Saturday, 4 February 2012

രക്തസാക്ഷികളിലെ രക്തസാക്ഷി...


ഇവിടെ സർവ്വത്ര ചോരച്ചുവപ്പുമയം... കൊടികൾ, തോരണങ്ങൾ, ചുവന്ന നിറത്തിൽ ആലേപനം ചെയ്തിരിക്കുന്ന രക്തസാക്ഷികളുടെ ഓർമ്മക്കുറിപ്പുകൾ... 
തൊഴിലാളിപ്പാർട്ടിയുടെ സമ്മേളനമാണ്‌... വയലാറിന്റെ വിപ്ലവഗാനങ്ങൾ ഇന്നും സജീവം, സുസജ്ജം... കടപ്പാട് പാർട്ടിയോട് മാത്രം... 


അങ്ങകലെ നിന്നും ഇളകിയെത്തുന്ന മഹാ മനുഷ്യ സാഗരം... ആ ചെങ്കടൽ അലയടിക്കുന്ന മുദ്രാവാക്യങ്ങളുമായി എന്നെക്കടന്നുപോയി.... 


“ചോരച്ചാലുകൾ നീന്തിക്കയറിയ, മരണത്തിന്റെ മുഖത്ത് ചവിട്ടിയ,തൂക്കുമരങ്ങളിൽ ഊഞ്ഞാലാടിയ ധീരന്മാരുടെ പ്രസ്ഥാനം”.... മുദ്രാവാക്യങ്ങൾ ഇപ്പോഴും  കടന്നുപോവാതെ എങ്ങനെയോ മനസ്സിനുള്ളിൽ കയറിക്കൂടി പ്രകമ്പനം കൊള്ളിച്ചുകൊണ്ടേയിരുന്നു.... 


മഹാജാഥ നിശ്ചലമായിത്തുടങ്ങി.... അകത്ത് മൈക്രോഫോണിൽ മുരടനക്കുന്ന ശബ്ദം... 
"കയ്യൂരിന്റെ, പുന്നപ്ര-വയലാറിന്റെ മക്കളേ"... മുതിർന്ന സഖാവ് വാക്കുകളിലൂടെ അണികളെ കോരിത്തരിപ്പിക്കുവാനോരുങ്ങുന്നു... 


നഗരിയിൽ പതിപ്പിച്ചിരിക്കുന്ന ക്രൂശിത രൂപം, ആ ജൂതരുടെ രാജാവ് എന്നെ തുറിച്ചുനോക്കിക്കൊണ്ടിരുന്നു... കുള്ളന്മാർക്കിടയിലെത്തിയ ഗള്ളിവറിനേപ്പോലെ... 


സഖാവ് പറഞ്ഞവസാനിപ്പിക്കുന്നു... "അങ്ങനെ വിപ്ലവകാരികളെത്തിരഞ്ഞാൽ ചരിത്രത്തിൽ നിന്നും, എന്തിന്‌ മതഗ്രന്ഥങ്ങളിൽ നിന്നുപോലും നമുക്ക് അവരെ പരിചയപ്പെടാം... അതിന്‌ ഉത്തമോദാഹരണമാണ്‌ യേശുദേവൻ... ആദ്യത്തെ വിപ്ലവകാരി... അടിച്ചമത്തപ്പെട്ടവന്‌ വേണ്ടി ശബ്ദമുയർത്തിയ ആദ്യ മനുഷ്യരിലൊരാൾ... ആ മഹത് സ്മരണയ്ക്ക് മുൻപിൽ രക്താഞ്ജലികളർപ്പിച്ച്  നിർത്തട്ടെ.... ഈക്വിലാബ് സിന്ദാബാദ്"... 


ഹർഷാരവങ്ങൾക്ക് ശക്തികുറഞ്ഞപ്പോൾ ചുവന്ന കസേരകൾക്കിടയിൽ നിന്നും വിപ്ളവം കലർന്ന ചോദ്യമുയർന്നു... “ സഖാവേ, യേശുവാണ്‌ ആദ്യ വിപ്ലവകാരിയെങ്കിൽ ആരായിരിക്കും ആദ്യത്തെ രക്തസാക്ഷി?”... 


നേതാവ് വിയർത്ത്... വിളറി... കിതച്ചു..... അത്.... അത്.... ചർച്ചയിൽ ഉന്നയിക്കാം.... 


കൊമേർസ്യൽ ബ്രേയ്ക്കിൽ കട്ടൻ  ചായയ്ക്കും പരിപ്പുവടയ്ക്കും പകരം പുതുതായി സ്ഥാനം പിടിച്ച ബർഗറുകളും ഇളനീരും... സ്വദേശി വിദേശി മിശ്രണത്തിന്റെ ഉത്തമ സങ്കലനം .... 


സഖാവ് ബർഗറുപേക്ഷിച്ച് ലൈബ്രറിയിലേയ്ക്കോടി.... ഇടുങ്ങിയ കറുത്ത റാക്കുകളിലെ പൊടി പിടിച്ചവശരായ ദാസ് ക്യാപ്പിറ്റലും, മാനിഫെസ്റ്റോയും പ്രതീക്ഷയോടെ അയാളെ നോക്കി... 
സഖാവ് പുത്തൻ റാക്കുകളിലെ ഖുർ-ആനും, ബൈബിളും, ഗീതയും ആവേശപൂർവ്വം മറിച്ചുകൊണ്ടേയിരുന്നു... 


“യൂറേക്കാ”.... അജ്ഞതയുടെ നഗ്നതയെ മറികടന്ന അഭിനവ ആർക്കമെഡീസ് സമ്മേളന നഗരിയിലേയ്ക്കോടി... 


“ഏകലവ്യൻ.... സഖാവ് ഏകലവ്യനാണ്‌ ആദ്യരക്തസാക്ഷി... ദ്രോണർ എന്ന സ്വജനപക്ഷപാതിത്വത്തിൽ അന്ധനായ ഗുരുവിന്റെ കുടിലതയിൽ പെരുവിരൽ നഷ്ടപ്പെട്ട ഏകലവ്യൻ”..... “ചരിത്രത്തിലെ ആദ്യ വർഗ്ഗീയ ഫാസിസ്റ്റായ ദ്രോണർ”..... 


ഒന്നിനെതിരെ രണ്ട് ഉത്തരങ്ങളുമായി സഖാവ് തിളങ്ങി... 

അണികൾ ഏറ്റുപാടി.... 
“ഇല്ലാ... ഇല്ല മരിക്കില്ല... ഏകലവ്യൻ മരിക്കില്ല.... 
ജീവിക്കുന്നവൻ ഞങ്ങളിലൂടെ, ഞങ്ങളിലൊഴുകും ചോരയിലൂടെ”.... 

പുറത്ത് കവിതാശകലങ്ങൾ അപ്പോഴും ഒഴുകിക്കൊണ്ടേയിരുന്നു... 


“ഒരിടത്തവന്നുപേർ ചെഗ്ഗ്വേരയെന്നെങ്കിൽ, ഒരിടത്തവന്നു ഭഗത്സിങ്ങ്  പേർ... 

ഒരിടത്തവൻ യേശു ദേവനെന്നാണ്‌, വേറൊരിടത്തവന്ന് മഹാഗാന്ധി പേർ... 
രക്തസാക്ഷി... നീ മഹാ പർവ്വതം , കണ്ണിനെത്താത്ത ദൂരത്തുയർന്നു നില്ക്കുന്നു നീ”.... 

Saturday, 31 December 2011

ഡീൽ ഓർ നോ ഡീൽ... യഥാർഥബാങ്കർ ആര്‌???



പെട്രോൾ വില 1.50 മുതൽ 2.25 വരെ കൂട്ടാൻ പോകുന്നു.. 
കേരളമാകെ 2 ദിവസത്തെ ലോഡ് ഷെഡ്ഡിംഗ് ഏർപ്പെടുത്തുവാൻ പോകുന്നു.. 
അഴിമതി നിരോധന നിയമം ഗോവിന്ദാ... 
മുല്ലപ്പെരിയാർ, കൂടംകുളം നിലവിളികൾ... 
2ജി സ്പെക്ട്രം, കോമൺ വെൽത്ത് തുടങ്ങി എൻഡോസൾഫാനിലും വാൾമാർട്ടിലുമെത്തി നില്ക്കുന്ന തുഗ്ഗ്ലക് പരിഷ്കാരങ്ങൾ... 
നമ്മുക്കിതൊന്നും അറിയെണ്ട... ഐശ്വര്യാ റായി ബച്ചന്റെ തിരുവയറൊഴിയുന്നതും, ഡീൽ ഓർ നോ ഡീലിലെ ഒളിഞ്ഞിരിക്കുന്ന ബാങ്കർ ആരാന്നും അറിഞ്ഞാൽ മതി... 

കാശ് മുടക്കുന്നവനാണ്‌ ബാങ്കർ...അല്ലാതെ പിന്നെ... 

2011ന്റെ ശേഷിപ്പുകൾ


2011 പൂര്‍ത്തിയാകുമ്പോള്‍ ഡിജിറ്റല്‍ ലോകം ബാക്കിയാക്കുന്ന അടയാളങ്ങള്‍ എന്താണ്. ഏകാധിപത്യ ഭരണകൂടങ്ങള്‍ക്കെതിരെ ഉയര്‍ന്ന ജനകീയപ്രക്ഷോഭങ്ങള്‍ക്ക് സോഷ്യല്‍ മീഡിയ മുമ്പെങ്ങുമില്ലാത്ത വിധം കരുത്തു പകര്‍ന്നതിന് പോയ വര്‍ഷം സാക്ഷിയായി. ടൈംമാഗസില്‍ 2011 ലെ 'പേഴ്‌സണ്‍ ഓഫ് ദ ഇയര്‍' ആയി 'പ്രതിഷേധകനെ'യാണ് തിരഞ്ഞെടുത്തത്. പ്രതിഷേധങ്ങള്‍ക്ക് അഗ്നി പകര്‍ന്നതോ ട്വിറ്ററും ഫെയ്‌സ്ബുക്കും അടക്കമുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളും.

പുതിയ കാലത്തിന്റെ അടയാളം സോഷ്യല്‍ മീഡിയ തന്നെയെന്ന് അടയാളപ്പെടുത്തുകയാണ്, അറബ് നാടുകളിലെ ജനകീയ പ്രക്ഷോഭങ്ങള്‍ മുതല്‍ ഇന്ത്യയില്‍ അഴിമതിക്കെതിരെ നടന്ന പൊതുജന മുന്നേറ്റം വരെ. കേരളത്തില്‍ മുല്ലപ്പെരിയാര്‍ പ്രശ്‌നം ഇപ്പോഴത്തെ നിലയ്‌ക്കെത്തിച്ചതില്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഹിച്ച പങ്ക് ചെറുതല്ല.

സോഷ്യല്‍ മീഡിയയ്ക്ക് വര്‍ധിച്ചു വരുന്ന സ്വീകാര്യതയുടെ തെളിവാണ് ഏറ്റവുമൊടുവില്‍ പുറത്തുവന്ന ചില കണക്കുകള്‍. ഏറ്റവും വലിയ ഇന്റര്‍നെറ്റ് സെര്‍ച്ച് സൈറ്റായ ഗൂഗിളിന് തൊട്ടടുത്തെത്തിയിരിക്കുന്നു ഫെയ്‌സ്ബുക്കിലെയും സന്ദര്‍ശകരുടെ എണ്ണം എന്നാണ് മാര്‍ക്കറ്റിങ് റിസര്‍ച്ച് സ്ഥാപനമായ 'നീല്‍സണ്‍' പുറത്തുവിട്ട പുതിയ കണക്കുകള്‍ പറയുന്നത്.

2011 ല്‍ അമേരിക്കയില്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ ഗൂഗിളും ഫെയ്‌സ്ബുക്കും തമ്മിലുള്ള അന്തരം കുറഞ്ഞിരിക്കുന്നുവെന്ന് നീല്‍സണ്‍ പറയുന്നു. പ്രതിമാസം 153,441,000 പേര്‍ ഗൂഗിള്‍ സന്ദര്‍ശിക്കുന്നുവെങ്കില്‍, ഫെയ്‌സ്ബുക്കിന്റെ കാര്യത്തില്‍ ഈ സംഖ്യ 137,644,000 ആണ്. ഗൂഗിള്‍ പുതിയതായി തുടങ്ങിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഗൂഗിള്‍ പ്ലസ് നീല്‍സന്റെ കണക്ക് പ്രകാരം സന്ദര്‍ശകരുടെ കാര്യത്തില്‍ എട്ടാം സ്ഥാനത്ത് മാത്രമാണെന്നും നീല്‍സന്റെ കണക്ക് പറയുന്നു.

സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളുടെ ഉയര്‍ച്ചപോലെ, ഡിജിറ്റല്‍ ലോകം കൂടുതലായി മൊബൈലിലേക്ക് മാറുന്നതിനും 2011 സാക്ഷിയായി. കമ്പ്യൂട്ടിങിന്റെ ഭാവി മൊബൈല്‍ ഉപകരണങ്ങളില്‍ തന്നെയെന്ന് വിളിച്ചോതുന്നതാണ്, ആപ്പിളിന്റെ ഐപാഡ് 2, ആമസോണിന്റെ കിന്‍ഡ്ല്‍ ഫയര്‍ തുടങ്ങിയ ടാബ്‌ലറ്റുകളുടെ വിജയം. ഒപ്പം ആപ്പിളിന്റെ ഐഫോണ്‍ 4 എസും സാംസങിന്റെ ഗാലക്‌സി നെക്‌സസ് തുടങ്ങിയ സ്മാര്‍ട്ട്‌ഫോണുകള്‍ നേടിയ വിജയവും ചെറുതല്ല. മൈക്രോസോഫ്ടിന്റെ മൊബൈല്‍ പ്ലാറ്റ്‌ഫോമായ വിന്‍ഡോസ് ഫോണ്‍ 7 അടിസ്ഥാനമാക്കിയുള്ള നോക്കിയയുടെ സ്മാര്‍ട്ട്‌ഫോണായ ലുമിയ രംഗത്തെത്തിയതും 2011 ല്‍ തന്നെ.

മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ ഐഫോണ്‍ 4 എസിലെ 'സിരി'യായിരുന്നു താരം. നിര്‍മിതബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) അ
ടിസ്ഥാനമാക്കിയുള്ള ആ ഡിജിറ്റല്‍ അസിസ്റ്റന്റ് വലിയ ആകാംക്ഷയാണ് ടെക് ലോകത്ത് ഉണര്‍ത്തിയത്. 'ഗൂഗിള്‍ സെര്‍ച്ചിന് സിരി ഭീഷണിയാണെ'ന്ന് ഗൂഗിള്‍ ചെയര്‍മാന്‍ എറിക് ഷിമിഡ്ത് പറയുന്നിടത്ത് വരെയെത്തി കാര്യങ്ങള്‍! സിരിക്ക് ബദലാകാന്‍ 'മേജല്‍' എന്നൊരു ആപ്ലിക്കേഷന്റെ പണിപ്പുരയിലാണ് ഗൂഗിള്‍ എന്നതാണ് ഒടുവിലത്തെ വാര്‍ത്ത.

മൊബൈലിലേക്ക് ലോകം മാറുന്നത് സാധ്യതകള്‍ മാത്രമല്ല ഭീഷണികളും വര്‍ധിപ്പിക്കുന്നു. ഓണ്‍ലൈന്‍ ക്രിമിനലുകളുടെയും കുബുദ്ധികളുടെയും ദുഷ്ടപ്രോഗ്രാം നിര്‍മാതാക്കളുടെയും ശ്രദ്ധ മൊബൈല്‍ രംഗത്തേക്ക് മാറുന്നതിന് കടന്നുപോകുന്ന വര്‍ഷം സാക്ഷ്യം വഹിച്ചു. ഗൂഗിളിന് നിരവധി ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍, ഭീഷണിയുടെ പേരില്‍ ഉപേക്ഷിക്കേണ്ടി വന്നു. കാരിയര്‍ ഐക്യു എന്ന കമ്പനിയുടെ ഒരു രഹസ്യ ആപ്ലിക്കേഷന്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്തക്കളുടെ ഓരോ നീക്കങ്ങളും പിന്തുടരുകയും വിവരങ്ങള്‍ കൈമാറുകയും ചെയ്യുന്ന കാര്യം വലിയ അമ്പരപ്പാണ് അടുത്തയിടെ ടെക് ലോകത്ത് സൃഷ്ടിച്ചത്.

ഏറ്റവും വലിയ ഇന്റര്‍നെറ്റ് കമ്പനിയായ ഗൂഗിളിന് വെട്ടിനിരത്തലിന്റെ വര്‍ഷമായിരുന്നു 2011. ലാറി പേജ് ഗൂഗിളിന്റെ സിഇഒ ആയി സ്ഥാനമേറ്റ ശേഷമെടുത്ത നിര്‍ണായക തീരുമാനമാണ്, ഉത്പന്നങ്ങളുടെയും സര്‍വീസുകളുടെയും എണ്ണം കുറയ്ക്കുക എന്നത്. ഗൂഗിള്‍ വേവ്, ഗൂഗിള്‍ ബസ്, ഗൂഗിള്‍ നോള്‍ എന്നിങ്ങനെ വലിയ ആവേശത്തോടെ അവതരിപ്പിക്കപ്പെട്ട ഡസണ്‍ കണക്കിന് സര്‍വീസുകളും ഉത്പന്നങ്ങളും ഉപേക്ഷിക്കാനാണ് ഗൂഗിള്‍ തീരുമാനിച്ചത്. പുതിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഗൂഗിള്‍ പ്ലസ് പോലുള്ളവയില്‍ കൂടുതല്‍ ശ്രദ്ധിക്കാനാണ് ഈ നയംമാറ്റമെന്ന് ഗൂഗിള്‍ പറയുന്നു.

സുപ്രധാനമായ ചില വാര്‍ഷികങ്ങള്‍ക്കും 2011 സാക്ഷിയായി. ഏറ്റവും ശ്രദ്ധേയം പുത്തന്‍ മാധ്യമവിപ്ലവത്തിന് തുടക്കംകുറിച്ച വേള്‍ഡ് വൈഡ് വെബ്ബിന് 20 തികഞ്ഞു എന്നതാണ്. ടിം ബേണേഴ്‌സി ലീ തയ്യാറാക്കിയ വേള്‍ഡ് വൈഡ് വെബ്ബ് പ്രോഗ്രാം പൊതുജനങ്ങള്‍ക്കുള്ള ഒരു സര്‍വീസ് എന്ന നിലയ്ക്ക് ഇന്റര്‍നെറ്റില്‍ ലഭ്യമായത് 1991 ആഗസ്ത് ആറിനാണ്. അത്രകാലവും അക്കാദിമിക്, ഗവേഷണ സ്ഥാപനങ്ങള്‍ക്ക് മാത്രം പ്രയോജനപ്പെട്ടിരുന്ന ഇന്റര്‍നെറ്റ് എന്ന ആഗോള വിവരവിനിമയ ശൃംഖലയെ സാധാരണക്കാരന്റെ പക്കലെത്തിച്ചത് വെബ്ബിന്റെ ആവിര്‍ഭാവമാണ്. ലോകം പിന്നീടൊരിക്കലും പഴയതുപോലെ ആയില്ല.

ഈമെയില്‍ എന്ന ഇലക്ട്രോണിക്‌സ് മെയില്‍ ആരംഭിച്ചതിന്റെ നാല്പതാം വാര്‍ഷികവും 2011 ലായിരുന്നു. 1971 ഹേമന്തത്തില്‍ അമേരിക്കയില്‍ റേ ടോംലിന്‍സണ്‍ എന്ന കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍ താന്‍ രൂപപ്പെടുത്തിയ 'സെന്‍ഡ് മെസേജ് പ്രോഗ്രാമി'ന്റെ സഹായത്തോടെ തന്റെ കമ്പ്യൂട്ടറില്‍ നിന്ന് ഒരു മീറ്റര്‍ അകലെയിരുന്ന മറ്റൊരു കമ്പ്യൂട്ടറിലേക്ക് ഒരു സന്ദേശമയച്ചതോടെയായിരുന്നു ഈമെയിലിന്റെ തുടക്കം.

ലോകത്തെ ഏറ്റവും വലിയ സ്വതന്ത്ര ഓണ്‍ലൈന്‍ വിജ്ഞാനകോശമായ വിക്കിപീഡിയക്ക് തുടക്കമിട്ടിട്ട് പത്തുവര്‍ഷമായതും 2011 ല്‍ തന്നെ. ജിമ്മി വെയ്ല്‍സും ലാറി സേഞ്ചറും ചേര്‍ന്ന് 2001 ജനവരി 15 നാണ് വിക്കിപീഡിയയ്ക്ക് തുടക്കമിടുന്നത്. ആര്‍ക്കും വിവരങ്ങള്‍ ചേര്‍ക്കാവുന്ന, ആര്‍ക്കും എഡിറ്റുചെയ്യാവുന്ന വിക്കിപീഡിയയുടെ വളര്‍ച്ച മിന്നല്‍വേഗത്തിലായിരുന്നു. ഏറ്റവുമധികം പേര്‍ സന്ദര്‍ശിക്കുന്ന സൈറ്റുകളിലൊന്നാണ് ഇന്ന് വിക്കിപീഡിയ.

പേഴ്‌സണല്‍ കമ്പ്യൂട്ടിങിന്റെയും വ്യക്തിഗത വിനോദത്തിന്റെയും ചരിത്രവഴികളെ പുതിയ പാതയിലേക്ക് നയിച്ച ഐപോഡ് എന്ന ഐതിഹാസിക ഡിജിറ്റല്‍ മ്യൂസിക് പ്ലെയര്‍ ആപ്പിള്‍ അവതരിപ്പിച്ചിട്ട് പത്തുവര്‍ഷം തികഞ്ഞതും ഇപ്പോഴാണ്. 2001 ഒക്ടോബര്‍ 23 നാണ് ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്‌സ് ലോകത്തിന് മുന്നില്‍ ഐപോഡ് ആദ്യമായി അവതരിപ്പിച്ചത്. ഐപോഡ് യുഗത്തിന് അന്ത്യമാവുകയാണോ എന്ന സംശയത്തിന്റെ നിഴലിലാണ് അതിന്റെ പത്താംവാര്‍ഷികം കടന്നുപോകുന്നത്.

courtesy - mathrubhoomi

Friday, 30 December 2011

അഴിമതി നിരോധന നിയമം വീണ്ടും ഗോപി...ഇനി കാവിലെ പാട്ട് മത്സരത്തിന്‌ കാണാം..


പ്രതിപക്ഷത്തിനു പുറമെ സഖ്യകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെയും എതിര്‍പ്പിനിടെ ലോക്പാല്‍ ബില്ലില്‍ വോട്ടെടുപ്പില്ലാതെ ചര്‍ച്ചകള്‍ അപൂര്‍ണമാക്കി രാജ്യസഭ വ്യാഴാഴ്ച അര്‍ധരാത്രി പിരിഞ്ഞു. ഇതോടെ, കേന്ദ്രസര്‍ക്കാറിനു നാണക്കേടായി വനിതാബില്‍പോലെ ലോക്പാല്‍ ബില്ലും പാര്‍ലമെന്റിന്റെ അംഗീകാരം ലഭിക്കാതെ മടങ്ങി.

ഇതുവരെ സാക്ഷ്യം വഹിക്കാത്ത ക്ഷുഭിതരംഗങ്ങള്‍ക്കിടെ, രാജ്യസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞതായി സഭാധ്യക്ഷന്‍ ഹമീദ് അന്‍സാരി പ്രഖ്യാപിക്കുകയായിരുന്നു. പാര്‍ലമെന്റിന്റെ ഈ സമ്മേളനത്തില്‍ ലോക്പാല്‍ ബില്‍ പാസ്സാക്കാന്‍ തുനിഞ്ഞ സര്‍ക്കാറിന് തിരിച്ചടിയായി എന്നു മാത്രമല്ല, സമ്മേളനത്തിന്റെ ഒടുവില്‍ മനപ്പൂര്‍വം നാടകീയരംഗങ്ങള്‍ ആവിഷ്‌കരിച്ചതായുള്ള ആരോപണവും നേരിടേണ്ടി വന്നിരിക്കുകയാണ്.

ബില്ലിന്റെ ചര്‍ച്ചയ്ക്ക് രാത്രി മുഴുവനും അടുത്ത ദിവസവും ഇരിക്കാന്‍ തയ്യാറാണെന്ന് പ്രതിപക്ഷത്തു നിന്ന് ജെയ്റ്റ്‌ലിയും സീതാറാം യെച്ചൂരിയും മറ്റും പറഞ്ഞിട്ടും ഭരണപക്ഷം ഇതിനു വഴങ്ങിയില്ല. ഭരണപക്ഷത്തിന്റേത് ആസൂത്രിതനാടകമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ ബജറ്റ് സമ്മേളനത്തില്‍ വീണ്ടും ബില്‍ അവതരിപ്പിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.

ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിച്ചപ്പോള്‍ സമയം രാത്രി പതിനൊന്നു കഴിഞ്ഞിരുന്നു. തുടര്‍ന്ന് മന്ത്രി വി. നാരായണസ്വാമി മറുപടി പറയാന്‍ തുടങ്ങി. സ്വാമിയുടെ മറുപടി സഭയില്‍ വന്‍ബഹളം സൃഷ്ടിക്കുകയും സഭ പതിനഞ്ചുമിനിറ്റു നേരത്തേക്ക് നിര്‍ത്തിവെക്കുകയും ചെയ്തതിനു ശേഷമാണ് പാര്‍ലമെന്ററി കാര്യ മന്ത്രി പവന്‍ കുമാര്‍ ബെന്‍സല്‍ , പ്രതിപക്ഷം നിര്‍ദേശിച്ച 135-ലേറെ ഭേദഗതികള്‍ പഠിക്കണമെങ്കില്‍ തങ്ങള്‍ക്കു സമയം വേണമെന്ന് അറിയിച്ചത്. അടുത്ത സമ്മേളനത്തില്‍ കൂടുതല്‍ സമഗ്രമായ ബില്‍ കൊണ്ടുവരാമെന്ന വാഗ്ദാനമാണ് മന്ത്രി നല്‍കിയത്. എന്നാല്‍ സര്‍ക്കാര്‍ ഒളിച്ചോടുകയാണെന്ന് പ്രതിപക്ഷനേതാവ് അരുണ്‍ ജെയ്റ്റ്‌ലി തുറന്നടിച്ചു. മറ്റു പ്രതിപക്ഷകക്ഷികള്‍ അതിനെ പിന്താങ്ങി.

വ്യാഴാഴ്ച രാവിലെ തന്നെ രാജ്യസഭ ബില്‍ ചര്‍ച്ചയ്‌ക്കെടുത്തിരുന്നു. മിക്കവാറും എല്ലാ അംഗങ്ങളും ബില്‍ സമഗ്രമായി പഠിക്കുകയും സംസാരിക്കുകയും ഭേദഗതികള്‍ അവതരിപ്പിക്കുകയും ചെയ്തു. സഭയില്‍ ചര്‍ച്ച തകര്‍ക്കുമ്പോള്‍ പുറത്ത് , ബില്‍ പാസാക്കാന്‍ വേണ്ട പിന്തുണ ലഭിക്കാന്‍ സര്‍ക്കാര്‍ കിണഞ്ഞു ശ്രമിക്കുകയായിരുന്നു.

ഒരു പ്രതിപക്ഷ കക്ഷിയും ബില്ലിനെ അനുകൂലിച്ചു സംസാരിച്ചില്ലെന്നു മാത്രമല്ല, ഭരണകക്ഷിയായ തൃണമൂലും ബില്ലില്‍ ലോകായുക്തയെ ഉള്‍പ്പെടുത്തിയതിനെതിരെ രംഗത്തു വരികയും ചെയ്തു. സമാജ് വാദി പാര്‍ട്ടി, ആര്‍. ജെ. ഡി. , ബി. എസ്. പി. തുടങ്ങിയ കക്ഷികളുടെ പിന്തുണ ആര്‍ജിക്കാനും സര്‍ക്കാറിന് കഴിഞ്ഞില്ല.

അത്യന്തം നാടകീയമായ രംഗങ്ങളാണ് ചര്‍ച്ച സമാപിച്ചതോടെ അരങ്ങേറിയത്. മന്ത്രി വി. നാരായണസ്വാമിയെ സഭാധ്യക്ഷന്‍ മറുപടി പറയാന്‍ ക്ഷണിച്ചു. അതേ സമയം ലോക്പാല്‍ ബില്‍ തിരിച്ചെടുക്കണമെന്ന മുദ്രാവാക്യം മുഴക്കി ആര്‍. ജെ. ഡി. അംഗങ്ങള്‍ ബഹളം തുടങ്ങി. ചര്‍ച്ചയില്‍ ഒടുവില്‍ പങ്കെടുത്ത രാജനീതി പ്രസാദ് സീറ്റു വിട്ട് പാഞ്ഞ് നാരായണസ്വാമിയുടെ അടുത്തെത്തി അദ്ദേഹത്തിന്റെ കൈയില്‍ നിന്ന് പേപ്പറുകള്‍ വാങ്ങി കീറിയെറിഞ്ഞു. അദ്ദേഹത്തെ ചിലര്‍ പിടിച്ചു മാറ്റിയെങ്കിലും ബഹളം തുടര്‍ന്നു. ബഹളത്തിനിടയില്‍ നാരായണസ്വാമി പറഞ്ഞതൊന്നും വ്യക്തമായില്ല. സ്വാമിയാകട്ടെ ഒച്ചയടഞ്ഞ് , വീണ്ടും പഴയ വിശദീകരണങ്ങള്‍ തുടര്‍ന്നു. പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികള്‍ക്കൊന്നും തങ്ങള്‍ വഴങ്ങുന്നില്ലെന്ന സൂചനയാണ് സ്വാമി നല്‍കിയത്. വിശദീകരണം നീണ്ടു പോയപ്പോള്‍ സമയം പന്ത്രണ്ടുവരെ നീട്ടാനുള്ള അടവാണോ എന്ന സംശയത്തില്‍ പ്രതിപക്ഷം വീണ്ടും ബഹളം തുടങ്ങി. പന്ത്രണ്ടുവരെ സ്വാമി പറയുന്നതു കേള്‍ക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്ന് അവര്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു.

ലോക്പാല്‍ ചര്‍ച്ച ചെയ്യാന്‍ വേണ്ടി നീട്ടിയ സമ്മേളനം നിയമപ്രകാരം വ്യാഴാഴ്ച രാത്രി പന്ത്രണ്ടിന് അവസാനിക്കേണ്ടിയിരുന്നു. ഇത് നീട്ടിക്കിട്ടണമെങ്കില്‍ വീണ്ടും ബിസിനസ് ഉപദേശകസമിതിയുടെ ശുപാര്‍ശ വേണ്ടിയിരുന്നു. ബില്‍ വോട്ടിനിട്ടാല്‍ പാസാകില്ലെന്ന് ഉറപ്പായ സര്‍ക്കാര്‍ , അവസാനം മനപ്പൂര്‍വം നാടകീയത ചമയ്ക്കുകയായിരുന്നു.

വാല്ക്കഷണം... ഏകാധിപത്യ ഭരണമായിരുന്നെങ്കിൽ, ഒരുത്തനേ കൈയ്യിട്ട് വാരുമായിരുന്നുള്ളൂ... ഇതിപ്പോ എന്താ ചെയ്ക? ജനങ്ങൾക്കു വേണ്ടി ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ജനങ്ങളുടേ സർക്കാരല്ലേ... 
നമുക്ക് പോംവഴികളില്ല.. ഒന്നുകിൽ കള്ളനെ അധികാരത്തിലേറ്റുക അല്ലെങ്കിൽ കള്ളന്‌ കഞ്ഞിവെച്ചവനെ... 
ജനാധിപത്യം വിജയിക്കട്ടെ... 

Thursday, 29 December 2011

അണ്ണാ, വയ്യാത്ത പണിക്ക്‌ പോവരുത്‌..

 ജൻലോക്പാൽ ബിൽ ആവശ്യപ്പെട്ട്‌ അഭിനവഗാന്ധി നടികർ അണ്ണന്റെ ഉണ്ണാവൃതം ദയനീയമായി പരാജയപ്പെട്ടു. എം.എം.ആർ.ഡി.ഏ ഗ്രൗണ്ടിൽ തുടങ്ങിയ ഉണ്ണാവൃതത്തിന്റെ നാലാം എപ്പിസോഡ്‌ യഥാർഥത്തിൽ ഗർഭച്ഛിദ്രം ചെയ്തുകളഞ്ഞത്‌ സിങ്ങോ, മദാമ്മയോ അല്ല മറിച്ച്‌ അണ്ണന്റെ സ്വന്തം “ജൻ” ആണെന്നതാണ്‌ ഏറ്റവും ദയനീയ വസ്തുത. ഇന്നിപ്പോ നിരാഹാരം മാത്രമല്ല, ഉപരോധവും ജയിൽനിറയ്ക്കൽ സമരവും കൂടി പിൻ വലിക്കേണ്ടി വന്നു ആ ഗാന്ധിയന്‌(?).. നാരങ്ങാനീരിന്റെ പുളിപ്പും ചവർപ്പും നുണഞ്ഞിറക്കി അണ്ണാ അലറിപ്പറഞ്ഞത്‌ കോൺഗ്രസ്‌ ജനങ്ങളെ വഞ്ചിച്ചുവെന്നും, ആയതിനാൽ അവർക്കെതിരെ വരുന്ന ഇലെക്ഷനിൽ പ്രചരണത്തിനിറങ്ങും എന്നുമാണ്‌...ബി.ജെ.പിയല്ലേ യഥാർഥത്തിൽ അതു ചെയ്തത്‌ എന്ന പത്രക്കാരുടെ ചോദ്യത്തിന്‌ മുൻപിൽ മിണ്ടാവൃതത്തിലാണ്ടു അണ്ണൻ..
അഴിമതി നിരോധന നിയമം ആവശ്യം തന്നെ, പക്ഷേ അതിന്‌ ഉണ്ണാവൃതമോ, മിണ്ടാവൃതമോ അല്ല വഴി...1968 മുതൽ ഈ ബില്ലിന്മേൽ തുടങ്ങിയ കസർത്തുകൾ ഇന്നും തുടർന്നുകൊണ്ടേയിരിക്കുകയാണ്‌.ശാന്തിഭൂഷൺ അവതരിപ്പിച്ച ഈ ബിൽ 4ആം ലോക്സഭയിൽ പാസ്സയതുമാണ്‌. എന്നാലത് രാജ്യസഭയിലെത്തുന്നതിന്‌ മുൻപേ സഭ പിരിച്ചു വിട്ടു.തുടർന്ന് 1971,77,85,89,96,98,2001,2005 തുടങ്ങിയ വർഷങ്ങളിൽ അവതരിപ്പിച്ചെങ്കിലും ദയനീയമായി പരാജയപ്പെട്ടു... 
പല്ലില്ലാത്ത ബിൽ എന്ന് വിശേഷിപ്പിച്ച് ഹസാരെ സംഘം തള്ളിയ ബില്ലിൽ അധികം മാറ്റങ്ങളില്ലാതെയാണ്‌ ഇക്കുറി അവതരിപ്പിക്കപ്പെട്ടത്. ലൂപ് ഹോളുകൾ അനവധിയുള്ള ബില്ലിൽ കനിമൊഴിക്കല്ല,കൽ മാഡിക്ക് വരെ പുല്ലുപോലെ ഊരിപ്പോവാനുള്ള വകുപ്പുകളുണ്ട്.പക്ഷേ അത് രാജ്യസഭയിൽ പാസ്സാകുമോ എന്ന് കണ്ടറിയണം... 
ശക്തമായ ജനകീയ പ്രക്ഷോഭം തന്നെയാണ്‌ അഴിമതി നിരോധനനിയമം കൊണ്ടുവരാനുള്ള ഏറ്റവും അനുയോജ്യമായ മാർഗ്ഗം, പക്ഷേ അതിന്‌ അണ്ണയെപ്പോലെ രാഷ്ട്രീയ ചായുള്ള നേതൃത്വമല്ല മറിച്ച് പണിയറിയാവുന്ന നല്ല് ട്രയ്ൻഡ് സോഷ്യൽ വർക്കേഴ്സ് തന്നെ വേണം..

ഇന്ന് കുഞ്ഞിന്‌ പാൽ കിട്ടണമെങ്കിൽ അവൻ കരഞ്ഞാൽ മാത്രം പോര അണ്ണാ, മറിച്ച് അമ്മയ്ക്ക് സീരിയൽ കാണാനാനാവാത്തവിധം ആ കരച്ചിൽ ശക്തിപ്രാപിക്കണം... മാറിയ കാലത്തിനനുസരിച്ച് ഗാന്ധിമാരെ അവതരിപ്പിക്കപ്പെടുകയും വേണം.. 
"കാലഹരണപ്പെടുന്നത് ആശയങ്ങളല്ല, അതിന്റെ ആഖ്യാനങ്ങളാണ്‌ എന്ന സത്യം നാം തിരിച്ചറിഞ്ഞേ മതിയാവൂ"... 

Monday, 26 December 2011

പാർട്ടിപ്പത്രത്തിലെ സേതുരാമയ്യർമാർ....

തള്ളേ കലിപ്പ് തീരണില്ലല്ലോ....

മുല്ലപ്പെരിയാറിൽ ഒളിപ്പിച്ചുവെച്ചിരിക്കുന്ന കൂടംകുളത്തിന്റെ നിലവിളികൾ...



തമിഴൻ മറക്കുന്ന കൂടംകുളം... അവിടെ മുല്ലപ്പെരിയാറല്ല മറിച്ച്, കൂടംകുളം ആണവനിലയം തന്നെയാണ്‌ വലിയ പ്രശ്നം... 
പ്രിയ വൈക്കോ, ജയലളിതാ.... നിങ്ങൾ കുതിരകയറേണ്ടത് മലയാളിയുടെ നെഞ്ചത്തല്ല... വികസിത രാജ്യങ്ങൾ പോലും ഉപേക്ഷിച്ച ആണവ വൈദ്യുതോല്പ്പാദനം നിങ്ങളുടെ നേരേ അടിച്ചേല്പ്പിച്ച സിങ്ങിന്റെ മേലാണ്‌... 
മാത്രുഭൂമി ഫോട്ടോഗ്രാഫർ മധുരാജ് കണ്ട ഈ കാഴ്ചകൾ കഥ പറയുന്നവയാണ്‌... നിസ്സഹായതയുടെയും, ഒറ്റുകൊടുക്കലിന്റെയും.... 
ഒരു പക്ഷേ, മുല്ലപ്പെരിയാർ ഒരു പ്രശ്നമായി സിങ്ങ് നിലനിർത്തുന്നത് തന്നെ തമിഴനെക്കൊന്നു കുലം മുടിക്കുന്ന ഈ നശിച്ച പ്രൊജെറ്റിന്‌ വേണ്ടിയാവാം... 
തമിഴൻ വീണ്ടും വഞ്ചിക്കപ്പെടുന്നു... മുല്ലപ്പെരിയാറിനെ ശിഖണ്ഡിവേഷം കെട്ടിച്ച് അവന്റെ പഞ്ചേന്ദ്രിയങ്ങളും കൊട്ടിയടയ്ക്കുകയല്ലേ നീറോ സിങ്ങ്???? 

























click this link for more details..