Tuesday 12 February 2013

പിൻ കുറിപ്പ്



എഴുതിത്തുടങ്ങുവാനാവില്ലെനിക്കെൻറെ 
നഷ്ടസ്വത്വത്തിൻറെ നീറും സ്മരണകൾ..
പറയുവാനാവില്ലെനിക്കതിൻ ചിന്തകൾ
ഉരുകിത്തിളച്ചു പതഞ്ഞു പോവയാണെങ്കിലും..

കരയുവാനില്ല ഞാനിനി നിൻറെയോർമ്മകൾ
ബലിതർപ്പണം ചെയ്ത്, നിലാവിൻറെ വെളുപ്പിൽ
പുലരിതന്നുയിരിൽ, വസന്തത്തിൻ കുളിരിൽ
വിഹായസ്സിൻ വിരിവിൽപ്പറന്നുയരട്ടെ!

ഉരുകാതെയുരുകിയൊലിക്കട്ടെ ഇന്നു ഞാൻ
നഷ്ട് സ്വപ്നങ്ങളിൽ തളരാതെ, 
പിൻ വിളിയാം ചതിയിൽ മറക്കാതെ,
ഏകാന്ത യാത്രയിൽ കരയാതെ,
പകലോനായ്, ഇരവിൻറെ നാഭിച്ചുഴികളിൽ
പടരാതെ, തളരാതെ, ജനി തേടി വിടരുന്ന
പൂവിനും,വിരിയുന്ന നാമ്പിന്നുദ്യുതിയാ-
യുയിർത്തുകൊള്ളാം...


ഇനി യാത്ര... തമസ്സിൻറെയിരവിന്നുമപ്പുറം,
മൃതിയാം മായയ്ക്കുമവസാനം, പഥികനായ്
വഴിയമ്പലത്തിൻറെ തിണ്ണകൾ നിരങ്ങി,
വിഷപ്പുക ശ്വസിച്ച്, മറഞ്ഞൊരാ നിധി തേടി
അവസാനമില്ലാത്ത യാത്ര...
             

1 comment:

  1. ഈ കവിത ചൊല്ലുവാന്‍ നന്നായിരിക്കും .....
    (ഞാന്‍ ആദ്യം കരുതി ചുള്ളിക്കാടിന്‍റെ ആനന്ദധാരയുടെ പാരടി ആവും എന്ന് ... വായിച്ചപ്പോള്‍ മാറി കേട്ടോ )
    നന്നായി കവിത

    ReplyDelete