Tuesday, 28 October 2014

സദാചാരം...


എന്റെ അടുക്കളയിൽ ഉറുമ്പുകൾ
കറുത്ത്‌ തടിച്ച്‌ കടിക്കാത്ത ഉറുമ്പുകൾ
വറുത്ത്‌ കോരിയ മസാലമണമുള്ള എണ്ണയിൽ -
ശകലങ്ങൾ തിരയുന്ന ഉറുമ്പുകൾ.

ഉറുമ്പു പൊടിയിൽ തിമർത്ത്‌ വീണ്ടുമവ 
പെറ്റുപെരുകിക്കൊണ്ടേയിരുന്നു...
ആരോ പറഞ്ഞു, "ജോനലുറുമ്പുകളാണ്‌ മറുപടി"...
ചുവന്ന പിരുപിരുത്ത ജോനലുറുമ്പുകൾ...
കറുപ്പ്‌ ചുവന്നു... 
അവ പെറ്റുപെരുകിക്കൊണ്ടേയിരുന്നു...
എണ്ണയിലെ മസാലയിൽ രുചി വറ്റാതെ നിന്നു..

ജോനലുറുമ്പുകളെത്തുരത്തി കടിയനുറുമ്പുകളെത്തി,
കഴപ്പനുറുമ്പുകൾ...
എണ്ണയിൽ നിന്നുമകന്നവറ്റകൾ എന്നിൽ തിരഞ്ഞുതുടങ്ങി..
ഇടയ്ക്കിടയ്ക്ക്‌ ദേഹത്ത്‌ തുളഞ്ഞ്‌ കയറുന്ന ശൗര്യം.

ഞാനെന്റെ അടുക്കളയ്ക്ക്‌ തീ വെച്ചു, 
മഞ്ഞ നാവുള്ള ചുവന്ന തീയ്‌..
അവ ഉറുമ്പുകളെ വിഴുങ്ങി
മസാലമണമുള്ള എണ്ണ ആളിക്കത്തി എന്റെ വീടും വിഴുങ്ങി.

ദേഹത്ത്‌ ശൗര്യം കാട്ടുന്ന കഴപ്പനുറുമ്പുകൾ..
മറ്റു മാർഗ്ഗമില്ല!...
ഞാനും സദാചാരം പറഞ്ഞു തുടങ്ങി...