Showing posts with label jesus christ. Show all posts
Showing posts with label jesus christ. Show all posts

Tuesday, 7 February 2012

വിലയ്ക്കെടുക്കപ്പെടുന്ന മനുഷ്യ മനസ്സുകൾ...


രാഷ്ട്രീയം മുതൽ മതം വരെയുള്ള ദൂരമെന്താണ്‌? ഏത് അളവുകോലുകൊണ്ട് അത്‌ അളന്നെടുക്കുവാനാകും? 




സമകാലീന സംഭവങ്ങളാണ്‌ യഥാർഥത്തിൽ എന്നിൽ ഇങ്ങനെയൊരു ചിന്തയുടെ വിത്ത് പാകിയൊരുക്കിയത്... ഇന്ന് ഒരുപക്ഷേ പ്രബുദ്ധകേരളം ഏറ്റവും കൂടുതലായി ചർച്ച ചെയ്യുന്ന കാര്യം പോസ്റ്റർ വിവാദമായിരിക്കും... കഴിഞ്ഞ കുറേ ദിവസങ്ങളായി മുല്ലപ്പെരിയാറിനേയും,കൂടംകുളത്തേയുമെല്ലാം നമ്മുടെ പ്രജ്ഞയിൽ നിന്ന് ആട്ടിയകറ്റിക്കളഞ്ഞിരിക്കുന്നു. അത്ര മാത്രമുണ്ട് മത കാര്യങ്ങളിൽ മലയാളിയുടെ സെൻസിറ്റിവിറ്റി. 


സെൻസേഷന്റെ മൊത്തക്കച്ചവടക്കാരാൽ ഊതി വീർപ്പിച്ചെടുത്ത ഒരു വലിയ സോപ്പ് കുമിള മാത്രമാണ്‌ പോസ്റ്റർ വിവാദം. അതിൽ ഏറ്റവും വലിയ പങ്ക് മനോരമ എന്ന ടോയ്‌ലറ്റ് ഷീറ്റിന്റെ കച്ചവട തന്ത്രങ്ങൾക്ക് ഡെഡിക്കേറ്റ് ചെയ്യേണ്ടിയിരിക്കുന്നു. 
ഒരാഴ്ചയോളം കരുതി,കാത്തുവെച്ച ഈ മതത്തിൽ മുക്കിയ കാളകൂടവിഷം മലയാളിയുടെ മനസ്സിലേക്ക് കുത്തിവെച്ച സമയവും കിറു കൃത്യം... ഇവിടെ ആരാധനാലയങ്ങളുടെ ദിവ്യബലിപീഢങ്ങളിലേക്ക് മനപ്പൂർവ്വം ഈ വിഷം പകർന്നു നല്കുകയായിരുന്നുവെന്ന് വ്യക്തം... എന്തിന്‌, ആർക്കുവേണ്ടി എന്ന് ചിന്തിക്കുവാൻ മറന്ന വിശ്വാസികളും മതത്തിന്റെ ദല്ലാളുകളും കൂടി പൊലിപ്പിച്ച ഈ വിവാദത്തിന്റെ യഥാർഥ ഉദ്ദേശം എന്തായിരുന്നുവെന്ന് നാം ചിന്തിക്കേണ്ടതല്ലേ??? 


വരുന്ന പിറവം ഇലക്ഷൻ മുന്നിൽ ക്കണ്ട് ആസൂത്രണം ചെയ്ത ഈ ജുഗുപ്ത്സാവഹമായ വിളവെടുപ്പിന്റെ ഗുണഭോക്താക്കൾ ആരായിരിക്കുമെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു... 


ഇപ്പറഞ്ഞതിന്റെ അർത്ഥം സി.പി.എമ്മിന്റെ സമ്മേളന നഗരിയിൽ തിരുവത്താഴത്തിന്റെ ചിത്രത്തിനെ അപഹസിച്ചത് ന്യായീകരണമർഹിക്കുന്നതാണ്‌ എന്നതല്ല, അതൊരിക്കലും അങ്ങനെയാവരുത് താനും... 


ഡാവിഞ്ചി വരച്ച ഈ ചിത്രത്തെ എന്നുമുതലാണ്‌ വിശ്വാസികൾ ഏറ്റെടുത്തതെന്നും, അവർക്ക് മാത്രമായി പങ്കു വെച്ചതെന്നും ചരിത്രം പറഞ്ഞുതരും... പങ്കു വെക്കലിന്റെ രാഷ്ട്രീയം എന്തുമാവട്ടെ,ഏതുമാവട്ടെ ആ ചിത്രത്തെ സ്വത്വമായി കരുതുന്ന മത ചിന്തകൾ മാറേണ്ട, മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു... 


ജോത്സ്യന്മാരും, പാതിരിമാരും, മൊല്ലാക്കമാരും മനുഷ്യമനസ്സിന്റെ വികല ചിന്തകളെയും അതിനോടനുബന്ധിച്ച ന്യൂറോസിസിനെയും ചികിത്സിക്കുന്ന കാഴ്ചകൾ ഇന്ന് സാക്ഷര കേരളത്തിൽ സമൃദ്ധമാണ്‌. 


ഇന്ന് സാധാരണക്കാരൻ തുടങ്ങി, സമൂഹത്തിന്റെ ഏത് വിഭാഗത്തിൽ പ്പെടുന്നവരായാലും തങ്ങളിലെ മാനസിക, വ്യക്തിത്വ വൈകല്യങ്ങൾക്കായി ചികിത്സതേടിയെത്തുന്നത് ഈ ദല്ലാളുമാർക്കിടയിലേയ്ക്കല്ലേ, ഇവരാകട്ടെ ദൈവത്തെ ഏലസുകളിലും, ചരടുകളിലും,മാലയിലും, മോതിരത്തിലുമൊക്കെയാക്കി ചില്ലറക്കച്ചവടം നടത്തുകയും ചെയ്യുന്നു...പ്രബുദ്ധകേരളം ഇന്നും തങ്ങളുടെ ചിന്തകൾക്കൊണ്ട് 100 വർഷം പിറകിലാവുകയല്ലേ??? 


ശാരീരിക രോഗങ്ങളുടെ ലക്ഷണങ്ങൾക്കാണുമ്പോൾത്തന്നെ ആശുപത്രികളിലേയ്ക്കോടുന്ന നാം മാനസിക വൈകല്യങ്ങളും, രോഗങ്ങളും മൂർച്ഛിച്ച് ചങ്ങലക്കിടുന്ന ഘട്ടത്തിൽ പ്പോലും അവശ്യസഹായം തേടുവാൻ മടിക്കുന്നു. ഇനി മറ്റൊരു നിവൃത്തിയുമില്ലെങ്കിൽ ആദ്യമോടുന്നതും മേല്പ്പറഞ്ഞ ദല്ലാളുമാരുടെ അടുത്തേയ്ക്ക് തന്നെ... അവർ കവടി നിരത്തിയും, ധ്യാനിച്ചും, ധ്യാനം കൂടിച്ചും പരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിച്ച് നല്കുന്നു... നാമതിൽ തൃപ്തരായി മടങ്ങുന്നു... എന്തൊരു വൈപരീത്യം??? 


ഫേയ്സ് ബുക്കിൽ ഒരു സുഹൃത്ത് ചോദിച്ചിരിക്കുന്നു, ഇങ്ങനെ പോസ്റ്ററടിച്ചതിന്‌ ദൈവം ഇവരോട് ക്ഷമിക്കുമോ എന്ന്??? 
ഉത്തരം വളരെ ലളിതം....സിസ്റ്റർ അഭയയോട് ചെയ്തതിനെയും,പല നെക്രോഫീലിയക്കാരോടുമെല്ലാം ദൈവം ക്ഷമിച്ചില്ലേ.... അതിന്റെയൊക്കെ മുൻപിൽ ഇതൊക്കെ എത്ര നിസ്സാരം.... 

ഈ ചിന്തകളുടെ ഉദ്ദേശം മതനിന്ദയോ, മതവികാരത്തെ വ്രണപ്പെടുത്തുകയോ അല്ല മറിച്ച് മതത്തിലും, മനുഷ്യ മനസ്സുകളിലും പറ്റിപ്പിടിച്ചിരിക്കുന്ന കറുപ്പിനെ കഴുകിക്കളയുക എന്നതാണ്‌... ദയവായി ഇതിന്‌ മത നിഷേധത്തിന്റെ നിറം നല്കാതിരിക്കുക... 

വാല്ക്കഷണം- പോസ്റ്റർ വിവാദത്തിൽ വിശ്വാസികൾ കാണിച്ച വീര്യത്തിന്റെ ഒരംശമെങ്കിലും അഭയ കേസിൽ കാണിച്ചെരുന്നെങ്കിൽ വലിയൊരു പാപക്കറ കഴുകിക്കളഞ്ഞ് നമ്മുടെ മനസ്സുകളെ ശുദ്ധീകരിക്കാമായിരുന്നു.... 

Saturday, 4 February 2012

രക്തസാക്ഷികളിലെ രക്തസാക്ഷി...


ഇവിടെ സർവ്വത്ര ചോരച്ചുവപ്പുമയം... കൊടികൾ, തോരണങ്ങൾ, ചുവന്ന നിറത്തിൽ ആലേപനം ചെയ്തിരിക്കുന്ന രക്തസാക്ഷികളുടെ ഓർമ്മക്കുറിപ്പുകൾ... 
തൊഴിലാളിപ്പാർട്ടിയുടെ സമ്മേളനമാണ്‌... വയലാറിന്റെ വിപ്ലവഗാനങ്ങൾ ഇന്നും സജീവം, സുസജ്ജം... കടപ്പാട് പാർട്ടിയോട് മാത്രം... 


അങ്ങകലെ നിന്നും ഇളകിയെത്തുന്ന മഹാ മനുഷ്യ സാഗരം... ആ ചെങ്കടൽ അലയടിക്കുന്ന മുദ്രാവാക്യങ്ങളുമായി എന്നെക്കടന്നുപോയി.... 


“ചോരച്ചാലുകൾ നീന്തിക്കയറിയ, മരണത്തിന്റെ മുഖത്ത് ചവിട്ടിയ,തൂക്കുമരങ്ങളിൽ ഊഞ്ഞാലാടിയ ധീരന്മാരുടെ പ്രസ്ഥാനം”.... മുദ്രാവാക്യങ്ങൾ ഇപ്പോഴും  കടന്നുപോവാതെ എങ്ങനെയോ മനസ്സിനുള്ളിൽ കയറിക്കൂടി പ്രകമ്പനം കൊള്ളിച്ചുകൊണ്ടേയിരുന്നു.... 


മഹാജാഥ നിശ്ചലമായിത്തുടങ്ങി.... അകത്ത് മൈക്രോഫോണിൽ മുരടനക്കുന്ന ശബ്ദം... 
"കയ്യൂരിന്റെ, പുന്നപ്ര-വയലാറിന്റെ മക്കളേ"... മുതിർന്ന സഖാവ് വാക്കുകളിലൂടെ അണികളെ കോരിത്തരിപ്പിക്കുവാനോരുങ്ങുന്നു... 


നഗരിയിൽ പതിപ്പിച്ചിരിക്കുന്ന ക്രൂശിത രൂപം, ആ ജൂതരുടെ രാജാവ് എന്നെ തുറിച്ചുനോക്കിക്കൊണ്ടിരുന്നു... കുള്ളന്മാർക്കിടയിലെത്തിയ ഗള്ളിവറിനേപ്പോലെ... 


സഖാവ് പറഞ്ഞവസാനിപ്പിക്കുന്നു... "അങ്ങനെ വിപ്ലവകാരികളെത്തിരഞ്ഞാൽ ചരിത്രത്തിൽ നിന്നും, എന്തിന്‌ മതഗ്രന്ഥങ്ങളിൽ നിന്നുപോലും നമുക്ക് അവരെ പരിചയപ്പെടാം... അതിന്‌ ഉത്തമോദാഹരണമാണ്‌ യേശുദേവൻ... ആദ്യത്തെ വിപ്ലവകാരി... അടിച്ചമത്തപ്പെട്ടവന്‌ വേണ്ടി ശബ്ദമുയർത്തിയ ആദ്യ മനുഷ്യരിലൊരാൾ... ആ മഹത് സ്മരണയ്ക്ക് മുൻപിൽ രക്താഞ്ജലികളർപ്പിച്ച്  നിർത്തട്ടെ.... ഈക്വിലാബ് സിന്ദാബാദ്"... 


ഹർഷാരവങ്ങൾക്ക് ശക്തികുറഞ്ഞപ്പോൾ ചുവന്ന കസേരകൾക്കിടയിൽ നിന്നും വിപ്ളവം കലർന്ന ചോദ്യമുയർന്നു... “ സഖാവേ, യേശുവാണ്‌ ആദ്യ വിപ്ലവകാരിയെങ്കിൽ ആരായിരിക്കും ആദ്യത്തെ രക്തസാക്ഷി?”... 


നേതാവ് വിയർത്ത്... വിളറി... കിതച്ചു..... അത്.... അത്.... ചർച്ചയിൽ ഉന്നയിക്കാം.... 


കൊമേർസ്യൽ ബ്രേയ്ക്കിൽ കട്ടൻ  ചായയ്ക്കും പരിപ്പുവടയ്ക്കും പകരം പുതുതായി സ്ഥാനം പിടിച്ച ബർഗറുകളും ഇളനീരും... സ്വദേശി വിദേശി മിശ്രണത്തിന്റെ ഉത്തമ സങ്കലനം .... 


സഖാവ് ബർഗറുപേക്ഷിച്ച് ലൈബ്രറിയിലേയ്ക്കോടി.... ഇടുങ്ങിയ കറുത്ത റാക്കുകളിലെ പൊടി പിടിച്ചവശരായ ദാസ് ക്യാപ്പിറ്റലും, മാനിഫെസ്റ്റോയും പ്രതീക്ഷയോടെ അയാളെ നോക്കി... 
സഖാവ് പുത്തൻ റാക്കുകളിലെ ഖുർ-ആനും, ബൈബിളും, ഗീതയും ആവേശപൂർവ്വം മറിച്ചുകൊണ്ടേയിരുന്നു... 


“യൂറേക്കാ”.... അജ്ഞതയുടെ നഗ്നതയെ മറികടന്ന അഭിനവ ആർക്കമെഡീസ് സമ്മേളന നഗരിയിലേയ്ക്കോടി... 


“ഏകലവ്യൻ.... സഖാവ് ഏകലവ്യനാണ്‌ ആദ്യരക്തസാക്ഷി... ദ്രോണർ എന്ന സ്വജനപക്ഷപാതിത്വത്തിൽ അന്ധനായ ഗുരുവിന്റെ കുടിലതയിൽ പെരുവിരൽ നഷ്ടപ്പെട്ട ഏകലവ്യൻ”..... “ചരിത്രത്തിലെ ആദ്യ വർഗ്ഗീയ ഫാസിസ്റ്റായ ദ്രോണർ”..... 


ഒന്നിനെതിരെ രണ്ട് ഉത്തരങ്ങളുമായി സഖാവ് തിളങ്ങി... 

അണികൾ ഏറ്റുപാടി.... 
“ഇല്ലാ... ഇല്ല മരിക്കില്ല... ഏകലവ്യൻ മരിക്കില്ല.... 
ജീവിക്കുന്നവൻ ഞങ്ങളിലൂടെ, ഞങ്ങളിലൊഴുകും ചോരയിലൂടെ”.... 

പുറത്ത് കവിതാശകലങ്ങൾ അപ്പോഴും ഒഴുകിക്കൊണ്ടേയിരുന്നു... 


“ഒരിടത്തവന്നുപേർ ചെഗ്ഗ്വേരയെന്നെങ്കിൽ, ഒരിടത്തവന്നു ഭഗത്സിങ്ങ്  പേർ... 

ഒരിടത്തവൻ യേശു ദേവനെന്നാണ്‌, വേറൊരിടത്തവന്ന് മഹാഗാന്ധി പേർ... 
രക്തസാക്ഷി... നീ മഹാ പർവ്വതം , കണ്ണിനെത്താത്ത ദൂരത്തുയർന്നു നില്ക്കുന്നു നീ”....