Sunday 26 February 2012

പരമു നേഴ്സും, പാച്ചു മൊതലാളിയും പിന്നെ ലവ് ജിഹാദും...

പാച്ചുവും പരമുവും കൂട്ടുകാരായിരുന്നു. കൂട്ടെന്നുപറഞ്ഞാൽ ഒരൊന്നൊന്നൊന്നര കൂട്ട്‌. ഒരേ പായിലുറങ്ങി, ഒരേ പ്ളേറ്റിൽ ഉണ്ട്‌ അവരങ്ങനെ കാലം കഴിക്കവേ പരീക്ഷ ഭീകരൻ ഓരെ നിർദ്ദാഷിണ്യം പിരിച്ചയച്ചു. എസ്‌.എസ്‌.എൽസി ഭീകരൻ.... പാച്ചു തോറ്റ്‌ തുന്നം പാടി, പരമുവാട്ടെ കഷ്ടിച്ച്‌ രക്ഷപെട്ടു. സങ്കടം മൂത്ത്‌ വിതുമ്പിയ പാച്ചു വിങ്ങിപ്പറഞ്ഞു, “പരമൂ... നുമ്മളെ ആരും പിരിക്കരുത്‌ ട്ടോ, നുമ്മക്ക്‌ പടിത്തം നിർത്താട്ട്വോ... വല്ല പണിക്കും പോവ്വാം”...
പരമു കുതറിമാറി, ഞെളിഞ്ഞ്‌ നിന്ന്‌ പറഞ്ഞു, തേ... ഞാൻ പടിച്ചിട്ടാ പാസ്സായെ, യ്യ്‌ എന്തേ അങ്ങനെ ചെയ്യാഞ്ഞേ... ഞാൻ പടിത്തം നിർത്തൂല്ല... ക്ക്‌ പടിക്കണം... അതോണ്ടേ കാര്യ്ള്ളൂ...
പാച്ചു ഒരു നിമിഷം നിശബ്ദനായി... ഹോ, ബല്യ പടിത്തക്കാരൻ... നിക്കറിയാം യ്യ്‌ ആ സുഹറേടെ നോക്കിയെഴുതി ജയിച്ചതല്ലേ... ന്റെ പരമൂ... ത്‌, നെനക്ക്‌ പറ്റിയ പണിയല്ല....
പ്ഫ... ചൂലേ...യ്യ്‌ ന്താ പറഞ്ഞേ... പരമു വയലന്റായി...
അനന്തരം കൈക്രിയകൾക്കൊടുവിൽ കൂട്ടുകാർ തെറ്റിപ്പിരിഞ്ഞു...
പാച്ചു അപ്പന്റെ കൂടെ തേങ്ങായിടാനും, പരമു ഹ്യുമാനിസ്റ്റിസ്‌ പ്ളസ്‌ റ്റു പഠിക്കാനും....
കാലം കഴുകനെപ്പോലെ അവർക്കിടയിൽ കറങ്ങിത്തിരിഞ്ഞുകൊണ്ടേയിരുന്നു... പാച്ചു തേങ്ങായിടീൽ നിർത്തി,കൂലിപ്പണിക്ക്‌ പോയിത്തുടങ്ങി. പരമു സുഹറേടോപ്പം കഷ്ടിച്ച്‌ പതിനോന്നും പന്ത്രണ്ടും കടന്നു കൂടി...
ഇന്ന്‌ പാച്ചുവും പരമുവും ബദ്ധ ശത്രുക്കളാണ്‌, കാലം ആ ശത്രുതയുടെ മാറ്റ്‌ കുറയ്ക്കുവാൻ തെല്ലും ശ്രമിച്ചതുമില്ല.
പന്ത്രണ്ട്‌ കഴിഞ്ഞ പരമുവിനെത്തേടി ഏജന്റുമാരെത്തിത്തുടങ്ങി... ലോൺ എടുത്തു തരാം, ഒരു രൂപാപോലും മുടക്കെണ്ട, നഴ്സിങ്ങ്‌ പഠിക്കാമല്ലോ??? അവസാനം പരമു വലയിൽക്കുടുങ്ങിയൊതുങ്ങി, നഴ്സിങ്ങ്‌ പഠിക്കാൻ ബാംഗ്ളൂർക്ക്‌ പോയി... കൂടെ സുഹറയും..
പാച്ചുവാട്ടെ പൈതൃകമുപേക്ഷിച്ച്‌ കച്ചവടം തുടങ്ങി... സോപ്പ്‌, ചീപ്പ്‌, കണ്ണാടി പിന്നെക്കുറെ കള്ളക്കടത്ത്‌ സാമാനങ്ങളും...
കാലചക്രം കറങ്ങിത്തിരിഞ്ഞ്‌ പണ്ടാരമടങ്ങിക്കൊണ്ടിരുന്നു..
പരമുവും സുഹറയും കോഴ്സ്‌ കഴിഞ്ഞ്‌ ബോണ്ട്‌ ചെയ്ത്‌ തുടങ്ങി, പാച്ചുവോ...ശ്ശോ... അങ്ങനെ പറയരുത്‌, പാച്ചു മൊതലാളി... അങ്ങേരിപ്പോ വല്യ പുള്ളിയല്ലോ... നാടുനീളെ കടകൾ, റിയൽ എസ്റ്റേറ്റ്‌, കള്ള്‌ ഷാപ്പ്‌... അങ്ങനെ പോകുന്നു കാര്യങ്ങൾ...
പുതുതായിത്തുടങ്ങിയ ആശുപത്രിക്ക്‌ പാച്ചു മെമ്മോറിയൽ ആശുപത്രി എന്ന്‌ പേരിട്ടതിനെ കളിയാക്കിയവരെ മൊതലാളി തൃണവത്ഗണിച്ചു... “ഹും... അസൂയ.... അല്ലാണ്ടെന്താ”...
അപ്പുറെ, പരമുവും സുഹറയും പഠിച്ചു പരണേല്കേറി നാട്ടിലെത്തി... സുഹറ സിസ്റ്ററും, പരമു സിസ്റ്ററനും... നാട്ടിൽ വന്ന ഉടൻ തന്നെ പരമു സുഹറയുടെ വീട്ടിലെത്തി... “നിക്ക്‌ ഓളെ കല്യാണം കഴിക്കണം”... പരമുവിന്റെ പ്രസ്താവന കേട്ട്‌ ബഷീർ ഞെട്ടിയില്ല, ഓൻ ചെറു ചിരി ചുണ്ടിലൊതുക്കിപ്പറഞ്ഞു, അതിന്‌ നെനക്ക്‌ പണിയുണ്ടോ?, എങ്ങനെ നോക്കും ഇവളെ???? അതും പോട്ടെ യ്യ്‌ ഒരു കാഫിർ ല്ലേ... പ്രേമം തലയ്ക്കു പിടിച്ച പരമു പറഞ്ഞു... ഇന്ന്‌ മൊതൽ നുമ്മ മതം മാറീർക്കണ്‌... നുമ്മ പരമുവല്ല, മൊയ്തീനാണ്‌... നല്ല പോളപ്പൻ ബിശ്വാസി... അനന്തരം പരമു പൊന്നാനിയിലേക്ക്‌ പോയി...
പാച്ചു നാടുനീളെ പോസ്റ്ററടിച്ച്‌ വിതരണം നടത്തി.... ഇതാണ്‌ ലവ്‌ ജിഹാദ്‌.... പരമു എങ്ങനെ മൊയ്തീനാവും... ഇതത്‌ തന്നെ ലവ്‌ ജിഹാദ്‌.... നാട്ടുകാർ അതേറ്റ്‌ പാടി...
കല്യാണം, ആഘോഷങ്ങൾ, പുതുമോടി ഓടിയകന്നു... പുത്തൻ ജീവിതത്തിന്റെ കയ്പ്പിന്‌ മുൻപിൽ പരമു...ശ്ശോ... അല്ല മോയ്തീൻ പകച്ചു നിന്നു... ഓൻ ജോലി തേടി നടന്നു...
അവസാനം പരമുമൊയ്തീൻ പാച്ചു മെമ്മോറിയൽ ആശുപത്രിയിൽ നഴ്സായി... മാസം ശമ്പളം 2500 ക...
ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ പരമുമൊയ്തീൻ ബ്ളേയ്ഡിലും തലവെച്ചു... അവസാനം നിവൃത്തിയില്ലാതെ പരമുമൊയ്തീൻ സമരം ചെയ്യാനിറങ്ങി... “നഴ്സ്മാരുടെ ശമ്പളം വർദ്ധിപ്പിക്കുക, പാച്ചുമൊതലാളി തുലയട്ടെ”...

ഒന്നാം ദിവസത്തെ സമരത്തെ പാച്ചു പുല്ല്‌ പോലെ അവഗണിച്ചു. രണ്ടാം ദിനം പരമുവിന്റെ കൂടെ സുഹ്ര നേഴ്സും ചേർന്നു. രണ്ട്‌ നാലും നാല്‌ എട്ടുമായി പെരുകിത്തുടങ്ങി. പ്രശ്നം വഷളായി, തലസ്ഥാനത്തു നിന്നും ആരോഗ്യ മന്ത്രി പറന്നെത്തി... അവസാനം പാച്ചു മൊതലാളി സമരക്കാരെ ചർച്ചയ്ക്ക്‌ ക്ഷണിച്ചു.
തന്ത്രമറിയുന്ന മന്ത്രി പാച്ചുവിനെ ഒറ്റിക്കൊടുത്തില്ല.. അയാൾ സമരക്കാരെ തെറി വിളിച്ചു, വീർത്ത പോക്കറ്റും തലോടി യാത്രയായി...
കലിപ്പ്‌ തീരാത്ത്‌ പാച്ചു ംഒതലാളി ആശുപത്രി നിർത്തി അവിടെ ന്ഴ്സിങ്ങ്‌ കോളേജ്‌ തുടങ്ങി...
പണിപോയ പരമുമൊയ്തീൻ സർക്കാരിന്റെ തൊഴിലുറപ്പ്‌ പദ്ധതിയിൽ ചേർന്ന്‌ കാട്‌ വെട്ടാൻ പോയി...
സുഹറ ഗാന്ധാരിക്ക്‌ പഠിച്ചുകൊണ്ടേയിരുന്നു...
പാച്ചുമൊതലാളി കുമ്പതലോടി പുത്തൻ ഇരു നില മാളികയുടെ മുൻപിലെ ലോണിൽ ഈസി ചെയറിൽ ചാരിക്കിടന്ന്‌ ചിന്തിച്ചുകൊണ്ടേയിരുന്നു.... “എന്റെ ദൈവമേ.... പത്ത്‌ ജയിച്ചിരുന്നെങ്കിൽ..... ഹൊ, തെണ്ടിപ്പോയേനെ”.... 

No comments:

Post a Comment