Thursday 6 June 2013

ഒരു കറിക്കായ്...


കറിവെന്തിട്ടില്ലിതേവരെ
കറിവെന്തിട്ടില്ല തേവരേ
കറിവെന്തിട്ടില്ല ഇതുവരെ

കറിയായ് വേവാൻ വെന്തുരുകാൻ
കൊതിയുണ്ട് തേവരേ, പലകുറി.
നിലതെറ്റിപ്പായുന്ന വിലകേട്ട്, ഞെട്ടി,നടുങ്ങി-
പ്പൊതുജനം കഴുതകൾ പലയിടം പായുന്നു
ഞാനീക്കടയിലീ ചീക്കപ്പയറിൻറെയരികിലായ്
മേവുന്നു,വേകാൻ കൊതിച്ച്-രുചിയായ്
കരയുന്നൊരാപ്പൈതലിൻ രസനയിൽ പടരുവാൻ
കൊതിയുണ്ട് തേവരേ, പലകുറി.

കറിവേകാൻ പയറില്ല, മുളകില്ല, ഉപ്പില്ല
പര്യമ്പറത്തിൻറെ മൂലയിൽ നാമ്പിട്ട
കപ്പളത്തൈപോലും പണയം കൊടുത്തൊരാ
മലയാളി,മാറ്റമില്ലാത്തൊരു കൊലയാളീ....
നനയാത്തനാവിൻറെ നിലവിട്ട പൊള്ളലിൽ
പലവേള നിർത്തിയും, നിർത്താതെ നീറുന്ന
വിളിയുടെ മറുപടി ചിതറിത്തെറിക്കുന്നു

കറിവെന്തിട്ടില്ലിതുവരെ... 
കറിവെന്തിട്ടില്ലിതേവരേ...
കറിവെന്തിട്ടില്ല തേവരേ... 

                                                   (മഹാകവി സോമൻ)