Saturday, 14 July 2012

ഫോര്‍വേഡഡ്‌"....!!""...



ഒരിക്കല്‍ ജാതി സര്‍ട്ടിഫിക്കേറ്റ്‌ കാട്ടി അവള്‍ അവനോട്‌ ചോദിച്ചു, 
"ഞാന്‍ ഫോര്‍വേഡഡാണ്‌, നിനക്കെന്നെ പ്രണയിച്ചു കൂടെ?"

 പാല്‍ പൊടിയുടെയും സൂചി ഗോതമ്പിന്‍റെയും വാസന തട്ടി നാസിക പുളഞ്ഞപ്പോള്‍ ഉള്ളില്‍ ചിരിച്ച്‌ അവന്‍ മൊഴിഞ്ഞു, 

"ഞാന്‍ ഫോര്‍വേഡഡല്ലല്ലോ?"

"സാരമില്ല,പ്രണയത്തിനെന്ത്‌ ജാതിയും മതവും?" അവള്‍ പ്രതിവചിച്ചു. 
"ഇനി ഇത്‌ വിവാഹത്തിലെത്തിയാല്‍ അന്ന്‌ നീ മതം മാറിയാല്‍ പോരേ?"

"അപ്പോള്‍ ഫോര്‍വേഡഡാകുമോ? അതൊരു അറിവാണല്ലോ, ഇന്നു വരെ ചിന്തിക്കാത്ത ഒരു മാര്‍ഗ്ഗം?" അവന്‍ മനസ്സില്‍ പിറുപിറുത്തു. 

തുടര്‍ന്ന്‌ അവന്‍ പാടത്ത്‌ പണിയുന്ന കോരനേയും ചേന്നനേയും ഫോര്‍വേഡഡാക്കി നാട്ടില്‍ പുത്തന്‍ വിപ്ളവ വിത്ത്‌ വിതച്ചു... 

മൂന്നാം ദിനം കോരന്‍റെ മകളും അവനോട്‌ ജാതി സര്‍ട്ടിഫിക്കേറ്റ്‌ കാട്ടി അതേ ചോദ്യം ചോദിച്ചു,...


 "ങള്‍ ക്കെന്നെ കെട്ടിക്കൂടെ, ഞങ്ങ ഫോര്‍വേഡഡാ"... 

ഓടി രക്ഷപെടാനൊരുങ്ങിയ അഭിനവ വിപ്ളവകാരിയെ നോക്കി അവള്‍ വിളിച്ചു പറഞ്ഞു കൊണ്ടേയിരുന്നു,,,

"നുമ്മളെപ്പണ്ട്‌ ഓര്‌ വന്ന്‌ മതം മാറ്റിയതാണപ്പാ... നുമ്മ നല്ല നമ്പൂരിമാരാര്‍"ന്നൂ"...

Wednesday, 20 June 2012

"ബലി"....



മഴയില്‍ക്കുളിര്‍ന്നലിയുന്നൊരെന്‍ മനസ്സിന്‍റെ-
നനയാത്ത, മായാത്ത സ്വപ്നങ്ങളാണ്‌ നീ...
മനസ്സില്‍ നിറയുന്ന സ്വാന്ത്വന വചസ്സുകള്‍
മായ്ക്കാത്ത, മഴതേടിയലയുന്ന വേഴാമ്പലാണ്‌ നീ...
ഇനിയും ചിരിക്കാത്തൊരെന്‍ പാദസ്വരങ്ങള്‍ തന്‍,
മധുരം കിനിയുന്ന സംഗീതമാണ്‌ നീ..

ഹാ! മരണമേ, വരികയെന്‍ മനസ്സിന്‍റെ വിങ്ങലില്‍-
കലി തുള്ളിയലറാതെ, കുളിരുള്ള തെന്നലായ്‌,
എന്നിലെ എന്നെയുരുക്കുന്ന നന്‍മ തന്‍
തെളിവായ്‌-വെളിവായ്‌ വരികയെന്നോമനേ...

മൃത്യു...... ഉണരാത്ത നിദ്രതന്‍ കൂട്ടുകാരന്‍
എന്‍  ലഹരിയിലുരുക്കുന്നൊരാത്മ തോഴന്‍...

മൌനമാം സൌഖ്യത്തിന്‍ കൂട്ടിലൊളിച്ചൊരു-
വഴിയറിയാത്തൊരു പക്ഷിയായിരുന്നു ഞാന്‍..
എന്നെച്ചിറകിന്‍ റെയടിയില്ലോളിപ്പിച്ചയമ്മതന്‍
ചേതനയ്ക്കപ്പുറം നിന്നു ഞാന്‍ തിരയുന്നു-
സഹചരാ.... മരണമേ, വരിക... കൈക്കൊള്ളുക..

ഇത്‌ ബലി... നിനക്കായെന്നാത്മ ബലി...

ഇതൊരര്‍ച്ചന... നിനക്കായെന്‍ രക്ത പുഷ്പാര്‍ച്ചന

Saturday, 16 June 2012

രാഷ്ട്രീയ വിളവെടുപ്പോ, ആത്മാര്‍ ത്ഥതയോ???







രാഷ്ട്രീയ വിളവെടുപ്പോ, ആത്മാര്‍ ത്ഥതയോ??? എനിക്കറിയില്ല.. പക്ഷെ ഒരു കാര്യം സത്യം... ജീവന്‍ കൊടുത്തും ഈ നെറികേട്‌ ഞങ്ങള്‍ എതിര്‍ക്കും.. വടവാതൂരിലെ മാലിന്യം എന്‍റെയും നിന്‍റെയും നമ്മുടെ അടുത്ത തലമുറയുടെയും സിരകളിലൂടെ സഞ്ചരിക്കെണ്ട...

Tuesday, 12 June 2012

കണക്കെന്ന മണ്ടന്‍ ശാസ്ത്രം..


വാര്‍ഷികപരീക്ഷകളില്‍ മാത്രം കണക്കിന്‌ ജയിച്ച്‌ പോന്നിരുന്ന ഒരു പാവം വിദ്യാര്‍ഥിയായിരുന്നു ഞാന്‍. എത്ര ഓണപ്പരീക്ഷകളിലും ക്രിസ്തുമസ്‌ പരീക്ഷകളിലും കണക്കിന്‌ തോറ്റ്‌ തൊപ്പിയിട്ട്‌ പ്രോഗ്രസ്‌ കാര്‍ഡ്‌ വീട്ടില്‍ കാണിച്ച്‌ ഒപ്പിടുവിക്കാനാവാതെ ക്ളാസില്‍ പോകാതിരുന്നിട്ടുണ്ട്‌ ഞാന്‍... 
എന്‍റെ  മൂത്ത സഹോദരനാവട്ടെ ഒരു ടിപ്പിക്കല്‍ കണക്കനും.... അവന്‌ ഫുള്ളില്‍ കുറഞ്ഞൊരു മാര്‍ക്കില്ല ഈ നശിച്ച കണക്കിന്‌. 


സ്കൂള്‍ കസര്‍ത്തുകള്‍ കഴിഞ്ഞ്‌ ഞാന്‍ ഫോര്‍ത്ത്‌ ഗ്രൂപ്പെടുത്ത്‌ പ്രീഡിഗ്രി ചെയ്തതിന്‍റെ ഉത്തരവാദിത്വവും കണക്കിനല്ലാതെ മറ്റാര്‍ക്കുമല്ല. അവിടെയും രക്ഷയില്ലെന്ന്‌ കണ്ട്‌ സൈക്കോളജിയില്‍ ബിരുദത്തിന്‌ ചേര്‍ന്നപ്പോള്‍ ദാ വരുന്നൂ നശിച്ചൊരു പ്രോബബിലിറ്റിം സ്റ്റാറ്റും... 
"പട പേടിച്ച്‌ പന്തളത്ത്‌ ചെന്നപ്പോള്‍ അവിടെ പന്തളം സുധാകരന്‍റെ ഗാനമേള".... 


"എ പ്ളസ്‌ ബി ദ ഹോള്‍ സ്ക്വേ്യര്‍ഡ്‌".... തേങ്ങാക്കൊല...


പ്രിയപ്പെട്ട കണക്കന്‍മാരേ, ഒരു കാര്യം പറയട്ടെ, ഭൂഗോളത്തിന്‍റെ സ്പന്ദനം കണക്കിലാണന്നല്ലേ വെയ്പ്പ്‌, പക്ഷേ... ഈ കണക്കെന്ന്‌ പറയുന്നത്‌ തന്നെ ഇമ്മിണി ബല്യ ഒരു മണ്ടന്‍ ശാസ്ത്രമല്ലേ??????


നെറ്റി ചുളിക്കേണ്ട, ഞാന്‍ തെളിയിക്കാം... 


"എന്‍റെ കൂട്ടുകാരന്‌ കണക്കിന്‌ 76ല്‍ 52 മാര്‍ക്ക്‌ കിട്ടി. എങ്കില്‍ അവന്‌ 90 ല്‍ എത്ര മാര്‍ക്കാവും കിട്ടിയിരിക്കുക???"...


"ഹ!, ചുമ്മാ വായിച്ചോണ്ടിരിക്കാതെ ഒന്ന്‌ ചെയ്ത്‌ നോക്കുവ്വാ"... 


"ഒരു പേനായും പേപ്പറുമെടുത്തേ".... 


"എടുത്തോ.... എന്തുവാഡേ താമസം".... 


"തപ്പീട്ട്‌ കാണുന്നില്ലേ????"...


"ഹും! ..... ശരി, ഇബിഡെ ബാ"... 


"ഞാന്‍ പറയുന്നത്‌ പോലെ എഴുത്‌"... 


"76ല്‍ അവന്‍ കിട്ടിയത്‌ 52 മാര്‍ക്ക്‌... അപ്പോ 90ല്‍ എത കിട്ടും?"... 
"എന്തുവാഡേ മുഖത്തൊരു പുഛ ഭാവം?"...
 68.42%... 
"ഉവ്വാ.... അതെനിക്കറിയാം.. അതായിത്‌ 52 ഭാഗം 76 ഗുണം 100... ല്ലേ"... 


"ശരി... 
നിങ്ങള്‍ഡെ കണക്ക്‌ പ്രകാരം ഓന്‌ 90ല്‍ എത്ര മാര്‍ക്കാവും കിട്ടുക??
76 ല്ല്യേ.... സമ്മതിച്ചു"... 


"ഇനി പറ 76 എന്ന സംഖ്യ 90 ന്‍റെ എത്ര ശതമാനമാണ്‌???"


"ചിരിക്കെണ്ടെഡോ... അത്‌ എന്തായാലും 68.42% അല്ല"... 


"സംശയമുണ്ടേല്‍ ചെയ്ത്‌ നോക്ക്‌ മച്ചൂ... 76ഭാഗം 90 ഗുണം 100"... 


"മ്മ്‌..... ഇമ്മിണി കഷ്ടപ്പെടും.. അതിന്‍റെ ഉത്തരം 84.44% ആണെഡോ.... 
എങ്ങനെയൊണ്ട്‌, നെന്‍റെ കണക്കിണ്റ്റെ ഗുണം???" 


"ഒന്നു ചുരുക്കിപ്പറഞ്ഞാല്‍ 90ന്‍റെ 68.42% ആണ്‌ 76. പക്ഷേ,
76 എന്നത്‌ 90ന്‍റെ 84.44% വും"... 


"ഒറ്റ സംഗ്രഹം മാത്രമേയുള്ളൂ"... 


"ഡോ ചാക്കോ മാഷേ,,,,,, കൊണ്ട്‌ അറബിക്കടലിലൊഴുക്കഡോ തന്‍റെ ഭൂഗോളത്തിന്‍റെ സ്പന്ദനം".... 


"ഹേയ്‌!... പ്രൈമറി ക്ളാസു മുതല്‍ എന്‍റെ പ്രോഗ്രസ്‌ കാര്‍ഡ്‌ ഒളിപ്പിച്ച്‌ വെയ്പ്പിച്ച കണക്കേ.... 
പോയി ചാക്‌...... ചാക്‌,,,,,, 
ചത്ത്‌ തുലയ്‌.... ഹായ്‌ ഹായ്‌"....

Friday, 1 June 2012

ഒരു പെണ്ണിനെ സ്നേഹിക്കുകയെന്നാല്‍..... സച്ചിതാനന്ദന്‍ പറയാന്‍ മറന്ന വശം....




ഒരു പെണ്ണിനെ സ്നേഹിക്കയെന്നാല്‍.... 
നിണ്റ്റെ സ്വത്വബോധത്തിണ്റ്റെ നേരറിവുകള്‍ക്ക്‌, അവയുടെ അന്വേഷണങ്ങള്‍ക്ക്‌ ബലിതര്‍പ്പണം നടത്തുക എന്നതാണ്‌... 


ഒരു പെണ്ണിനെ സ്നേഹിക്കയെന്നാല്‍.... പ്രതീക്ഷയുടെ പ്രഭാത സൂര്യ കിരണങ്ങളെ ഗര്‍ഭഛിദ്രം ചെയ്ത്‌, ഒരിക്കലും പിറക്കാത്ത പൂര്‍ണ്ണ ചന്ദ്രനെ സ്വപ്നം കണ്ടിരിക്കുക എന്നതാണ്‌... 


ഒരു പെണ്ണിനെ സ്നേഹിക്കുകയെന്നാല്‍... സ്വാതന്ത്ര്യത്തിണ്റ്റെ മധുരത്തില്‍ നിന്ന്, പാരതന്ത്ര്യത്തിണ്റ്റെ ചങ്ങലകളിലേയ്ക്ക്‌ പലായനം ചെയ്യുക എന്നതാണ്‌... 


ഒരു പെണ്ണിനെ സ്നേഹിക്കുകയെന്നാല്‍... ആത്മാവിഷ്കാരത്തിണ്റ്റെ, പുരോഗമനത്തിണ്റ്റെ, സാമൂഹ്യ ബോധത്തിണ്റ്റെ.... പിന്നെ നിന്നെ മുന്നോട്ട്‌ നയിക്കുന്ന എല്ലാ നന്‍മകളുടെയും ഭ്രൂണത്തിന്‌ ഒപ്പീസ്സ്‌ ചൊല്ലുക എന്നതാണ്‌...

Thursday, 10 May 2012

ഞങ്ങള്‍ ദേശാടനക്കിളികളായിരുന്നു..
ഭൂമിയിലെ ദേശാടനക്കിളികള്‍...
ഇന്നലെ മുതല്‍ ഞാന്‍ അവളോടൊപ്പം യാത്ര തുടങ്ങി-
സ്വപ്നങ്ങളുടെ ലോകത്തേയ്ക്ക്‌...
പ്രലോഭനങ്ങളുടേയും, വിലപേശലുകളുടെയും ഏഴ്‌ കവാടങ്ങള്‍...
അവ കടന്നു വേണം ഞങ്ങള്‍ക്ക്‌ സ്വപ്നലോകത്തെത്തുവാന്‍..
ഒന്നാം കവാടത്തില്‍ പതുങ്ങി നിന്ന സദാചാരത്തിണ്റ്റെ മാലാഖ ഞങ്ങളോട്‌ വേര്‍പിരിയലിണ്റ്റെ സ്വാതന്ത്യ്രത്തെക്കുറിച്ച്‌ പറഞ്ഞു...
ഉച്ചത്തില്‍ ചിറകിട്ടടിച്ച്‌ അവള്‍ അത്‌ നിഷേധിച്ചു...
സത്യം പറയട്ടേ, എനിക്കത്‌ അനുഭവിക്കണമെന്നുണ്ടായിരുന്നു...
വളരെ തീവ്രമായി...
സ്വപ്നലോകത്തിണ്റ്റെ രണ്ടാം കവാടത്തിലെ ബന്ധങ്ങളുടെ മാലാഖ വിലപേശിയത്‌ ബന്ധങ്ങളുടെ കെട്ടുപാടുകള്‍ കാട്ടിയായിരുന്നു...
എനിക്ക്‌ തിരികെ പറക്കണമെന്നുണ്ടായിരുന്നു....
പക്ഷേ, കണ്ണീരിണ്റ്റെ ഉപ്പുരസം കാട്ടി അവള്‍ എനിക്കതും നിഷേധിച്ചു...
മൂന്നാമത്തെ കവാടത്തിലെ മാലാഖ മതത്തിണ്റ്റെ, വൈജാത്യമുയര്‍ത്തിയും,നാലാമത്തെ കവാടത്തിലെ മാലാഖ കുലത്തിണ്റ്റെ മാനമുയര്‍ത്തിയും ഞങ്ങളെ വെല്ലുവിളിച്ചു...
ഞങ്ങള്‍ക്ക്‌ പിരിയെണമെന്നുണ്ടായിരുന്നില്ല....
അഞ്ചാം കവാടത്തിലെ ചെകുത്താന്‍ പ്രലോഭങ്ങളുടെ ഭാണ്ഠമഴിച്ചും,ആറാം കവാടത്തിലെ ചെകുത്താന്‍ വേദമോതിയും ഞങ്ങളെ പിന്നിലേയ്ക്ക്‌ വലിച്ചു...
പ്രലോഭനങ്ങളുടെ ആറ്‌ കവാടങ്ങള്‍ കഴിഞ്ഞപ്പോളേയ്ക്കും ഞാന്‍ പൂര്‍ണ്ണമായും അവളില്‍ അനുരക്തയായിക്കഴിഞ്ഞിരുന്നു.
ഏഴാം കവാടത്തിലെ പുരോഹിതന്‍ ഞങ്ങളെക്കാട്ടിയത്‌ സ്വര്‍ഗ്ഗത്തെയും,നഷ്ടത്തെ മറക്കുവാന്‍ പഠിപ്പിക്കുന്ന, വില്‍പ്പനയ്ക്ക്‌ വെച്ചിരിക്കുന്ന, ചരടില്‍ ജപിച്ചെടുത്ത ദൈവത്തെയുമാണ്‌... മാര്‍ക്സിണ്റ്റെ ദൈവത്തെ മനസ്സിലാവാഹിച്ച ഞാന്‍ അതും കടന്ന്‌ പറക്കുവാനോരുങ്ങിയപ്പോള്‍ അവള്‍ എന്നെക്കാക്കാതെ സ്വര്‍ഗ്ഗത്തിണ്റ്റെ മധുരത്തിലേയ്ക്ക്‌ പറന്നകന്നു...
സ്വപ്നത്തിണ്റ്റെ ഏഴാം കവാടം കടക്കാനാവാത്ത എന്നെ മാലാഖമാരും ചെകുത്താന്‍മാരും പുരോഹിതന്‍മാരും ആട്ടിയോടിച്ചു...
തിരികെപ്പറക്കുവാനറിയാതെ, ചിറകു കുഴഞ്ഞ്‌ ഞാന്‍ വീണത്‌ നരകത്തിലേയ്ക്കായിരുന്നു... സ്വപ്നങ്ങളും, സ്വര്‍ഗവും, പ്രണയവുമില്ലാത്ത നരകത്തിലേയ്ക്ക്‌...
എണ്റ്റെ തലയ്ക്ക്‌ മുകളിലൂടെ, വളരെ ഉയരത്തില്‍ അപ്പോഴും ഒരുപാട്‌ ദേശാടനക്കിളികള്‍ പറന്നു പോകുന്നുണ്ടായിരുന്നു... പ്രണയമാകുന്ന സ്വപ്നലോകവും തേടി...

Monday, 2 April 2012


 ''എനിക്കുമുണ്ടെടാ ജന്‍മം തന്ന ഒരാള്‌"''


അയ്യപ്പാ... 
ന്തേയ്‌?.... 
നെണ്റ്റെ വീട്ടിലെന്താരുന്നെടേയ്‌ ഇന്നലെയൊരു ആള്‍ക്കൂട്ടം?
ഏയ്‌... ഒന്നൂല്ല.. 
പറയെടാ... പന്തലും, സദ്യേമൊക്കെയൊണ്ടാരുന്നല്ലോ... 
ഒന്നൂല്ലെടാ... 
ഓഹോ... നീയൊക്കെ ബല്യ പുള്ളിയായല്ലേ... വീട്ടിലൊരു പരിപാടി വെച്ചാ വിളിക്കാത്തതോ പോട്ടെ.. എന്താണെന്നൂടി പറയൂല്ലല്ലേ... 
ഡാ ഗോവീ... നീ പെണങ്ങാതെ... അങ്ങനെ പറയത്തക്ക വിശേഷമൊന്നുമില്ലാരുന്നു.. 
എന്നാലും നെണ്റ്റെ അടുത്ത കൂട്ടുകാരനല്ലേ ഞാന്‍.... ഇങ്ങനെ വിളിക്കതേം പറയാതേമിരുന്നാലോ?ആട്ടെ, യ്യ്‌ പറ... ന്തായിരുന്നു വിശേഷം?
അപ്പണ്റ്റെ ചാത്തമാരുന്നെടാ... നീയൊന്നു ക്ഷെമി... അങ്ങനെയാരേം വിളിച്ചിരുന്നില്ല...
 ........ 
.......... 
............ 
കൊള്ളാടാ.... യ്യ്‌ കൊള്ളാം.... 5 വര്‍ഷം മുന്‍പ്‌ അപ്പന്‍ മരിച്ചപ്പോഞ്ഞങ്ങളൊക്കേ വേണാരുന്നു... ഇപ്പോ അപ്പണ്റ്റെ ചാത്തം വന്നപ്പോ വേണ്ടാണ്ടായി... ല്ലേ... നന്നായെടാ... അയ്യപ്പാ,നന്നായി...
 -------------------
ഗോവീ.... 
വേണ്ട... യ്യ്‌ ഒന്നും പറയെണ്ടാ... നിക്കും അവസരം വരും... എനിക്കുമുണ്ടെടാ അപ്പനും അമ്മേമൊക്കെ... കാണിച്ചു തരാം നെന്നെ... ഗോവ്വീ... 
യ്യ്‌ നിന്നേ... പറയെട്ടെ... അയ്യപ്പന്‍ തടഞ്ഞു.. 
വഴി മാറ്‌ അയ്യപ്പാ... അപ്പനു മരുന്നു വാങ്ങണം... 
അയ്യപ്പണ്റ്റെ കൈ തട്ടിമാറ്റി ഗോപി നടന്നകന്നു, ചാത്തം വിളിക്കാത്ത കെറുവോടെ... അയാളുടെ മനസ്സ്‌ മന്ത്രിച്ചുകൊണ്ടേയിരുന്നു...
 ''എനിക്കുമുണ്ടെടാ ജന്‍മം തന്ന ഒരാള്‌"''