Monday 28 November 2011

തീറെഴുതി വില്ക്കുന്ന ചില്ലറ വ്യവസായ മേഖല

തീറെഴുതി വില്ക്കുന്ന ചില്ലറ വ്യവസായ മേഖല


ഇവിടെ മുല്ലപ്പെരിയാറിന്റെ തിരത്തള്ളലിൽ ജനങ്ങൾ പരിഭ്രാന്തരായി ഉഴലുമ്പോൾ അവിടെ, പുര കത്തുമ്പോൾ വാഴ വെട്ടുന്നവന്റെ ചാരിതാർത്ഥ്യത്തോടെ ചില്ലറ വ്യവസായ മേഖല കൂടി വൻ കിട കോർപ്പറേറ്റുകൾക്കയി പണയം വെച്ച് കഴിഞ്ഞിരിക്കുന്നു. അമേരിക്കയിലെ വാൾമാർട്ട്,ഫ്രാൻസിലെ കാരിഫർ,ജർമ്മൻ കമ്പനിയായ മെട്രോ, ഇംഗ്ളീഷ് കമ്പനിയായ ടെസ്കോ,തുടങ്ങിയവയുടെ വായിലേയ്ക്ക് സാധാരണക്കാരന്റെ തല തിരുകിക്കഴിഞ്ഞിരിക്കുകയാണ്‌ സിങ്ങിന്റെ അടിമ സർക്കാർ.മൾട്ടി ബ്രാൻഡ് ചില്ലറ വില്പ്പന മേഖലയിൽ 51% വിദേശ നിക്ഷേപം നല്കിയും, സിംഗിൾ ബ്രാൻഡ് വിപണിയിൽ നിലവിൽ 51 ശതമാനമുള്ള പ്രത്യക്ഷ വിദേശ നിക്ഷേപം 100% ആയി ഉയർത്തിയും കോർപ്പറേറ്റ് കഴുകന്മാർക്ക് ചിറകുനീട്ടി, തകർത്തടിച്ച് പറന്ന് സാധാരണക്കാരന്റെ ചെകിട്ടത്തടിക്കുവാനുള്ള സ്വാതന്ത്ര്യം നല്കിയതിലെ യുക്തി എന്തായിരിക്കും?
പണ്ട്, ചൈനയിൽ നിലനിന്നിരുന്ന ഓപ്പൺ ഡോർ പോളിസിയുടെ പ്രത്യക്ഷ ഉദാഹരണമായി ഭാരതത്തെ കാട്ടിക്കൊടുക്കുവാൻ സാധിക്കും ഇപ്പൊൾ ചരിത്രം പഠിക്കുന്നവർക്ക്. ഈ തലതെറിച്ച തീരുമാനം ബാധിക്കുവാൻ പോകുന്നത് നാലുകോടിയിലധികമുള്ള ചെറുകിട,ചില്ലറ വില്പ്പനക്കാരെ മാത്രമല്ല, മറിച്ച് അവരെയാശ്രയിക്കുന്ന 20 കോടി സാധാരണക്കാരെയാകമാനമാണ്‌. നാളെ കാർഷിക മേഖലകൾക്കൂടി കൈയ്യടക്കിയേക്കാവുന്ന ഈ ഭീമന്മാർ ഉല്പന്നങ്ങൾ, ഇവിടെത്തന്നെ നിർമ്മിച്ച് അവരുടെ വിലയ്ക്ക് വിറ്റഴിക്കുമ്പോൾ കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന പാവപ്പെട്ടവർക്ക് വി.ആർ.എസ് എടുത്ത് വീട്ടിലിരിക്കാം. അത് മാത്രമല്ല അന്തക വിത്തുകളും, ബി റ്റി വഴുതനയും നാളെ പ്രതികരിക്കാനാവാതെ വെട്ടി വിഴുങ്ങേണ്ടി വരും നമുക്ക്. 
എന്തിനിതൊക്കെ ചെയ്യുന്നു എന്നു ചോദിച്ചാൽ അണ്ണാ ഹസാരെ കളിക്കും സിങ്ങ്. നമ്മെയാകമാനം ബാധിച്ച വിലക്കയറ്റം, തൊഴിലില്ലായ്മ, കാർഷിക മേഖലയിലെ തകർച്ച എന്നിവയ്ക്കൊന്നും പരിഹാരമാവുന്നില്ല ഈ തീരുമാനങ്ങളൊന്നും. ഉദാരവത്കരണ നയങ്ങളുടെ പേരിൽ വ്യാപാര വിതരണ മേഖല കൂടി കോർപ്പറേറ്റുകൾക്കും, വിദേശ വ്യാപാരികൾക്കുമായി തൂത്തുവാരികൊടുക്കുകയാണ്‌ യു പി എ സർക്കാർ. ഇന്ന്‌ കടം കയറി ജീവനൊടുക്കുന്നത് കൃഷിക്കാരാണെങ്കിൽ നാളെ അത് ചെറുകിടക്കാരായ ചില്ലറക്കച്ചവടക്കാരാവും. ഇവരെയാകമാനം കൊലയ്ക്ക് കൊടുക്കുന്ന ഈ കൊടും വഞ്ചനയ്ക്ക്  ഉത്തരം പറഞ്ഞേ മതിയാവൂ പ്രിയപ്പെട്ട സിങ്ങേ നിങ്ങൾ..... 

No comments:

Post a Comment