Sunday, 26 February 2012

ബിവറേജിലെ സെലിബ്രിറ്റി ക്രിക്കറ്റ്..

"ഭാഗ്യക്കുറികൾ... ഭാഗ്യക്കുറികൾ.... ഭാഗ്യക്കുറികൾ... 
നാളെയാണ്‌, നാളെയാണ്‌... പരിമിതങ്ങളായ ടിക്കറ്റുകൾ, നാമമാത്രമായ ഭാഗ്യക്കുറികൾ... ഭാഗ്യ ദേവത നിങ്ങളെ മാടി മാടി വിളിക്കുന്നു"... 
ഞാൻ ബിവറേജിന്റെ ക്യൂവിൽ നിന്ന്‌ ഞെരി പിരി കൊണ്ടു... 


പുറത്ത്‌ ഭാഗ്യം വില്ക്കുന്നവരുടെ തിരക്ക്‌... വലതു ഭാഗത്ത്‌ നിന്നും ഒരു പാട്ട്‌--,..''രണ്ടക്ക, റണ്ടക്ക..റണ്ടക"... 
വയറ്റത്തടിച്ച്‌ പാട്ടുപാടുന്ന ആ തമിഴനെ ഞാൻ ഒളികണ്ണിട്ടു നോക്കി... പാവം, ഒരു നേരത്തെ വിശപ്പടക്കാൻ സ്വന്തം വയറിനെ ചെണ്ടയാക്കി അയാൾ പാടുകയാണ്‌......
അപ്പുറത്ത്‌ ടി.വി ഷോറൂമിൽ സെലിബ്രിറ്റി ക്രിക്കറ്റ്‌ ലീഗ്‌ തകർത്തു പെയ്യുന്നു. മസില്‌ പിടിച്ച തവളെയേപ്പോലെ സൂപ്പർ സ്റ്റാർ ബോൾ ചെയ്യുന്നു... അവിടെ തമിഴന്മാർ മലയാളത്താന്മാരെ അടിച്ച്‌ പരണേൽ കേറ്റുന്നു... 
"ഹും, സൂപ്പർ സ്റ്റാർ... എന്റെ കൂവേ, ആകാവുന്ന പണിക്ക്‌ പോയാൽ പോരെ"... ഒരു മമ്മൂട്ടി ഫാൻ, മോഹൻ ലാലിനെ കളിയാക്കുന്നു.. 
പൊടുന്നനെ വന്നു മറുപണി, "ന്നിട്ട്‌ നെന്റെ മമ്മൂട്ടി കളിക്കുന്നില്ലല്ലോ??? അതെങ്ങനാ, ചട്ടന്മാരെ കളിക്കു കൂട്ടുവോ അല്ലേ, ഡേയ്‌, ഓനെ വല്ല സ്പെഷ്യൽ ഓളിംബിക്സിനും വിടഡേ"... 
മമ്മൂട്ടി ഫാനിന്റെ വായടഞ്ഞു... ചെറു ചിരിയോടെ മോഹൻ ലാൽ ഫാൻ എന്നെത്തോണ്ടി, "ചേട്ടാ, ഒരു ലിറ്റർ വാങ്ങിത്തരാമോ??? "
ഞാൻ കൈ നീട്ടി പൈസ വാങ്ങി. "ഏതാ???"..."ഒരു കുറഞ്ഞത്‌..."'' തെല്ലു ജാള്യതയോടെ അയാൾ പിറുപിറുത്തു... 
ഞാൻ മനസ്സിലോർത്തു, "നടന്മാർക്ക്‌ ക്രിക്കറ്റ്‌ ടീമായി, ഇനി നമ്മുടെ രാഷ്ടീയക്കാർക്കാണ്‌ വേണ്ടത്‌..."'' എന്റെ ആത്മഗതം കുറച്ച്‌ വെളിയിലെത്തിയത്‌ ഞാൻ അറിഞ്ഞില്ല... 
''ഹത്‌ കൊള്ളാം'', താടി നീട്ടി വളർത്തിയ ജുബ്ബാക്കാരൻ അതേറ്റ്‌ പിടിച്ചു... "അതാവുമ്പോൾ തകർക്കും... അച്ചുമ്മാമനെ ക്യാപ്റ്റനും, പിണറായിയെ വൈസ്‌ ക്യാപ്റ്റനുമാക്കണം". 
അത്‌ കൊള്ളാല്ലോ, എനിക്കും രസം പിടിച്ചു. "അപ്പോ ആര്‌ ഓപ്പൺ ചെയ്യും???? "
"അതു് ,,ഉമ്മച്ചൻ തന്നെ അല്ലാണ്ടാര്‌??? കുഞ്ഞൂഞ്ഞാവുമ്പോൾ മുടിഞ്ഞ സെറ്റപ്പല്യോ?, ഓൻ തല്ലിക്കൊന്നാലും ഔട്ടാവൂല്ല, സ്റ്റെപ്നിയെ വെച്ച്‌ കളിപ്പിക്കും"... 
"ങേ... അതാരാ സ്റ്റെപ്നി???" ഞാൻ ഞിഞ്ജാസ പൂണ്ടു. 
"നുമ്മടെ ചീഫ്‌ വിപ്പാ അതിന്‌ യോഗ്യൻ, അങ്ങേർക്ക്‌ തെറി വിളീം തെന്തനവും കൂടപ്പിറപ്പല്യോ??? "


“രണ്ടക്ക, രന്റക.... റണ്ടക്ക...” ആ തമിഴന്റെ നിലവിളി അപ്പോഴും മുഴങ്ങിക്കൊണ്ടേയിരുന്നു.


"ആട്ടെ കുഞ്ഞൂഞ്ഞ്‌ ബാറ്റ്‌ ചെയതാൽ ആരാ ബോള്‌ ചെയ്യുക?? "
"അതിനല്ലേ കെപിസിസി പ്രസിഡന്റ്‌...""''...  ജുബ്ബാക്കാരൻ തീർപ്പ്‌ കല്പ്പിച്ചു. 
ഇയാൾ കോള്ളാല്ലോ? ഞാൻ മനസ്സിലോർത്തു. 
"അംബയർ ആരാവും?" ഞാൻ തവണ കൂടി തിരികൊളുത്തി... ജുബ്ബാക്കാരന്‌ പിറകിൽ ഞങ്ങളെ ശ്രവിച്ച്‌ നിന്ന കൈലിമുണ്ടുകാരൻ പറഞ്ഞു,“ അമ്പൊന്നും ഇല്ല വേണേൽ പാര വെച്ചെറിയാൻ ആളുണ്ട്‌... നുമ്മടെ പിള്ളേച്ചൻ.” 
ആഹാ! രംഗം കൊഴുത്തു തുടങ്ങിയല്ലോ? "തോല്ക്കുമ്പോ കരയാൻ വിമാനച്ചായൻ ഉണ്ട്‌......"'',,,, "വാതു വെക്കാൻ കല്മാടിയേയും, ചിദംബരത്തെയും വരുത്താം". "അവരുടെ ഇടനിലയ്ക്ക്‌ തരൂരും, വിയർപ്പോഹരിക്ക്‌ മിസ്സിസും ഉണ്ടാവും"... 
"കൊമേഴ്സ്യൽ ബ്രേയ്ക്കിന്‌ സമദൂരക്കാരൻ സുകുമാരൻ നായരും, വെള്ളാപ്പള്ളിയുമായുള്ള ചർച്ച വെക്കാം, അത്‌ ബ്രിട്ടാസ്‌ കോമ്പയർ ചെയ്യട്ടെ"... 
"അപ്പോൾ വേറെ കോമഡി ഷോ വേണ്ടല്ലോ???" 
"തേർഡ്‌ അമ്പയറായി ആന്റണിച്ചായൻ വരട്ടെ,കൂടെ രവിച്ചേട്ടനും,വൈക്കം വിശ്വനും ആവട്ടെ ".... 
"ആരു വേണേലും വന്നോട്ടെ, പക്ഷേ ചിയർ ഗേളായി ടിച്ചറമ്മ തന്നെ വേണം"... ബില്ലടിക്കുന്ന കക്ഷി ഇടപെട്ടു... 
ടീച്ചറമ്മയോ? ഞാൻ നെറ്റി ചുളിച്ചു. അയാൾ കസേരയിൽ നിന്നു ചാടിയെണീറ്റ്‌ ഡാൻസ്‌ തുടങ്ങി.. "നിന്നെക്കാണാനെന്നെക്കാലും ചന്തം തോന്നും കുഞ്ഞിപ്പെണ്ണേ... എന്നിട്ടെന്തേ, നിന്നെക്കെട്ടാനിന്നുവരെ വന്നില്ലാരും"..... 
"ഓ... ഇപ്പൊ പിടികിട്ടി".... ഞാൻ ഊറിച്ചിരിച്ചു. 
പണം കൊടുത്ത്‌ കറുത്ത സ്പിരിറ്റും വാങ്ങി ഞാനിറങ്ങി... 
ഹോ, കേരള സർക്കാരിന്റെ അക്ഷയ പാത്രം, ചാരായനിരോധനം വന്നില്ലായിരുന്നെങ്കിൽ ഇങ്ങനെയൊരു പ്രസ്ഥാനമേ ഉണ്ടാകുമായിരുന്നില്ലല്ലോ??? 
ആന്റണിച്ചായന്‌ സ്തുതിയായിരിക്കട്ടെ!!! 
ഞാൻ പാട്ടുകാരന്റെയടുത്തെത്തി... അയാൾ അപ്പോഴും ആ പാട്ട്‌ തന്നെ പാടിക്കൊണ്ടിരുന്നു... ”റന്റക,രണ്ടാക.....രൻഡക്ക“.... 
”എന്റെ ഉവ്വാ, ഇതൊന്നു മാറ്റിപ്പിടി, ഇത്‌ പഴേ പാട്ടല്ലേ“... ഞാൻ ചില്ലറയെടുത്ത്‌ അയാൾക്ക്‌ നല്കി. 
”നിക്ക്‌ ബേണ്ടാ... സായം കാലം നാൻ വേലയെടുക്കറതില്ല സാർ-“ 
”ങേ“... ഞാൻ അത്ഭുതപ്പെട്ടു. ”പിന്നെ നീ പാടിയതോ?“... 
”അത്‌ പാട്ടല്ല സാർ, എന്നോടെ കൂടെ പകുതി പണം ഇരിക്കറുത്‌, നീങ്ക റെഡിയാ, ഒരു പയന്റ്‌ വാങ്ങി രണ്ടാക്കാം“.... 
എനിക്കൊന്നും മനസ്സിലായില്ല. താടിവെച്ച ജുബ്ബക്കാരൻ പുറകിൽ നിന്ന്‌ വിളിച്ചു പറഞ്ഞു, "മാഷേ... അത്‌ ഓൻ പാടിയതല്ല. അവന്റെ കയ്യിൽ ഒരു പൈൻറ്റിന്റെ പകുതി കൊടുക്കാനുള്ള പൈസായുണ്ട്‌, ആരെങ്കിലും ഷെയർ ഉണ്ടോയെന്ന്‌ ചോദിച്ചതാ...പൈന്റ് രണ്ടാക്കാൻ... രണ്ടാക്കാം, രണ്ടാക്കാം"... ജുബ്ബാക്കാരനും ഏറ്റുപാടി...
ഞാൻ ഞെട്ടിത്തിരിഞ്ഞ്‌ ഇരുളിലേയ്ക്കിറങ്ങി നടന്നു. എന്റെ ചെവിക്കുള്ളിൽ അപ്പോഴും അയാൾ ബസിൽ വെച്ച്‌ പാടിയ പാട്ട്‌ മുഴങ്ങിക്കൊണ്ടിരുന്നു.... 
"വളിയമ്പലത്തിൽ,വളി തെറ്റി വന്നു, ഞാനൊരു വാനമ്പാടി...ഒരു ചാൺ വയറിന്‌ പുൽക്കൊടിത്താളത്തിൽ കണ്ണീർപ്പാട്ടുകൾ പാടാം ഞാൻ... കണ്ണീർപ്പാട്ടുകൾ പാടാം ഞാൻ...ഓ...ഓ ഓ ഓ"... 

1 comment:

  1. നേരെയുള്ള,നേരുള്ള കാഴ്ച.... കിഴക്കേടം കലക്കി...മുടുക്കന്‍...മുടുമുടുക്കന്‍ :)))

    ReplyDelete