫ് ബി പ്രൊഫൈൽ ഉണ്ടെന്ന് പറഞ്ഞ് മന്ത്രിമാരെയാ വെല്ലു വിളിക്കുന്നത്??? 
വാളകത്തെ പാര ഇപ്പൊഴും പലരുടെയും കയ്യിലുണ്ട് കേട്ടോ... 
പിന്നെ...ഇതൊക്കെ അച്ചായന്റെ ഓരോ നമ്പറുകളല്ലേ.... 


വേറെ കുറെ ഹസ്സാരേമാർക്ക് തെരുവിലിറങ്ങണം... മനുഷ്യച്ചങ്ങല പിടിക്കണം... 
മക്കളെ...എന്ത് ചെയ്തിട്ടും കാര്യമില്ല... ഇവിടം ഇങ്ങനെയൊക്കെയാണ്‌...
ഒഴുകിപ്പോകുന്നത് വരെ ജീവിക്കുക ഒഴുക്കിനൊപ്പം നീന്തുക... തളർന്ന് വീഴുന്നത് വരെ....


സ്വതസിദ്ധമായ  ചിന്തയോടെ ഞാൻ വീണ്ടും എഫ് ബിയിലേക്ക് കയറി... 
പണ്ഡിറ്റിനെ തെറി പറയാനും, മോഹൻലാലിനെയും,മമ്മൂട്ടിയേയും ലൈക് ചെയ്യുവാനും.... 


പിൻ മൊഴി.... 
ആദ്യമവർ വന്നത് കമ്മ്യൂണിസ്റ്റുകാരേത്തേടിയാണ്‌. 
ഞാൻ മിണ്ടിയില്ല, കാരണം ഞാനൊരു കമ്മ്യൂണിസ്റ്റായിരുന്നില്ല.. 
പിന്നീടവർ വന്നത് പ്രൊട്ടസ്റ്റന്റുകാരേത്തേടിയാണ്‌. 
ഞാൻ മിണ്ടിയില്ല, കാരണം ഞാനൊരു പ്രൊട്ടസ്റ്റന്റുകാരനായിരുന്നില്ല.. 
വീണ്ടുമവർ വന്നത് ജൂതന്മാരെത്തേടിയാണ്‌. 
ഞാൻ മിണ്ടിയില്ല, കാരണം ഞാനൊരു ജൂതായിരുന്നില്ല.. 
അവസാനമവർ വന്നത് എന്നെത്തേടിയാണ്‌. 
പക്ഷേ എനിക്കു വേണ്ടി ശബ്ദിക്കുവാൻ ഇവിടെ ആരും അവശേഷിച്ചിരുന്നില്ല.. Monday, 28 November 2011

തീറെഴുതി വില്ക്കുന്ന ചില്ലറ വ്യവസായ മേഖല

തീറെഴുതി വില്ക്കുന്ന ചില്ലറ വ്യവസായ മേഖല


ഇവിടെ മുല്ലപ്പെരിയാറിന്റെ തിരത്തള്ളലിൽ ജനങ്ങൾ പരിഭ്രാന്തരായി ഉഴലുമ്പോൾ അവിടെ, പുര കത്തുമ്പോൾ വാഴ വെട്ടുന്നവന്റെ ചാരിതാർത്ഥ്യത്തോടെ ചില്ലറ വ്യവസായ മേഖല കൂടി വൻ കിട കോർപ്പറേറ്റുകൾക്കയി പണയം വെച്ച് കഴിഞ്ഞിരിക്കുന്നു. അമേരിക്കയിലെ വാൾമാർട്ട്,ഫ്രാൻസിലെ കാരിഫർ,ജർമ്മൻ കമ്പനിയായ മെട്രോ, ഇംഗ്ളീഷ് കമ്പനിയായ ടെസ്കോ,തുടങ്ങിയവയുടെ വായിലേയ്ക്ക് സാധാരണക്കാരന്റെ തല തിരുകിക്കഴിഞ്ഞിരിക്കുകയാണ്‌ സിങ്ങിന്റെ അടിമ സർക്കാർ.മൾട്ടി ബ്രാൻഡ് ചില്ലറ വില്പ്പന മേഖലയിൽ 51% വിദേശ നിക്ഷേപം നല്കിയും, സിംഗിൾ ബ്രാൻഡ് വിപണിയിൽ നിലവിൽ 51 ശതമാനമുള്ള പ്രത്യക്ഷ വിദേശ നിക്ഷേപം 100% ആയി ഉയർത്തിയും കോർപ്പറേറ്റ് കഴുകന്മാർക്ക് ചിറകുനീട്ടി, തകർത്തടിച്ച് പറന്ന് സാധാരണക്കാരന്റെ ചെകിട്ടത്തടിക്കുവാനുള്ള സ്വാതന്ത്ര്യം നല്കിയതിലെ യുക്തി എന്തായിരിക്കും?
പണ്ട്, ചൈനയിൽ നിലനിന്നിരുന്ന ഓപ്പൺ ഡോർ പോളിസിയുടെ പ്രത്യക്ഷ ഉദാഹരണമായി ഭാരതത്തെ കാട്ടിക്കൊടുക്കുവാൻ സാധിക്കും ഇപ്പൊൾ ചരിത്രം പഠിക്കുന്നവർക്ക്. ഈ തലതെറിച്ച തീരുമാനം ബാധിക്കുവാൻ പോകുന്നത് നാലുകോടിയിലധികമുള്ള ചെറുകിട,ചില്ലറ വില്പ്പനക്കാരെ മാത്രമല്ല, മറിച്ച് അവരെയാശ്രയിക്കുന്ന 20 കോടി സാധാരണക്കാരെയാകമാനമാണ്‌. നാളെ കാർഷിക മേഖലകൾക്കൂടി കൈയ്യടക്കിയേക്കാവുന്ന ഈ ഭീമന്മാർ ഉല്പന്നങ്ങൾ, ഇവിടെത്തന്നെ നിർമ്മിച്ച് അവരുടെ വിലയ്ക്ക് വിറ്റഴിക്കുമ്പോൾ കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന പാവപ്പെട്ടവർക്ക് വി.ആർ.എസ് എടുത്ത് വീട്ടിലിരിക്കാം. അത് മാത്രമല്ല അന്തക വിത്തുകളും, ബി റ്റി വഴുതനയും നാളെ പ്രതികരിക്കാനാവാതെ വെട്ടി വിഴുങ്ങേണ്ടി വരും നമുക്ക്. 
എന്തിനിതൊക്കെ ചെയ്യുന്നു എന്നു ചോദിച്ചാൽ അണ്ണാ ഹസാരെ കളിക്കും സിങ്ങ്. നമ്മെയാകമാനം ബാധിച്ച വിലക്കയറ്റം, തൊഴിലില്ലായ്മ, കാർഷിക മേഖലയിലെ തകർച്ച എന്നിവയ്ക്കൊന്നും പരിഹാരമാവുന്നില്ല ഈ തീരുമാനങ്ങളൊന്നും. ഉദാരവത്കരണ നയങ്ങളുടെ പേരിൽ വ്യാപാര വിതരണ മേഖല കൂടി കോർപ്പറേറ്റുകൾക്കും, വിദേശ വ്യാപാരികൾക്കുമായി തൂത്തുവാരികൊടുക്കുകയാണ്‌ യു പി എ സർക്കാർ. ഇന്ന്‌ കടം കയറി ജീവനൊടുക്കുന്നത് കൃഷിക്കാരാണെങ്കിൽ നാളെ അത് ചെറുകിടക്കാരായ ചില്ലറക്കച്ചവടക്കാരാവും. ഇവരെയാകമാനം കൊലയ്ക്ക് കൊടുക്കുന്ന ഈ കൊടും വഞ്ചനയ്ക്ക്  ഉത്തരം പറഞ്ഞേ മതിയാവൂ പ്രിയപ്പെട്ട സിങ്ങേ നിങ്ങൾ..... 

Saturday, 26 November 2011

ഇന്ന് ഈ നാട്ടിലൊന്ന് പെഴച്ചുപോകണമെങ്കിൽ ഒന്നുകിൽ ഒരു ചീഫ് വിപ്പോ,എൻഡോസൾഫാൻ വില്പ്പനക്കാരനോ, ക്രിക്കറ്റ് കളികാരനോ, അതുമല്ലെങ്കിൽ പീഡിപ്പിക്കപ്പെട്ട പെണ്ണിന്റെ സ്വന്തക്കാരനോ ആവണം.

നീറോമാരുടെ സ്വന്തം നാട്.. 
പണ്ട് സന്ദീപ് ഉണ്ണികൃഷ്ണൻ തീവ്ര വാദികളുടെ വെടിയേറ്റ് മരിച്ചപ്പോൾ മുഖം തിരിച്ച സർക്കാർ അഭിനവ് ബിന്ദ്ര ഒരു മെഡൽ വെടിവെച്ചിട്ടപ്പോൾ കൊടുത്തത് എത്ര കോടികൾ? 
ഇവിടെ 5 ലക്ഷത്തിലധികം ആളുകളുടെ ജീവനെടുക്കാൻ ഒരുമ്പെട്ടു നില്ക്കുന്ന മഹാവിപത്തിന്‌ വേണ്ടി നമ്മുടെ പത്രങ്ങൾ നല്കിയത് അര പേജ്... കഴിഞ്ഞ കുറേ നാളുകളായി ചാപിള്ളയായിപ്പൊയ്ക്കോണ്ടേയിരിക്കുന്ന സച്ചിന്റെ സെഞ്ച്വറിയ്ക്കു വേണ്ടി നീക്കി വെച്ചത് ഒരു പേജ്. 
ഇന്ന് ഈ നാട്ടിലൊന്ന് പെഴച്ചുപോകണമെങ്കിൽ ഒന്നുകിൽ ഒരു ചീഫ് വിപ്പോ,എൻഡോസൾഫാൻ വില്പ്പനക്കാരനോ, ക്രിക്കറ്റ് കളികാരനോ, അതുമല്ലെങ്കിൽ പീഡിപ്പിക്കപ്പെട്ട പെണ്ണിന്റെ സ്വന്തക്കാരനോ ആവണം. 
ബഹുരാഷ്ട്ര കുത്തക ഭീമന്മ്മാർക്കായി സ്വന്തം നാടിനെ ഒറ്റുകൊടുക്കുന്ന നെറികെട്ട രാഷ്ടീയ ഹിജഡകൾക്ക് സംസ്ഥാനങ്ങൾ നശിച്ചാലോ, ആളുകൾ ചത്തൊടുങ്ങിയാലോ എന്ത് പ്രശ്നം?

Thursday, 24 November 2011

ഐശ്വര്യ റായ് ബച്ചനും സന്തോഷ് പണ്ടിറ്റും ഷക്കീലയും തമ്മിൽ എന്താണു ബന്ധം?


ഐശ്വര്യ റായ് ബച്ചനും സന്തോഷ് പണ്ടിറ്റും ഷക്കീലയും തമ്മിൽ എന്താണു ബന്ധം?


 ഇതു വായിക്കൂ, പറഞ്ഞു തരാം....മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഇപ്പോഴത്തെ നില അതീവഗുരുതരമാണെന്ന് സുപ്രീംകോടതി ഉന്നതാധികാര സമിതിയുടെ നിര്‍ദേശപ്രകാരം നടത്തിയ പരിശോധനയില്‍ വ്യക്തമായി. 

ഡാമിന്റെ മുഴുവന്‍ നീളത്തിലും വിള്ളലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കല്ലുകള്‍ ഇളകി പുറത്തേക്ക് തള്ളിയിരിക്കുന്നതും വന്‍ ദ്വാരങ്ങള്‍ രൂപപ്പെട്ടതുമെല്ലാം ഭീഷണി വര്‍ധിപ്പിക്കുന്നു. മാത്രമല്ല, ഡാമിന്റെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ റിക്ടര്‍ സ്കെയിലില്‍ നാലിന് മുകളില്‍ രേഖപ്പെടുത്തുന്ന ഭൂചലനം ഉണ്ടായാല്‍ ഡാം തകര്‍ന്നേക്കും എന്നാണ് റിപ്പോര്‍ട്ട്. 

കഴിഞ്ഞ മൂന്ന് മാസത്തിനിടെ 22 ഭൂചലനങ്ങളാണ് ഇടുക്കിയില്‍ ഉണ്ടായിരിക്കുന്നത്. ഇതില്‍ 3.8 രേഖപ്പെടുത്തിയ ഭൂചലനമാണ് ജൂലായ് 26-ന് ഉണ്ടായതെന്നതും ഓര്‍ക്കണം. ഇവിടെ റിക്ടര്‍ സ്കെയിലില്‍ 6.5 വരെയുള്ള ഭൂചലനം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് സെസിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ഡോ ജോണ്‍ മത്തായി പറഞ്ഞതും ഇതിനോട് ചേര്‍ത്ത് വായിക്കാം. അങ്ങനെ നോക്കുമ്പോള്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലാണെന്ന് വ്യക്തമാക്കുന്നു.

   ഇപ്പോൾ മനസ്സിലായോ ബന്ധം???     നമ്മെ മുച്ചൂടും മുടിക്കുവാനുതകുന്ന തരത്തിൽ വളർന്നു പൊന്തിനില്ക്കുന്ന മുല്ലപ്പെരിയാറിനെപ്പറ്റി വായിക്കൂ മക്കളെ ആദ്യം... പിന്നെ അറിയാം ബന്ധത്തിന്റെ കാര്യം.... ട്ടോ....  

Tuesday, 22 November 2011

ഇന്ത്യ തിളങ്ങുന്നു ?

ആരാണു നമുക്കിടയിൽ ജാതീയതയുടെയും, വർണ്ണങ്ങളുടേയും, സമ്പത്തിന്റേയും അതിരുകൾ കെട്ടിയത്? ഭാരതത്തിന്റെ പൊതുസമൂഹമെന്ന മെയ്ൻ സ്റ്റ്രീമിൽ നിന്നും പടിയടച്ച് ഒഴിവാക്കേണ്ട ആ ഇരുകാലി ജന്തുക്കളാരൊക്കെ? 
1. ഷഷ്ടിപൂർത്തിയെത്തിയ അഴിമതിപ്പണ്ടാരങ്ങളായ രാഷ്ടീയക്കാർ. 
2. വർഗ്ഗീയ വിഷം ചീറ്റുന്ന കാവിയുടുത്ത, മേല്മീശയില്ലാതെ താടി വെച്ച, വെള്ളയടിച്ച കുഴിമാടങ്ങൾ. 
3. നിയമസംഹിതയുടെ തലപ്പത്തിരുന്ന്, വെള്ളിത്തുട്ടുകളുടെ കനത്തിൽ നീതിയെ ഒറ്റുകൊടുക്കുന്ന ബ്യൂറോക്രാറ്റുകൾ.
4. പൊതു ജനമെന്ന കഴുതകളുടെ മുൻപിൽ വെച്ച്,കൂടപ്പിറപ്പിന്റെ ജീവനെടുക്കുന്ന അഭിനവ കായേലുമാർ.
5. മ്രുഗീയതയുറ്റെ നിർവ്വചനം പോലെ പാടത്തും, പറമ്പിലും, ഇടവഴികളിലും രതിനിർവ്വേദമാടുന്ന ഗോവിന്ദച്ചാമിമാർ.
6. വിഷമരുന്ന് വ്യാപാരികൾ നല്കിയ കപ്പം വാങ്ങി സ്വന്തം ജനതയുടെ മേൽ സർവ്വനാശത്തിന്റെ വിത്തുകൾ വിതയ്ക്കുന്ന കിങ്ങുകൾ.
ഇനിയുമൊരുപാട്, പറയാതെ, അറിയാതെ.... ആഡ്യതയുടെ മുഖം മൂടികൾക്ക‍ൂള്ളിലൊളിപ്പിച്ചു വെച്ച ആ ദംഷ്ട്രകൾ തിരിച്ചറിയുക എളുപ്പമല്ല. തിരിച്ചറിഞ്ഞാൽ അവയെ ഒറ്റപ്പെടുത്താനും... ഇന്ത്യ തിളങ്ങുന്നു.....