Sunday, 3 November 2013

"പരാജയപ്പെട്ടവൻറെ മതം!"


"ഹോണർ കില്ലിങ്ങിൽ ബലിദാനികളായവർക്കും, ഒരു തരി ഹോണർ പോലുമേകാതെ വധിക്കപ്പെട്ട സത്നാമിനും സമർപ്പണം”.

മനുഷ്യനുള്ള കാലം മുതൽ മതങ്ങളും അവ സൃഷ്ടിച്ച ദൈവങ്ങളുമുണ്ട്. അവയാൽ പങ്കുവെയ്ക്കപ്പെട്ട മണ്ണ് ഉണങ്ങിയും,നനഞ്ഞും ചിലപ്പോഴൊക്കെ ചുവന്നും കാണപ്പെടാറുണ്ട്.

ഇന്നിൻറെ മനുഷ്യനെ ഭരിക്കുന്ന മതത്തിൻറെ ധർമ്മമെന്താണ്? അല്ലെങ്കിൽ അവ എന്താകണം?

മത തത്വങ്ങളിൽ, ധർമ്മങ്ങളിൽ അവ സമൂഹത്തിൽ വരുത്തുന്ന മാറ്റങ്ങളിൽ പഠനം നടത്തിയ പ്രശസ്ത സാമൂഹിക ശാസ്ത്രഞ്ജൻ എമിൽ ഡർക്കീം വിവരിക്കുന്ന മതത്തിൻറെ ധർമ്മങ്ങൾ താഴെപ്പറയുന്നു.

1. ഒറ്റപ്പെടലുകളിൽ നിന്നും, അരക്ഷിതാവസ്ഥയിൽ നിന്നും മനുഷ്യനെ പരിരക്ഷിക്കുവാനുതകുന്ന വിധത്തിൽ സമതുലിത സമൂഹം സൃഷ്ടിക്കുക.
2. ആഘോഷങ്ങൾ, ചടങ്ങുകൾ എന്നിവയിലൂടെ കൂട്ടായ്മകൾ സംഘടിപ്പിച്ച് വേർപ്പെട്ട, ഒറ്റപ്പെട്ട ജനതയ്ക്ക് സാമൂഹിക പരിഗണന നൽകുക.
3. ദൈവത്തിങ്കലേയ്ക്കുള്ള വഴി എന്നപോലെ സൃഷ്ടിച്ച് പരിപാലിക്കപ്പെടുന്ന മൂല്യങ്ങളാലും അവയുടെ നടത്തിപ്പിനാലും സമൂഹത്തെ നന്മയിലേയ്ക്ക് നയിക്കുക.
4. വിപ്ലവാത്മക മാറ്റങ്ങളിൽപ്പെട്ടോ, മറ്റേതങ്കിലും വിധത്തിലോ മതം, ദേശം എന്നിവ അപകടാവസ്ഥയിലെത്തുമ്പോൾ അവയെ സംരക്ഷിക്കുക.
5. മനുഷ്യനെ സാമൂഹിക ജീവിയായി നില നിർത്തുവാനും, വേർപെട്ട് പോകുന്നവരെ അലിഖിത നിയമങ്ങളാൽ ഒറ്റപ്പെടുത്തി തിരികെയെത്തിക.
6. മത വിശ്വാസികൾക്ക് ജീവിതത്തിൻറെ അർത്ഥം, വ്യാപ്തി എന്നിവ മനസ്സിലാക്കി നൽകി അവരെ ജീവിത വിജയത്തിലേയ്ക്ക് എത്തിക്കുക.

പക്ഷേ, ഇവിടെ എത്ര മതങ്ങൾ അല്ലെങ്കിൽ മതത്തിൻറെ അധികാരികൾ മേൽപ്പറഞ്ഞ ധർമ്മങ്ങൾ യഥാവിധിനടപ്പാക്കുന്നുണ്ട്? അല്ലെങ്കിൽ അതിന് ശ്രമിക്കുന്നുണ്ട്?
ഇവിടെ മതമെന്നത് ഇന്ന് വെറുമൊരു ഉപജീവന മാർഗ്ഗമായിരിക്കുന്നു..

അവ വിലപേശലുകൾക്കും,ചൂതാട്ടങ്ങൾക്കുമുള്ള ചോദ്യം ചെയ്യപ്പെടാത്ത സംരക്ഷണമാകുമ്പോൾ ഒരുപാട് പിഞ്ചു മടിക്കുത്തുകൾ ഉഴുതു മറിക്കപ്പെടുവാൻ നിയമങ്ങളുണ്ടായേക്കാം..

നിലവിലുള്ള മതപ്രമാണിമാർ ഇപ്രകാരം സ്വയംഭോഗം നടത്തുമ്പോൾ അശരണരേയും, ആലംബഹീനരെയും ആര് സംരക്ഷിക്കും?

ഇവിടെ ഒരു മതമേയുള്ളൂ,അത് പരാജിതൻറെ മതമാണ്, ഒരു വിശ്വാസമേ പരാജയപ്പെടുന്നുള്ളൂ,അത് ദൈവത്തിങ്കലേയ്ക്കുള്ള വിശ്വാസമാണ്..

Friday, 1 November 2013

"കുഞ്ഞൂഞ്ഞ്, കുഞ്ഞിമമ്മദ്, കുട്ടിച്ചാത്തൻ പിന്നൊരു കു ക്ലക്സ് ക്ലാനും "...."കുഞ്ഞൂഞ്ഞിനുണ്ട് ‘കു’
കുഞ്ഞി മമ്മദിനുമുണ്ട് ‘കു’
കുട്ടിച്ചാത്തനുമുണ്ട് ‘കു’
കു ക്ലക്സ് ക്ലാനിലുമുണ്ട് ‘കു"

ഇരവിൻ മറയിൽ പതിയെയൊളിച്ചും;
ഉരുളൻ കല്ലുകൾ ഞോണ്ടിയെറിഞ്ഞും
കർമ്മം ചെയ്യും കുട്ടിച്ചാത്തനും,
മെമ്പർഷിപ്പിന് രണ്ടര രൂപാ..

കത്തും കുരിശാം അടയാളവുമായ്
നൃത്തം വെയ്ക്കും മറ്റൊരു കൂട്ടം
ട്രിഗറുകൾ തുപ്പും തീയിൽ കുരുതികൾ
ഹോബിയതാക്കിയ ഭീകര സംഘം.

പറയാതറിയില്ലെങ്കിൽ ഞാനിനി-
പ്പഴമ മണക്കും കാടുകൾ കയറാം;
മുൻവിധിയൂരിയെറിഞ്ഞിനി നിങ്ങൾ-
മന്തൻ കാലുകൾ നീട്ടിവലിച്ചും,
മഞ്ഞക്കണ്ണടയൂരിയെറിഞ്ഞും,
മിണ്ടാതെന്നുടെ പിന്നിൽ ചേരുക

കുഞ്ഞൂഞ്ഞിന്നുടെ,കുഞ്ഞി മുഹമ്മദിൻ,
കുട്ടിച്ചാത്തനിൽകു ക്ല്ക്സ് ക്ലാനിൻ-
പൊതുവെ കണ്ടൊരു 'കുവത് തേടാം.
തിരയുക നിന്നിൽ,എന്നിൽ,നമ്മിൽ
 
കാര്യം കാണാൻ കാലുകൾ തിരയും
'കുടിലതതന്നെ 'കുവത് വ്യക്തം..

"കുഞ്ഞൂഞ്ഞിനുണ്ട് ‘കു’
കുഞ്ഞി മമ്മദിനുമുണ്ട് ‘കു’
കുട്ടിച്ചാത്തനുമുണ്ട് ‘കു’
കു ക്ലക്സ് ക്ലാനിലുമുണ്ട് ‘കു"...