Friday, 1 November 2013

"കുഞ്ഞൂഞ്ഞ്, കുഞ്ഞിമമ്മദ്, കുട്ടിച്ചാത്തൻ പിന്നൊരു കു ക്ലക്സ് ക്ലാനും "....



"കുഞ്ഞൂഞ്ഞിനുണ്ട് ‘കു’
കുഞ്ഞി മമ്മദിനുമുണ്ട് ‘കു’
കുട്ടിച്ചാത്തനുമുണ്ട് ‘കു’
കു ക്ലക്സ് ക്ലാനിലുമുണ്ട് ‘കു"

ഇരവിൻ മറയിൽ പതിയെയൊളിച്ചും;
ഉരുളൻ കല്ലുകൾ ഞോണ്ടിയെറിഞ്ഞും
കർമ്മം ചെയ്യും കുട്ടിച്ചാത്തനും,
മെമ്പർഷിപ്പിന് രണ്ടര രൂപാ..

കത്തും കുരിശാം അടയാളവുമായ്
നൃത്തം വെയ്ക്കും മറ്റൊരു കൂട്ടം
ട്രിഗറുകൾ തുപ്പും തീയിൽ കുരുതികൾ
ഹോബിയതാക്കിയ ഭീകര സംഘം.

പറയാതറിയില്ലെങ്കിൽ ഞാനിനി-
പ്പഴമ മണക്കും കാടുകൾ കയറാം;
മുൻവിധിയൂരിയെറിഞ്ഞിനി നിങ്ങൾ-
മന്തൻ കാലുകൾ നീട്ടിവലിച്ചും,
മഞ്ഞക്കണ്ണടയൂരിയെറിഞ്ഞും,
മിണ്ടാതെന്നുടെ പിന്നിൽ ചേരുക

കുഞ്ഞൂഞ്ഞിന്നുടെ,കുഞ്ഞി മുഹമ്മദിൻ,
കുട്ടിച്ചാത്തനിൽകു ക്ല്ക്സ് ക്ലാനിൻ-
പൊതുവെ കണ്ടൊരു 'കുവത് തേടാം.
തിരയുക നിന്നിൽ,എന്നിൽ,നമ്മിൽ
 
കാര്യം കാണാൻ കാലുകൾ തിരയും
'കുടിലതതന്നെ 'കുവത് വ്യക്തം..

"കുഞ്ഞൂഞ്ഞിനുണ്ട് ‘കു’
കുഞ്ഞി മമ്മദിനുമുണ്ട് ‘കു’
കുട്ടിച്ചാത്തനുമുണ്ട് ‘കു’
കു ക്ലക്സ് ക്ലാനിലുമുണ്ട് ‘കു"...


Thursday, 6 June 2013

ഒരു കറിക്കായ്...


കറിവെന്തിട്ടില്ലിതേവരെ
കറിവെന്തിട്ടില്ല തേവരേ
കറിവെന്തിട്ടില്ല ഇതുവരെ

കറിയായ് വേവാൻ വെന്തുരുകാൻ
കൊതിയുണ്ട് തേവരേ, പലകുറി.
നിലതെറ്റിപ്പായുന്ന വിലകേട്ട്, ഞെട്ടി,നടുങ്ങി-
പ്പൊതുജനം കഴുതകൾ പലയിടം പായുന്നു
ഞാനീക്കടയിലീ ചീക്കപ്പയറിൻറെയരികിലായ്
മേവുന്നു,വേകാൻ കൊതിച്ച്-രുചിയായ്
കരയുന്നൊരാപ്പൈതലിൻ രസനയിൽ പടരുവാൻ
കൊതിയുണ്ട് തേവരേ, പലകുറി.

കറിവേകാൻ പയറില്ല, മുളകില്ല, ഉപ്പില്ല
പര്യമ്പറത്തിൻറെ മൂലയിൽ നാമ്പിട്ട
കപ്പളത്തൈപോലും പണയം കൊടുത്തൊരാ
മലയാളി,മാറ്റമില്ലാത്തൊരു കൊലയാളീ....
നനയാത്തനാവിൻറെ നിലവിട്ട പൊള്ളലിൽ
പലവേള നിർത്തിയും, നിർത്താതെ നീറുന്ന
വിളിയുടെ മറുപടി ചിതറിത്തെറിക്കുന്നു

കറിവെന്തിട്ടില്ലിതുവരെ... 
കറിവെന്തിട്ടില്ലിതേവരേ...
കറിവെന്തിട്ടില്ല തേവരേ... 

                                                   (മഹാകവി സോമൻ) 

Tuesday, 12 February 2013

പിൻ കുറിപ്പ്



എഴുതിത്തുടങ്ങുവാനാവില്ലെനിക്കെൻറെ 
നഷ്ടസ്വത്വത്തിൻറെ നീറും സ്മരണകൾ..
പറയുവാനാവില്ലെനിക്കതിൻ ചിന്തകൾ
ഉരുകിത്തിളച്ചു പതഞ്ഞു പോവയാണെങ്കിലും..

കരയുവാനില്ല ഞാനിനി നിൻറെയോർമ്മകൾ
ബലിതർപ്പണം ചെയ്ത്, നിലാവിൻറെ വെളുപ്പിൽ
പുലരിതന്നുയിരിൽ, വസന്തത്തിൻ കുളിരിൽ
വിഹായസ്സിൻ വിരിവിൽപ്പറന്നുയരട്ടെ!

ഉരുകാതെയുരുകിയൊലിക്കട്ടെ ഇന്നു ഞാൻ
നഷ്ട് സ്വപ്നങ്ങളിൽ തളരാതെ, 
പിൻ വിളിയാം ചതിയിൽ മറക്കാതെ,
ഏകാന്ത യാത്രയിൽ കരയാതെ,
പകലോനായ്, ഇരവിൻറെ നാഭിച്ചുഴികളിൽ
പടരാതെ, തളരാതെ, ജനി തേടി വിടരുന്ന
പൂവിനും,വിരിയുന്ന നാമ്പിന്നുദ്യുതിയാ-
യുയിർത്തുകൊള്ളാം...


ഇനി യാത്ര... തമസ്സിൻറെയിരവിന്നുമപ്പുറം,
മൃതിയാം മായയ്ക്കുമവസാനം, പഥികനായ്
വഴിയമ്പലത്തിൻറെ തിണ്ണകൾ നിരങ്ങി,
വിഷപ്പുക ശ്വസിച്ച്, മറഞ്ഞൊരാ നിധി തേടി
അവസാനമില്ലാത്ത യാത്ര...
             

Tuesday, 18 December 2012

രക്തസാക്ഷി ?



കരഞ്ഞിരുന്നൊരെൻ കുരുന്നു ചെക്കനെ
കരുത്തരായവർ വിളിച്ചടുപ്പിച്ചു
വിശന്ന കുഞ്ഞിന് പഴവും പാലുമായ്-
വിയർത്തു വന്നൊരെൻ കരം ഗ്രഹിച്ചവർ-
പറഞ്ഞതിങ്ങനെ,
"തരിക ഞങ്ങൾക്കീ കരയും പൈതലെ,
വിശപ്പു മാറ്റി നാം അധികാരത്തിൻറെ-
സുവർണ്ണ ശ്രേണിയിൽ പ്രതിഷ്ടയാക്കീടാം,
പഴുത്തു മൂത്തൊരാ കനികളൊക്കെയും,
നിനക്കു മാത്രമായ് പറിച്ചു നൽകീടാം".

"കൊടുത്തു പോവരുതിവനെ നിന്നുടെ-
മിഴിക്ക് മുൻപിലിട്ടടക്കം ചെയ്തീടും,
കശാപ്പുകാരിവർതരമൊന്നെത്തിയാൽ-
കരുണയില്ലാതെ കഴുത്ത് വെട്ടീടും.
ബലിദാനത്തിൻറെ മഹത്വം ചൊല്ലിയോർ
നിനക്കു ചുറ്റുമായ് പ്രതിരോധം തീർക്കും"
വിവശയായ് നിന്നെൻ ഇടത്തു നെഞ്ചിലെ-
ഉറവ തൻ ശബ്ദം കരഞ്ഞു തുള്ളുന്നു.
നിഷേധ ഭാവത്തിൽ ശിരസ്സുമാട്ടി ഞാൻ-
ഇടതു നെഞ്ചിൻറെ വിലാപം പൂട്ടിച്ചു.
കരുത്തരായവർ കുരുന്നു പൈതലിൻ
കരം ഗ്രഹിച്ചുകൊണ്ടകന്നകന്നു പോയ്.
നനഞ്ഞ വിങ്ങലിൽ മിഴി കുതിർന്ന നാൾ
ഭരണ സാരഥ്യപ്പകൽക്കിനാവുകൾ-
എനിക്ക് കൂട്ടിനായ് വിരുന്ന് വന്നു പോയ്...

കഴിഞ്ഞ രാത്രിയിൽ നിണമണിഞ്ഞൊരാ-
മുഖവുമായൻറെയരികിൽ വന്നവൻ
മൊഴിഞ്ഞതിങ്ങനെ,
"നശിച്ച ലോകത്തിൽ വിലയ്ക്ക് വെച്ചൊരാ-
ഭരണസാരഥ്യം കൈയ്യടക്കിവെക്കുവോർ,
കരുത്തരായവർകശാപ്പുചെയ്യുവാൻ-
എനിക്ക് ചുറ്റുമായ് നടനമാടുന്നു...
ക്ഷമിക്ക,അമ്മേ നിൻ സുവർണ്ണ സ്വപ്നങ്ങൾ-
ഫലവത്താക്കുവാൻ ശ്രമിച്ചതില്ല ഞാൻ.
സഹോദരങ്ങളെ അറവ് ചെയ്തിടാൻ
മടിച്ച കുറ്റത്തിൽ വിധിക്കപ്പെട്ടുപോയ്
ബലിദാനത്തിനായ്പുതിയ കുഞ്ഞുങ്ങൾ
വിശപ്പ് മാറാതെ നിണമൊഴുക്കുവാൻ
പിറകിലുണ്ടമ്മേ,ഒളിച്ചു കൊള്ളട്ടേ നിൻ
മടിയിൽ മാത്ര ഞാൻനിരർഥകമെന്നറിയാമെങ്കിലും.
കരഞ്ഞ് തീർക്കുവാൻ സമയമില്ലെൻറെ
നിഷേധ ബാല്യം നീ തിരിച്ചു നൽകുക..
കരിഞ്ഞ ചിന്തയിൽ മധുരമൂട്ടുക,
തനിച്ച് പോകുവാൻ കരുത്ത് നൽകുക..
നിറഞ്ഞു വിങ്ങിയ മുലകളുണ്ടു ഞാൻ
ശിശുവായ് നിന്നുടെയരികിൽ നിൽക്കട്ടെ"

നിഴലുകൾ തമ്മിലുരസുമൊച്ചയും,
കലാപത്തിൻറെ അടഞ്ഞ ശബ്ദവും
പടിപ്പുരയ്ക്കൊപ്പം ഒഴുകിയെത്തുന്നു,
നിസ്സംഗ്ഗനായ് നിന്നെൻ മകൻ ചിരിക്കുന്നു
കൊലമരത്തിൻറെയരികിലെന്ന പോൽ...

നരച്ച മാത്രുത്വം വിറച്ചു വീഴുന്നു,
നിണമൊഴുകുന്ന കനൽ വഴികളിൽ... 

Wednesday, 12 December 2012

ആത്മരതി..



ഒരുമയിലൊരു കനവുണ്ട്, നിന്നെ-
പ്പിരിയാതെ കാണുന്ന കനവ്...
ഓർമ്മകളിലൊരു നനവുണ്ട്, നമ്മൾ
അറിയാതെ അകലുന്ന നനവ്..
വിടചൊല്ലിപ്പിരിയുന്ന നേരമായ്,
നീയെൻ മനസ്സിൻറെ ജാലകപ്പാളികളടയ്ക്കുക,
തിരികെപ്പറക്കുവാനാവാതെ ഞാനീ
കനവിൻറെ തീരത്തടിഞ്ഞുകൊള്ളട്ടെ!

മിഴികളിൽ നനവില്ല, പുകയുന്ന മനമല്ല
ഒഴിയാതെയൊഴുകുന്ന ഓർമ്മകൾ മാത്രം
പ്രിയനേ, പിരിഞ്ഞുവെന്നാകിലും നീയെൻറെ
മനമല്ലേ,മാറാത്തൊരോർമ്മയല്ലേ..

അവസാനയാത്രയായ്, ഞാനീപ്പടിയിലെൻ
പുണ്യവും പാപക്കറകളുമിറക്കിവെയ്ക്കെട്ടെ, 
ഇനി യാത്ര, തീരാത്ത വഴികളിൽ പഥികയായ്
സ്മരണയാം പാഥേയമില്ലാതെ, ഞാനിനി
ഇരവിൻറെയവസാനയാമങ്ങളിൽ നിൻറെ
മധുര സ്വപ്നങ്ങളിൽ നനവായ്, കുളിരായ്
തീരാത്ത മോഹമായൊരു വേള വന്നു നിൽക്കാം...

ഇത് ബലി, ആത്മ ബലി..
ഇത് നഷ്ടസ്വപ്നങ്ങളുടെ പിൻ മൊഴി
ഒരു പ്രണയ, മരണത്തിൻറെ പിൻ കുറിപ്പ്....

Saturday, 17 November 2012

സണ്ണി ലിയോണും ഗോപനും പിന്നെ കുറേ ഒളിസേവകളും..


പെണ്ണ് തുണിയുടുക്കാതിരുന്നാൽ ആഹാ!
ആണ് തുണിയുടുക്കാതിരുന്നാൽ ഏഹേ...
എന്തൊരു സാസ്കാരിക മൂല്യച്യുതി ?
എന്തൊരു കൾച്ചറൽ ഇൻറർകോഴ്സ്?
നഗ്നത പൂവ് പോലൊരു സൗന്ദര്യമല്ലേ?
പൂവ് തലയിൽ ചൂടാംസമ്മാനമാക്കാം
അനശ്വര പ്രണയത്തിനുംനിഷ്കളങ്കതയ്ക്കും
പൂവിലും വലിയ ഉപമയുമില്ല!
അല്ല പൂവ് ചെടിയുടെ ജനനേന്ദ്രിയമല്ലേ?
ഒരോർമ്മയുണ്ട്,.. പണ്ടേതോ പള്ളിയിൽ
ആന്തൂറിയത്തിന് ഊരുവിലക്ക് കൽപ്പിച്ചുവത്രേ..
ആന്തൂറിയപ്പൂവ് മനുഷ്യ ജനനേന്ദ്രിയത്തെപ്പോലെയത്രേ..
ഇടയലേഖനങ്ങളിൽ ഊരുവിലക്കുകൾ
സാംസ്കാരികസാമുഹിക പൈത്രുകമേ ലജ്ജിക്കുക.
ലിഗത്തെ പൂജിക്കുന്ന ക്ഷേത്രങ്ങളുള്ള എൻറെ നാട്ടിൽ
തുണിയുടുക്കാത്തത് ആഭാസം
രസനാവിലാസം നടത്തിയ മൂരാച്ചികൾ-
കുംഭമേളകൾ കാണാതിരിക്കട്ടെ..
നിയമസഭയിൽ മുണ്ട് പൊക്കിക്കാണിക്കുന്നതും,
പൊതു സ്ഥലങ്ങളിൽ മുണ്ടുരിയുന്നതും
വീരോചിതംദേശാഭിമാനം...
പൊതുസ്ഥലങ്ങളിൽ മൂത്രമൊഴിച്ചാൽ പിഴ
പണ്ട് മുലക്കരം നിയമമാക്കിയതിൻ തിരുശേഷിപ്പ്..
ആട്ടെഇരവിൻറെ മധ്യ യാമങ്ങളിൽ-
ജനലുകൾ ചാരി ഫാഷൻ ചാനൽ കാണാം..
റിയാലിറ്റി ഷോകളിലെ അല്പ വസ്ത്രധാരികളെ നമിച്ച്
മുഷ്ടി മൈഥുലനം നടത്താം...
സണ്ണി ലിയോണിനെ തലയിലേറ്റി നടക്കാം
പാവം ഗോപനെ കല്ലുമെറിയാം...
വിഭ്രാന്തിക്ക് കല്ലേറ്... പ്രദർശന രതിക്ക് പൂച്ചെണ്ട്..
സന്തോഷം... പെരുത്ത സന്തോഷം... 

 ത് ഭ്ഭൂ... ഒരു സാംസ്കാരിക പൈത്രുകം...

Thursday, 15 November 2012

ക്യൂ...





വ്യഭിചാരത്തിന് സമ്മതം നൽകാൻ ഊഴം കാത്തു നിൽക്കുന്നവരുടെ നിരയിൽ ഏറ്റവുമവസാനം ഞാനായിരുന്നു.
ചെറുപ്പത്തിൽ കഞ്ഞിക്ക് അരി വാങ്ങാൻ റേഷൻ കടയുടെ തിണ്ണയിൽ നിന്നപ്പോഴും,
പിന്നൊരുനാൾ ആശുപത്രി വരാന്തയിൽ ചീട്ടിനായി നിന്നപ്പോഴും,
ഒരായിരം തിരിച്ചറിയൽ കാർഡുകൾക്കായി നിന്നപ്പോഴും,
ജാതിസർട്ടിഫിക്കേറ്റ് പതിച്ചു നൽകാത്ത ഏമാൻറെ കൂലി നൽകാനുള്ള ക്യൂവിൽ നിന്നപ്പോഴും,
കണ്ണിലിരുട്ട് കയറിയ നാളിൽ മനസ്സമാധാനത്തിന് ബിവറേജ് ക്യൂവിൽ നിന്നപ്പോഴും
ഒന്നാമനായിത്തന്നെ നിന്ന് ജയിച്ച ഞാൻ ഇന്ന് ഈ ക്യൂവിൻറെ പിറകിലൊതുങ്ങിയോളിച്ചു.
ഇടതു കൈയിലെ നടുവിരലിൽ ജനാധിപത്യ ധ്വംസനത്തിൻറെ നീലിച്ച അടയാളം കാട്ടി
എൻറെ നായകൻ ടീവിയിൽ പറയുന്നു, പോവുക, പോയി ക്യൂ നിൽക്കുക..
ജനാധിപത്യം വളരട്ടെ, വിരിയട്ടെ, പടർന്ന് പന്തലിക്കട്ടെ...
കൊടിവെച്ച കാറിൽ പറന്നോരായേമാൻ വെളു വെളുക്കെച്ചിരിച്ചെൻ മുന്നിലെത്തിയോതി,
ശരിയാക്കാം ഞാനൊന്ന് കയറട്ടെ ഭ്ഭരിക്കുവാൻ..
ഇനിയും മരിക്കാത്ത പ്രത്യാശ മാത്രമായ്, വ്യഭിചാരക്കാരുടെ ശക്തി തെളിയിക്കാൻ
എന്നെയും നിന്നെയും നമ്മളെയാകയും വ്യഭിചാരിക്കാനുള്ള ശക്തി കൊടുക്കുവാൻ;
അനുവാദം നൽകുന്ന ക്യൂവിളാണിന്നു ഞാൻ.... വ്യഭിചരിക്കാനുള്ള സമ്മതം നൽകുവാൻ...


വ്യഭിചാരത്തിന് സമ്മതം നൽകാൻ ഊഴം കാത്തു നിൽക്കുന്നവരുടെ നിരയിൽ ഏറ്റവുമവസാനം  ഇന്നും ഞാൻ തന്നെയായിരുന്നു.