Thursday, 1 December 2011

മുല്ലപ്പെരിയാർ പ്രശ്നത്തിൽ തമിഴന്റെ പക്ഷം.... ആസന്ന മൃത്യുവിൽ മലയാളിയുടെ പ്രാർഥനയും....

മുല്ലപ്പെരിയാർ പ്രശ്നത്തിൽ തമിഴന്റെ പക്ഷം.... ആസന്ന മൃത്യുവിൽ മലയാളിയുടെ പ്രാർഥനയും.... 

പെരിയാർ പാട്ടക്കരാറും മുല്ലപ്പെരിയാർ അണക്കെട്ടും കേരളത്തിന്റെ ഉറക്കം കെടുത്തിത്തുടങ്ങിയിട്ട് വർഷങ്ങളായി.എന്താണ്‌ യഥാർത്ഥത്തിൽ മുല്ലപ്പെരിയാറിന്റെ ചരിത്രം? 
1882 ഒക്ടോബറിൽ ദിവാൻ പേഷ്കാരുടെനേതൃത്വത്തിൽ പെരിയാറിലെ വെള്ളം മദിരാശിയിലേക്ക് വഴിതിരിച്ച് വിടേണ്ടത് സംബന്ധിച്ച് തീരുമാനിക്കുവാൻ ഒരു കമ്മറ്റിയുണ്ടാക്കി. അതേ വർഷം മാർച്ച് 20ന്‌ ഡാം പണിയുന്നത് തിരുവതാംകൂറിന്‌ ഭീഷണിയാകുമെന്ന റിപ്പോർട്ട് കമ്മറ്റി നല്കി. ഇതേത്തുടർന്ന് ഉപേക്ഷിക്കപ്പെട്ട ആ പദ്ധതി വിശാഖം തിരുനാളിന്റെ കാലശേഷം മദിരാശി ഭരണകൂടം വളഞ്ഞ വഴിയിൽ നടപ്പാക്കി.നാമ മാത്രമായ പ്രതിഫലത്തിൽ999 വർഷത്തേയ്ക്ക് മുല്ലപ്പെരിയാറിൽ നിന്നും വെള്ളം കൊണ്ടുപോകാമെന്നായിരുന്നൂ കരാർ. നിർമ്മാണ പ്രവർത്തനങ്ങൾക്കായി തിരുവതാംകൂർ നല്കിയതാവട്ടെ 8000 ഏക്കർ സ്ഥലവും. 
അൻപത് കൊല്ലം ആയുസ് പറഞ്ഞ് പണിതുയർത്തിയ അണക്കെട്ട് ഇന്ന് അതിജീവനത്തിന്റെ 116 വയസുകൾ പിന്നിട്ടിരിക്കുന്നു.ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന അണക്കെട്ടുകളിലൊന്നാണ്‌ ഇന്ന് മുല്ലപ്പെരിയാർ. ചീഫ് എഞ്ചിനീയർ പെന്നിക്വിക്ക് അവകാശപ്പെട്ട ആയുസ്സിന്റെ ഇരട്ടിയും കഴിഞ്ഞ ഈ അണക്കെട്ടിനെന്തെങ്കിലും സംഭവിച്ചാൽ 35 ലക്ഷത്തിലധികം ജനങ്ങളെയാണ്‌ പ്രതികൂലമായി ബാധിക്കുക. അതുമാത്രമല്ല ജലവൈദ്യുത പദ്ധതികൾ, സസ്യ, ജന്തു ജാലങ്ങൾ തുടങ്ങി സമീപപ്രദേശത്തെയാകമാനം മുക്കിക്കൊല്ലാൻ ശക്തിയുള്ള ആ മഹാവിപത്ത് ദൈവത്തിന്റെ സ്വന്തം നാടിനെ വേരോടെ മുടിക്കും. 
ഇന്ന് അണക്കെട്ടിന്റെ സ്ഥിതി അതീവഗുരുതരമായിത്തുടരുകയാണ്‌. ചോർച്ച വർദ്ധിച്ചിരിക്കുന്നു... ഭൂകമ്പങ്ങൾ തുടർക്കഥകളാകുന്നു... ജല നിരപ്പ് വർദ്ധിച്ചുവരുന്നു...1979ൽ ചോർച്ച രൂക്ഷമായപ്പോൾ കേന്ദ്ര ജലക്കമ്മീഷന്റെ വിദഗ്ദ സംഘം അണക്കെട്ട് പരിശോദിച്ച് അപകടാവസ്ഥ വ്യക്തമാക്കിയതും തുടർന്ന് പുതിയ അണക്കെട്ടിന്റെ ആവശ്യമുയർത്തിയതും അത് കേരളവും തമിഴ്നാടും അംഗീകരിക്കുകയും ചെയ്തതാണ്‌. അന്ന് പുതിയ അണക്കെട്ടിന്റെ സ്ഥലനിർണ്ണയത്തില്പ്പോലും പങ്കെടുത്ത തമിഴ്നാട് സർക്കാർ പിന്നീട് ചില അജ്ഞാത കാരണങ്ങളാൽ എതിർ നിലപാടെടുത്തു. 

മുൻപ് അണക്കെട്ടിന്റെ ദയനീയ സ്ഥിതിയും, ഭൂകമ്പ സാധ്യതയും, ജനങ്ങളുടെ ഭയാശങ്കകളും കണക്കിലെടുത്ത് സുപ്രീം കോടതിയുടെ അടിയന്തിര പരിഗണനയിൽ ഈ പ്രശ്നമെത്തുകയും, അതിൻ മേൽ വാദം കേൾക്കുകയും ചെയ്തതാണ്‌.എന്നാൽ 2006 ഫെബ്രുവരി 27ന്‌ സുപ്രീം കോടതി ഡിവിഷൻ ബഞ്ച് കേരളത്തിന്റെ താല്പര്യങ്ങൾ അവഗണിച്ച് അണക്കെട്ട് സുരക്ഷിതമാണെന്നും, ജലനിരപ്പ് 136ൽ നിന്നും 142 അടി വരെ ഉയർത്താമെന്നും തുടർന്ന് ബേബി ഡാം കൂടി ശക്തമാക്കിയാൽ അത് 152 അടി വരെയാക്കമെന്നുമുള്ള തലതിരിഞ്ഞ വിധി നല്കി. ഈ വിധിയാണ്‌ ജയലളിതയും മറ്റ് തമിഴ് അധികാരികളും ഇന്നും ഉയർത്തിക്കാട്ടിക്കൊണ്ടിരിക്കുന്നത്. 
തുടർന്ന് വന്ന കേരള സർക്കാറിന്റെയും, ബ്യൂറോക്രസിയുടെയും ശക്തമായ ഇടപെടലുകൾ നിമിത്തം സുപ്രീം കോടതി വീണ്ടുവിച്ജാരത്തിന്‌ തയ്യാറാവുകയും, ഡിവിഷൻ ബെഞ്ചിന്റെ വിധി പുന പരിശോധിക്കുകയും ചെയ്തു.2006 നവംബർ 29 ന്‌ കേരളാ, തമിഴ്നാട് മുഖ്യ മന്ത്രിമാരുടെ ചർച്ച ദില്ലിയിൽ നടത്തി. അവഗണന തുടർന്ന തമിഴ്നാട് സർക്കാരിന്റെ സഹകരണം പ്രതീക്ഷിക്കാതെ കേരളാ മന്ത്രി സഭ 2007 ആഗസ്റ്റ് 14ന്‌ പുതിയ അണക്കെട്ട് എന്ന ആശയം മുന്നോട്ട് വെച്ചു. 2007 നവംബർ 19ന്‌ പുതിയ അണക്കെട്ടിനായുള്ള സ്ഥലമെടുപ്പ് സർവ്വേ ആരംഭിക്കുകയും ഏഴ് കിലോമീറ്റർ സർവ്വേ പൂർത്തിയാക്കുകയും ചെയ്തു. ശേഷിച്ച കിലോമീറ്റർ കടുവാ സങ്കേതത്തില്പ്പെടുന്നതിനാൽ കേന്ദ്രാനുമതി തേടുകയും ചെയ്തു. 

തുടർന്ന് വന്ന കേരളാ സർക്കാരിന്റെ നിസംഗതയാണ്‌ ഇന്നത്തെ ഭീതിതമായ അവസ്ഥയിൽ മുല്ലപ്പെരിയാറിനെ എത്തിച്ചത്.2011 ജൂൺ 13 ന്‌ അണക്കെട്ടിന്റെ ദയനീയാവസ്ഥ തുറന്ന് കാട്ടി കേന്ദ്ര ജലക്കമ്മീഷൻ റിപ്പോർട്ട് നല്കിയെങ്കിലും ജന സമ്പർക്ക പരിപാടികളുടെയും, കർമ്മ പരിപാടികളുടെയും കാട്ടിക്കൂട്ടലുകളിൽ മുല്ലപ്പെരിയാറിന്റെ നിലവിളി മുങ്ങിപ്പോയി. തുടർന്ന് മുല്ലപ്പെരിയാറിലുണ്ടായ ഭൂചലനങ്ങളും, ഭയ വിഹ്വലരായ ജനങ്ങളുടെ പ്രതിക്ഷേധവുമാണ്‌ കേരളാ സർക്കാരിനെയുണർത്തിയത്. എങ്കിലും കേന്ദ്ര സർക്കാരിന്റെ പിന്തുണ നേടിയെടുക്കുവാൻ കഴിഞ്ഞിട്ടില്ല എന്നത് പരിതാപകരമാണ്‌.35 ലക്ഷത്തിലധികം പ്രജകളുടെ ജീവൻ നൂല്പ്പാലത്തിൽ നില്ക്കുമ്പോൾ രണ്ട് മന്ത്രിമാരെ കേന്ദ്രത്തിലേയ്ക്കയച്ച് ചലച്ചിത്ര അവാർഡ് നിശയ്ക്ക് പോയ മുഖ്യനെ എന്ത് പേരാൺ് വിളിക്കുക??? കേന്ദ്രത്തിലെത്തിയ മന്ത്രി പുംഗവന്മാർ സായിപ്പിനെക്കണ്ടപ്പോൾ കവാത്ത് മറന്നേ പോയി. മുൻപ് ടി വി ചാനലിൽ വികാര വിക്ഷോഭം നടത്തി കയ്യടി നേടിയ മന്ത്രിയച്ചായൻ 126 വർഷം മുൻപത്തെ കരാർ അതേപറ്റി നിലനിർത്താൻ മധ്യസ്ഥതയ്ക്ക് ശ്രമിക്കാമെന്ന അരുളപ്പാട് കേട്ട് തലകറങ്ങിപ്പോയതും സത്യം തന്നെ. 
ഇന്ന് ജലനിരപ്പ് 136.4 അടിയായി ഉയർന്നിരിക്കുന്നു. അണക്കെട്ടിന്റെ ഗ്യാലറിയിലെ 17,18 ബ്ലോക്കുകളില്പുതിയ ചോർച്ച കാണുന്നു. തുടരെത്തുടരെ ഭൂകമ്പങ്ങളുണ്ടാവുന്നു. അണക്കെട്ടിന്റെ കാര്യത്തിൽ എന്തു ചെയ്തെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന്‌ വിശദീകരണം നല്കുവാൻ 48 മണിക്കൂർ ആവശ്യപ്പെട്ട അഡ്വേക്കേറ്റ് ജനറലിനും കേരളാ സർക്കാരിനും കോടതിയുടെ വക രൂക്ഷ വിമർശനം. മുല്ലപ്പെരിയാറില്ക്കൂടിക്കടന്നു പോകുന്ന സോയിൽ പൈപ്പിങ്ങ് പ്രകൃതിദുരന്തമാണെന്നും ഭൌമ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നല്കിയിരിക്കുന്നു. 

ഇതൊന്നും കണക്കാക്കാതെ കുലുങ്ങാത്ത കേളനായി ജയലളിത ഊട്ടിയിൽ സുഖ വാസത്തിലും.... 
മലയാളിക്ക് മനസ്സറിഞ്ഞ് ഒരൊറ്റ പ്രാർഥന മാത്രം.... “ദൈവമേ..... പുതിയ അണക്കെട്ട് വരുന്നത് വരെ ഭൂകമ്പമുണ്ടാവരുതേ”... 

2 comments:

  1. nammuku ithu parayanalle pattu, keralathile janangal ethu partiye jayipichalum ithallathe enthundakan? Nammuku 4 the people pole akan kazhiyillallo?

    ReplyDelete
  2. നമുക്കു ശ്രമിച്ചു നോക്കാം സുഹൃത്തേ... കരയുന്ന കുഞ്ഞിനേ പാലുള്ളൂ എന്നതല്ലേ സത്യം...

    ReplyDelete