Tuesday 18 December 2012

രക്തസാക്ഷി ?



കരഞ്ഞിരുന്നൊരെൻ കുരുന്നു ചെക്കനെ
കരുത്തരായവർ വിളിച്ചടുപ്പിച്ചു
വിശന്ന കുഞ്ഞിന് പഴവും പാലുമായ്-
വിയർത്തു വന്നൊരെൻ കരം ഗ്രഹിച്ചവർ-
പറഞ്ഞതിങ്ങനെ,
"തരിക ഞങ്ങൾക്കീ കരയും പൈതലെ,
വിശപ്പു മാറ്റി നാം അധികാരത്തിൻറെ-
സുവർണ്ണ ശ്രേണിയിൽ പ്രതിഷ്ടയാക്കീടാം,
പഴുത്തു മൂത്തൊരാ കനികളൊക്കെയും,
നിനക്കു മാത്രമായ് പറിച്ചു നൽകീടാം".

"കൊടുത്തു പോവരുതിവനെ നിന്നുടെ-
മിഴിക്ക് മുൻപിലിട്ടടക്കം ചെയ്തീടും,
കശാപ്പുകാരിവർതരമൊന്നെത്തിയാൽ-
കരുണയില്ലാതെ കഴുത്ത് വെട്ടീടും.
ബലിദാനത്തിൻറെ മഹത്വം ചൊല്ലിയോർ
നിനക്കു ചുറ്റുമായ് പ്രതിരോധം തീർക്കും"
വിവശയായ് നിന്നെൻ ഇടത്തു നെഞ്ചിലെ-
ഉറവ തൻ ശബ്ദം കരഞ്ഞു തുള്ളുന്നു.
നിഷേധ ഭാവത്തിൽ ശിരസ്സുമാട്ടി ഞാൻ-
ഇടതു നെഞ്ചിൻറെ വിലാപം പൂട്ടിച്ചു.
കരുത്തരായവർ കുരുന്നു പൈതലിൻ
കരം ഗ്രഹിച്ചുകൊണ്ടകന്നകന്നു പോയ്.
നനഞ്ഞ വിങ്ങലിൽ മിഴി കുതിർന്ന നാൾ
ഭരണ സാരഥ്യപ്പകൽക്കിനാവുകൾ-
എനിക്ക് കൂട്ടിനായ് വിരുന്ന് വന്നു പോയ്...

കഴിഞ്ഞ രാത്രിയിൽ നിണമണിഞ്ഞൊരാ-
മുഖവുമായൻറെയരികിൽ വന്നവൻ
മൊഴിഞ്ഞതിങ്ങനെ,
"നശിച്ച ലോകത്തിൽ വിലയ്ക്ക് വെച്ചൊരാ-
ഭരണസാരഥ്യം കൈയ്യടക്കിവെക്കുവോർ,
കരുത്തരായവർകശാപ്പുചെയ്യുവാൻ-
എനിക്ക് ചുറ്റുമായ് നടനമാടുന്നു...
ക്ഷമിക്ക,അമ്മേ നിൻ സുവർണ്ണ സ്വപ്നങ്ങൾ-
ഫലവത്താക്കുവാൻ ശ്രമിച്ചതില്ല ഞാൻ.
സഹോദരങ്ങളെ അറവ് ചെയ്തിടാൻ
മടിച്ച കുറ്റത്തിൽ വിധിക്കപ്പെട്ടുപോയ്
ബലിദാനത്തിനായ്പുതിയ കുഞ്ഞുങ്ങൾ
വിശപ്പ് മാറാതെ നിണമൊഴുക്കുവാൻ
പിറകിലുണ്ടമ്മേ,ഒളിച്ചു കൊള്ളട്ടേ നിൻ
മടിയിൽ മാത്ര ഞാൻനിരർഥകമെന്നറിയാമെങ്കിലും.
കരഞ്ഞ് തീർക്കുവാൻ സമയമില്ലെൻറെ
നിഷേധ ബാല്യം നീ തിരിച്ചു നൽകുക..
കരിഞ്ഞ ചിന്തയിൽ മധുരമൂട്ടുക,
തനിച്ച് പോകുവാൻ കരുത്ത് നൽകുക..
നിറഞ്ഞു വിങ്ങിയ മുലകളുണ്ടു ഞാൻ
ശിശുവായ് നിന്നുടെയരികിൽ നിൽക്കട്ടെ"

നിഴലുകൾ തമ്മിലുരസുമൊച്ചയും,
കലാപത്തിൻറെ അടഞ്ഞ ശബ്ദവും
പടിപ്പുരയ്ക്കൊപ്പം ഒഴുകിയെത്തുന്നു,
നിസ്സംഗ്ഗനായ് നിന്നെൻ മകൻ ചിരിക്കുന്നു
കൊലമരത്തിൻറെയരികിലെന്ന പോൽ...

നരച്ച മാത്രുത്വം വിറച്ചു വീഴുന്നു,
നിണമൊഴുകുന്ന കനൽ വഴികളിൽ... 

3 comments:

  1. താളബോധവും, ശില്പ ഭംഗിയുമുളള ഒരു നല്ല കവിത...നന്നായി. ആശംസകള്

    ReplyDelete
  2. ആശംസകൾ
    നല്ലോണം ചൊല്ലാൻ കഴിയും ഇത്

    ReplyDelete
  3. നന്ദി.. കൂട്ടുകാരേ...

    ReplyDelete