Thursday 10 May 2012

ഞങ്ങള്‍ ദേശാടനക്കിളികളായിരുന്നു..
ഭൂമിയിലെ ദേശാടനക്കിളികള്‍...
ഇന്നലെ മുതല്‍ ഞാന്‍ അവളോടൊപ്പം യാത്ര തുടങ്ങി-
സ്വപ്നങ്ങളുടെ ലോകത്തേയ്ക്ക്‌...
പ്രലോഭനങ്ങളുടേയും, വിലപേശലുകളുടെയും ഏഴ്‌ കവാടങ്ങള്‍...
അവ കടന്നു വേണം ഞങ്ങള്‍ക്ക്‌ സ്വപ്നലോകത്തെത്തുവാന്‍..
ഒന്നാം കവാടത്തില്‍ പതുങ്ങി നിന്ന സദാചാരത്തിണ്റ്റെ മാലാഖ ഞങ്ങളോട്‌ വേര്‍പിരിയലിണ്റ്റെ സ്വാതന്ത്യ്രത്തെക്കുറിച്ച്‌ പറഞ്ഞു...
ഉച്ചത്തില്‍ ചിറകിട്ടടിച്ച്‌ അവള്‍ അത്‌ നിഷേധിച്ചു...
സത്യം പറയട്ടേ, എനിക്കത്‌ അനുഭവിക്കണമെന്നുണ്ടായിരുന്നു...
വളരെ തീവ്രമായി...
സ്വപ്നലോകത്തിണ്റ്റെ രണ്ടാം കവാടത്തിലെ ബന്ധങ്ങളുടെ മാലാഖ വിലപേശിയത്‌ ബന്ധങ്ങളുടെ കെട്ടുപാടുകള്‍ കാട്ടിയായിരുന്നു...
എനിക്ക്‌ തിരികെ പറക്കണമെന്നുണ്ടായിരുന്നു....
പക്ഷേ, കണ്ണീരിണ്റ്റെ ഉപ്പുരസം കാട്ടി അവള്‍ എനിക്കതും നിഷേധിച്ചു...
മൂന്നാമത്തെ കവാടത്തിലെ മാലാഖ മതത്തിണ്റ്റെ, വൈജാത്യമുയര്‍ത്തിയും,നാലാമത്തെ കവാടത്തിലെ മാലാഖ കുലത്തിണ്റ്റെ മാനമുയര്‍ത്തിയും ഞങ്ങളെ വെല്ലുവിളിച്ചു...
ഞങ്ങള്‍ക്ക്‌ പിരിയെണമെന്നുണ്ടായിരുന്നില്ല....
അഞ്ചാം കവാടത്തിലെ ചെകുത്താന്‍ പ്രലോഭങ്ങളുടെ ഭാണ്ഠമഴിച്ചും,ആറാം കവാടത്തിലെ ചെകുത്താന്‍ വേദമോതിയും ഞങ്ങളെ പിന്നിലേയ്ക്ക്‌ വലിച്ചു...
പ്രലോഭനങ്ങളുടെ ആറ്‌ കവാടങ്ങള്‍ കഴിഞ്ഞപ്പോളേയ്ക്കും ഞാന്‍ പൂര്‍ണ്ണമായും അവളില്‍ അനുരക്തയായിക്കഴിഞ്ഞിരുന്നു.
ഏഴാം കവാടത്തിലെ പുരോഹിതന്‍ ഞങ്ങളെക്കാട്ടിയത്‌ സ്വര്‍ഗ്ഗത്തെയും,നഷ്ടത്തെ മറക്കുവാന്‍ പഠിപ്പിക്കുന്ന, വില്‍പ്പനയ്ക്ക്‌ വെച്ചിരിക്കുന്ന, ചരടില്‍ ജപിച്ചെടുത്ത ദൈവത്തെയുമാണ്‌... മാര്‍ക്സിണ്റ്റെ ദൈവത്തെ മനസ്സിലാവാഹിച്ച ഞാന്‍ അതും കടന്ന്‌ പറക്കുവാനോരുങ്ങിയപ്പോള്‍ അവള്‍ എന്നെക്കാക്കാതെ സ്വര്‍ഗ്ഗത്തിണ്റ്റെ മധുരത്തിലേയ്ക്ക്‌ പറന്നകന്നു...
സ്വപ്നത്തിണ്റ്റെ ഏഴാം കവാടം കടക്കാനാവാത്ത എന്നെ മാലാഖമാരും ചെകുത്താന്‍മാരും പുരോഹിതന്‍മാരും ആട്ടിയോടിച്ചു...
തിരികെപ്പറക്കുവാനറിയാതെ, ചിറകു കുഴഞ്ഞ്‌ ഞാന്‍ വീണത്‌ നരകത്തിലേയ്ക്കായിരുന്നു... സ്വപ്നങ്ങളും, സ്വര്‍ഗവും, പ്രണയവുമില്ലാത്ത നരകത്തിലേയ്ക്ക്‌...
എണ്റ്റെ തലയ്ക്ക്‌ മുകളിലൂടെ, വളരെ ഉയരത്തില്‍ അപ്പോഴും ഒരുപാട്‌ ദേശാടനക്കിളികള്‍ പറന്നു പോകുന്നുണ്ടായിരുന്നു... പ്രണയമാകുന്ന സ്വപ്നലോകവും തേടി...