Saturday, 4 February 2012

രക്തസാക്ഷികളിലെ രക്തസാക്ഷി...


ഇവിടെ സർവ്വത്ര ചോരച്ചുവപ്പുമയം... കൊടികൾ, തോരണങ്ങൾ, ചുവന്ന നിറത്തിൽ ആലേപനം ചെയ്തിരിക്കുന്ന രക്തസാക്ഷികളുടെ ഓർമ്മക്കുറിപ്പുകൾ... 
തൊഴിലാളിപ്പാർട്ടിയുടെ സമ്മേളനമാണ്‌... വയലാറിന്റെ വിപ്ലവഗാനങ്ങൾ ഇന്നും സജീവം, സുസജ്ജം... കടപ്പാട് പാർട്ടിയോട് മാത്രം... 


അങ്ങകലെ നിന്നും ഇളകിയെത്തുന്ന മഹാ മനുഷ്യ സാഗരം... ആ ചെങ്കടൽ അലയടിക്കുന്ന മുദ്രാവാക്യങ്ങളുമായി എന്നെക്കടന്നുപോയി.... 


“ചോരച്ചാലുകൾ നീന്തിക്കയറിയ, മരണത്തിന്റെ മുഖത്ത് ചവിട്ടിയ,തൂക്കുമരങ്ങളിൽ ഊഞ്ഞാലാടിയ ധീരന്മാരുടെ പ്രസ്ഥാനം”.... മുദ്രാവാക്യങ്ങൾ ഇപ്പോഴും  കടന്നുപോവാതെ എങ്ങനെയോ മനസ്സിനുള്ളിൽ കയറിക്കൂടി പ്രകമ്പനം കൊള്ളിച്ചുകൊണ്ടേയിരുന്നു.... 


മഹാജാഥ നിശ്ചലമായിത്തുടങ്ങി.... അകത്ത് മൈക്രോഫോണിൽ മുരടനക്കുന്ന ശബ്ദം... 
"കയ്യൂരിന്റെ, പുന്നപ്ര-വയലാറിന്റെ മക്കളേ"... മുതിർന്ന സഖാവ് വാക്കുകളിലൂടെ അണികളെ കോരിത്തരിപ്പിക്കുവാനോരുങ്ങുന്നു... 


നഗരിയിൽ പതിപ്പിച്ചിരിക്കുന്ന ക്രൂശിത രൂപം, ആ ജൂതരുടെ രാജാവ് എന്നെ തുറിച്ചുനോക്കിക്കൊണ്ടിരുന്നു... കുള്ളന്മാർക്കിടയിലെത്തിയ ഗള്ളിവറിനേപ്പോലെ... 


സഖാവ് പറഞ്ഞവസാനിപ്പിക്കുന്നു... "അങ്ങനെ വിപ്ലവകാരികളെത്തിരഞ്ഞാൽ ചരിത്രത്തിൽ നിന്നും, എന്തിന്‌ മതഗ്രന്ഥങ്ങളിൽ നിന്നുപോലും നമുക്ക് അവരെ പരിചയപ്പെടാം... അതിന്‌ ഉത്തമോദാഹരണമാണ്‌ യേശുദേവൻ... ആദ്യത്തെ വിപ്ലവകാരി... അടിച്ചമത്തപ്പെട്ടവന്‌ വേണ്ടി ശബ്ദമുയർത്തിയ ആദ്യ മനുഷ്യരിലൊരാൾ... ആ മഹത് സ്മരണയ്ക്ക് മുൻപിൽ രക്താഞ്ജലികളർപ്പിച്ച്  നിർത്തട്ടെ.... ഈക്വിലാബ് സിന്ദാബാദ്"... 


ഹർഷാരവങ്ങൾക്ക് ശക്തികുറഞ്ഞപ്പോൾ ചുവന്ന കസേരകൾക്കിടയിൽ നിന്നും വിപ്ളവം കലർന്ന ചോദ്യമുയർന്നു... “ സഖാവേ, യേശുവാണ്‌ ആദ്യ വിപ്ലവകാരിയെങ്കിൽ ആരായിരിക്കും ആദ്യത്തെ രക്തസാക്ഷി?”... 


നേതാവ് വിയർത്ത്... വിളറി... കിതച്ചു..... അത്.... അത്.... ചർച്ചയിൽ ഉന്നയിക്കാം.... 


കൊമേർസ്യൽ ബ്രേയ്ക്കിൽ കട്ടൻ  ചായയ്ക്കും പരിപ്പുവടയ്ക്കും പകരം പുതുതായി സ്ഥാനം പിടിച്ച ബർഗറുകളും ഇളനീരും... സ്വദേശി വിദേശി മിശ്രണത്തിന്റെ ഉത്തമ സങ്കലനം .... 


സഖാവ് ബർഗറുപേക്ഷിച്ച് ലൈബ്രറിയിലേയ്ക്കോടി.... ഇടുങ്ങിയ കറുത്ത റാക്കുകളിലെ പൊടി പിടിച്ചവശരായ ദാസ് ക്യാപ്പിറ്റലും, മാനിഫെസ്റ്റോയും പ്രതീക്ഷയോടെ അയാളെ നോക്കി... 
സഖാവ് പുത്തൻ റാക്കുകളിലെ ഖുർ-ആനും, ബൈബിളും, ഗീതയും ആവേശപൂർവ്വം മറിച്ചുകൊണ്ടേയിരുന്നു... 


“യൂറേക്കാ”.... അജ്ഞതയുടെ നഗ്നതയെ മറികടന്ന അഭിനവ ആർക്കമെഡീസ് സമ്മേളന നഗരിയിലേയ്ക്കോടി... 


“ഏകലവ്യൻ.... സഖാവ് ഏകലവ്യനാണ്‌ ആദ്യരക്തസാക്ഷി... ദ്രോണർ എന്ന സ്വജനപക്ഷപാതിത്വത്തിൽ അന്ധനായ ഗുരുവിന്റെ കുടിലതയിൽ പെരുവിരൽ നഷ്ടപ്പെട്ട ഏകലവ്യൻ”..... “ചരിത്രത്തിലെ ആദ്യ വർഗ്ഗീയ ഫാസിസ്റ്റായ ദ്രോണർ”..... 


ഒന്നിനെതിരെ രണ്ട് ഉത്തരങ്ങളുമായി സഖാവ് തിളങ്ങി... 

അണികൾ ഏറ്റുപാടി.... 
“ഇല്ലാ... ഇല്ല മരിക്കില്ല... ഏകലവ്യൻ മരിക്കില്ല.... 
ജീവിക്കുന്നവൻ ഞങ്ങളിലൂടെ, ഞങ്ങളിലൊഴുകും ചോരയിലൂടെ”.... 

പുറത്ത് കവിതാശകലങ്ങൾ അപ്പോഴും ഒഴുകിക്കൊണ്ടേയിരുന്നു... 


“ഒരിടത്തവന്നുപേർ ചെഗ്ഗ്വേരയെന്നെങ്കിൽ, ഒരിടത്തവന്നു ഭഗത്സിങ്ങ്  പേർ... 

ഒരിടത്തവൻ യേശു ദേവനെന്നാണ്‌, വേറൊരിടത്തവന്ന് മഹാഗാന്ധി പേർ... 
രക്തസാക്ഷി... നീ മഹാ പർവ്വതം , കണ്ണിനെത്താത്ത ദൂരത്തുയർന്നു നില്ക്കുന്നു നീ”.... 

No comments:

Post a Comment