Sunday 16 November 2014

നീതി!...

നീതി എന്നത്‌ നിനക്ക്‌ തിന്നാനുള്ളത്‌ എന്നല്ല;
അത്‌ കൊടി വെച്ച കാറുള്ളവനും;
തുണിയില്ലാത്ത തട്ടിപ്പുകാരികൾക്കും;
കനമുള്ള മടിശ്ശീലകൾക്കും മാത്രമുള്ളതല്ല!..

ദുരൂഹതയുടെ കൊടുമുടിയിൽ നിന്നും വീണുമരിച്ച;
കോർപ്പറേറ്റ്‌ വെള്ളിത്തുട്ടുകളാൽ കുഴിച്ചുമൂടിയ;
എന്റെ കുഞ്ഞുപെങ്ങൾക്കു കൂടി അത്‌ നൽകുക.
അതിനുവേണ്ടി കൊഴിയേണ്ട മുഖം മൂടികളെക്കുറിച്ച്‌ പറയുക;
നേരിന്‌ നേരെ മിഴികൾ തുറക്കുക;
നെറികേടേ; ഗീബൽസ്യൻ വ്യഭിചാരമേ!...

നീതി...
നീതി...
നീതി...
റോജി റോയിക്ക്‌ നീതി...

Tuesday 28 October 2014

സദാചാരം...


എന്റെ അടുക്കളയിൽ ഉറുമ്പുകൾ
കറുത്ത്‌ തടിച്ച്‌ കടിക്കാത്ത ഉറുമ്പുകൾ
വറുത്ത്‌ കോരിയ മസാലമണമുള്ള എണ്ണയിൽ -
ശകലങ്ങൾ തിരയുന്ന ഉറുമ്പുകൾ.

ഉറുമ്പു പൊടിയിൽ തിമർത്ത്‌ വീണ്ടുമവ 
പെറ്റുപെരുകിക്കൊണ്ടേയിരുന്നു...
ആരോ പറഞ്ഞു, "ജോനലുറുമ്പുകളാണ്‌ മറുപടി"...
ചുവന്ന പിരുപിരുത്ത ജോനലുറുമ്പുകൾ...
കറുപ്പ്‌ ചുവന്നു... 
അവ പെറ്റുപെരുകിക്കൊണ്ടേയിരുന്നു...
എണ്ണയിലെ മസാലയിൽ രുചി വറ്റാതെ നിന്നു..

ജോനലുറുമ്പുകളെത്തുരത്തി കടിയനുറുമ്പുകളെത്തി,
കഴപ്പനുറുമ്പുകൾ...
എണ്ണയിൽ നിന്നുമകന്നവറ്റകൾ എന്നിൽ തിരഞ്ഞുതുടങ്ങി..
ഇടയ്ക്കിടയ്ക്ക്‌ ദേഹത്ത്‌ തുളഞ്ഞ്‌ കയറുന്ന ശൗര്യം.

ഞാനെന്റെ അടുക്കളയ്ക്ക്‌ തീ വെച്ചു, 
മഞ്ഞ നാവുള്ള ചുവന്ന തീയ്‌..
അവ ഉറുമ്പുകളെ വിഴുങ്ങി
മസാലമണമുള്ള എണ്ണ ആളിക്കത്തി എന്റെ വീടും വിഴുങ്ങി.

ദേഹത്ത്‌ ശൗര്യം കാട്ടുന്ന കഴപ്പനുറുമ്പുകൾ..
മറ്റു മാർഗ്ഗമില്ല!...
ഞാനും സദാചാരം പറഞ്ഞു തുടങ്ങി...

Friday 21 February 2014

ആൾ ദൈവം..


ആദ്യം വഴിവക്കിൽ ഒരു നേരത്തെ വിശപ്പടക്കുവാൻ വഴി കാണാതെ നിന്നപ്പോൾ ഞാനവന്‌ ഭക്ഷണം വാങ്ങി നൽകി.
അവൻ പറഞ്ഞത്‌ ഞാൻ ദൈവമാണെന്നായിരുന്നു. അവന്റെ ദൈവം...

രണ്ടാം ദിനം അവൻ വിശന്നപ്പോൾ ഓടി വന്നത്‌ എന്റെയടുത്തേയ്ക്ക്‌ തന്നെയായിരുന്നു.
ഉള്ളതിൽ പാതി മോന്തി ചിറി തുടച്ച്‌ അവൻ ചിരിച്ചു; ദൈവത്തിന്റെ പങ്ക്‌ ദൈവത്തിനും സീസറിന്റേത്‌ സീസറിനും...
ഞാൻ അവനെ വിലക്കുവാൻ പോയില്ല...

മൂന്നാം ദിനം അവൻ വന്നത്‌ ആൾദൈവങ്ങളെ തിരഞ്ഞ്‌ പിടിച്ച്‌ വധിക്കുന്നവരുമായി കൂട്ടുകൂടിയായിരുന്നു..

ഇതാ ഒരു ആൾ ദൈവം... എന്നെച്ചൂണ്ടി അവൻ പിന്നിൽ നിന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു...
അങ്ങകലെയെവിടെയോ ഒരു കോഴി നീട്ടിക്കൂവുന്നുണ്ടായിരുന്നുവോ???

എന്റെ കുപ്പായം വലിച്ചു കീറി പിടിച്ചുകെട്ടുമ്പോൾ പിറകിൽ നിന്ന് അവന്റെ ശബ്ദം ഉയർന്നു കേൾക്കുന്നുണ്ടായിരുന്നു... .

നാം ദൈവമാകുന്നു.... അത്‌ നാം തന്നെയാകുന്നു...