Saturday, 31 December 2011

2011ന്റെ ശേഷിപ്പുകൾ


2011 പൂര്‍ത്തിയാകുമ്പോള്‍ ഡിജിറ്റല്‍ ലോകം ബാക്കിയാക്കുന്ന അടയാളങ്ങള്‍ എന്താണ്. ഏകാധിപത്യ ഭരണകൂടങ്ങള്‍ക്കെതിരെ ഉയര്‍ന്ന ജനകീയപ്രക്ഷോഭങ്ങള്‍ക്ക് സോഷ്യല്‍ മീഡിയ മുമ്പെങ്ങുമില്ലാത്ത വിധം കരുത്തു പകര്‍ന്നതിന് പോയ വര്‍ഷം സാക്ഷിയായി. ടൈംമാഗസില്‍ 2011 ലെ 'പേഴ്‌സണ്‍ ഓഫ് ദ ഇയര്‍' ആയി 'പ്രതിഷേധകനെ'യാണ് തിരഞ്ഞെടുത്തത്. പ്രതിഷേധങ്ങള്‍ക്ക് അഗ്നി പകര്‍ന്നതോ ട്വിറ്ററും ഫെയ്‌സ്ബുക്കും അടക്കമുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളും.

പുതിയ കാലത്തിന്റെ അടയാളം സോഷ്യല്‍ മീഡിയ തന്നെയെന്ന് അടയാളപ്പെടുത്തുകയാണ്, അറബ് നാടുകളിലെ ജനകീയ പ്രക്ഷോഭങ്ങള്‍ മുതല്‍ ഇന്ത്യയില്‍ അഴിമതിക്കെതിരെ നടന്ന പൊതുജന മുന്നേറ്റം വരെ. കേരളത്തില്‍ മുല്ലപ്പെരിയാര്‍ പ്രശ്‌നം ഇപ്പോഴത്തെ നിലയ്‌ക്കെത്തിച്ചതില്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഹിച്ച പങ്ക് ചെറുതല്ല.

സോഷ്യല്‍ മീഡിയയ്ക്ക് വര്‍ധിച്ചു വരുന്ന സ്വീകാര്യതയുടെ തെളിവാണ് ഏറ്റവുമൊടുവില്‍ പുറത്തുവന്ന ചില കണക്കുകള്‍. ഏറ്റവും വലിയ ഇന്റര്‍നെറ്റ് സെര്‍ച്ച് സൈറ്റായ ഗൂഗിളിന് തൊട്ടടുത്തെത്തിയിരിക്കുന്നു ഫെയ്‌സ്ബുക്കിലെയും സന്ദര്‍ശകരുടെ എണ്ണം എന്നാണ് മാര്‍ക്കറ്റിങ് റിസര്‍ച്ച് സ്ഥാപനമായ 'നീല്‍സണ്‍' പുറത്തുവിട്ട പുതിയ കണക്കുകള്‍ പറയുന്നത്.

2011 ല്‍ അമേരിക്കയില്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ ഗൂഗിളും ഫെയ്‌സ്ബുക്കും തമ്മിലുള്ള അന്തരം കുറഞ്ഞിരിക്കുന്നുവെന്ന് നീല്‍സണ്‍ പറയുന്നു. പ്രതിമാസം 153,441,000 പേര്‍ ഗൂഗിള്‍ സന്ദര്‍ശിക്കുന്നുവെങ്കില്‍, ഫെയ്‌സ്ബുക്കിന്റെ കാര്യത്തില്‍ ഈ സംഖ്യ 137,644,000 ആണ്. ഗൂഗിള്‍ പുതിയതായി തുടങ്ങിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഗൂഗിള്‍ പ്ലസ് നീല്‍സന്റെ കണക്ക് പ്രകാരം സന്ദര്‍ശകരുടെ കാര്യത്തില്‍ എട്ടാം സ്ഥാനത്ത് മാത്രമാണെന്നും നീല്‍സന്റെ കണക്ക് പറയുന്നു.

സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളുടെ ഉയര്‍ച്ചപോലെ, ഡിജിറ്റല്‍ ലോകം കൂടുതലായി മൊബൈലിലേക്ക് മാറുന്നതിനും 2011 സാക്ഷിയായി. കമ്പ്യൂട്ടിങിന്റെ ഭാവി മൊബൈല്‍ ഉപകരണങ്ങളില്‍ തന്നെയെന്ന് വിളിച്ചോതുന്നതാണ്, ആപ്പിളിന്റെ ഐപാഡ് 2, ആമസോണിന്റെ കിന്‍ഡ്ല്‍ ഫയര്‍ തുടങ്ങിയ ടാബ്‌ലറ്റുകളുടെ വിജയം. ഒപ്പം ആപ്പിളിന്റെ ഐഫോണ്‍ 4 എസും സാംസങിന്റെ ഗാലക്‌സി നെക്‌സസ് തുടങ്ങിയ സ്മാര്‍ട്ട്‌ഫോണുകള്‍ നേടിയ വിജയവും ചെറുതല്ല. മൈക്രോസോഫ്ടിന്റെ മൊബൈല്‍ പ്ലാറ്റ്‌ഫോമായ വിന്‍ഡോസ് ഫോണ്‍ 7 അടിസ്ഥാനമാക്കിയുള്ള നോക്കിയയുടെ സ്മാര്‍ട്ട്‌ഫോണായ ലുമിയ രംഗത്തെത്തിയതും 2011 ല്‍ തന്നെ.

മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ ഐഫോണ്‍ 4 എസിലെ 'സിരി'യായിരുന്നു താരം. നിര്‍മിതബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) അ
ടിസ്ഥാനമാക്കിയുള്ള ആ ഡിജിറ്റല്‍ അസിസ്റ്റന്റ് വലിയ ആകാംക്ഷയാണ് ടെക് ലോകത്ത് ഉണര്‍ത്തിയത്. 'ഗൂഗിള്‍ സെര്‍ച്ചിന് സിരി ഭീഷണിയാണെ'ന്ന് ഗൂഗിള്‍ ചെയര്‍മാന്‍ എറിക് ഷിമിഡ്ത് പറയുന്നിടത്ത് വരെയെത്തി കാര്യങ്ങള്‍! സിരിക്ക് ബദലാകാന്‍ 'മേജല്‍' എന്നൊരു ആപ്ലിക്കേഷന്റെ പണിപ്പുരയിലാണ് ഗൂഗിള്‍ എന്നതാണ് ഒടുവിലത്തെ വാര്‍ത്ത.

മൊബൈലിലേക്ക് ലോകം മാറുന്നത് സാധ്യതകള്‍ മാത്രമല്ല ഭീഷണികളും വര്‍ധിപ്പിക്കുന്നു. ഓണ്‍ലൈന്‍ ക്രിമിനലുകളുടെയും കുബുദ്ധികളുടെയും ദുഷ്ടപ്രോഗ്രാം നിര്‍മാതാക്കളുടെയും ശ്രദ്ധ മൊബൈല്‍ രംഗത്തേക്ക് മാറുന്നതിന് കടന്നുപോകുന്ന വര്‍ഷം സാക്ഷ്യം വഹിച്ചു. ഗൂഗിളിന് നിരവധി ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍, ഭീഷണിയുടെ പേരില്‍ ഉപേക്ഷിക്കേണ്ടി വന്നു. കാരിയര്‍ ഐക്യു എന്ന കമ്പനിയുടെ ഒരു രഹസ്യ ആപ്ലിക്കേഷന്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്തക്കളുടെ ഓരോ നീക്കങ്ങളും പിന്തുടരുകയും വിവരങ്ങള്‍ കൈമാറുകയും ചെയ്യുന്ന കാര്യം വലിയ അമ്പരപ്പാണ് അടുത്തയിടെ ടെക് ലോകത്ത് സൃഷ്ടിച്ചത്.

ഏറ്റവും വലിയ ഇന്റര്‍നെറ്റ് കമ്പനിയായ ഗൂഗിളിന് വെട്ടിനിരത്തലിന്റെ വര്‍ഷമായിരുന്നു 2011. ലാറി പേജ് ഗൂഗിളിന്റെ സിഇഒ ആയി സ്ഥാനമേറ്റ ശേഷമെടുത്ത നിര്‍ണായക തീരുമാനമാണ്, ഉത്പന്നങ്ങളുടെയും സര്‍വീസുകളുടെയും എണ്ണം കുറയ്ക്കുക എന്നത്. ഗൂഗിള്‍ വേവ്, ഗൂഗിള്‍ ബസ്, ഗൂഗിള്‍ നോള്‍ എന്നിങ്ങനെ വലിയ ആവേശത്തോടെ അവതരിപ്പിക്കപ്പെട്ട ഡസണ്‍ കണക്കിന് സര്‍വീസുകളും ഉത്പന്നങ്ങളും ഉപേക്ഷിക്കാനാണ് ഗൂഗിള്‍ തീരുമാനിച്ചത്. പുതിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഗൂഗിള്‍ പ്ലസ് പോലുള്ളവയില്‍ കൂടുതല്‍ ശ്രദ്ധിക്കാനാണ് ഈ നയംമാറ്റമെന്ന് ഗൂഗിള്‍ പറയുന്നു.

സുപ്രധാനമായ ചില വാര്‍ഷികങ്ങള്‍ക്കും 2011 സാക്ഷിയായി. ഏറ്റവും ശ്രദ്ധേയം പുത്തന്‍ മാധ്യമവിപ്ലവത്തിന് തുടക്കംകുറിച്ച വേള്‍ഡ് വൈഡ് വെബ്ബിന് 20 തികഞ്ഞു എന്നതാണ്. ടിം ബേണേഴ്‌സി ലീ തയ്യാറാക്കിയ വേള്‍ഡ് വൈഡ് വെബ്ബ് പ്രോഗ്രാം പൊതുജനങ്ങള്‍ക്കുള്ള ഒരു സര്‍വീസ് എന്ന നിലയ്ക്ക് ഇന്റര്‍നെറ്റില്‍ ലഭ്യമായത് 1991 ആഗസ്ത് ആറിനാണ്. അത്രകാലവും അക്കാദിമിക്, ഗവേഷണ സ്ഥാപനങ്ങള്‍ക്ക് മാത്രം പ്രയോജനപ്പെട്ടിരുന്ന ഇന്റര്‍നെറ്റ് എന്ന ആഗോള വിവരവിനിമയ ശൃംഖലയെ സാധാരണക്കാരന്റെ പക്കലെത്തിച്ചത് വെബ്ബിന്റെ ആവിര്‍ഭാവമാണ്. ലോകം പിന്നീടൊരിക്കലും പഴയതുപോലെ ആയില്ല.

ഈമെയില്‍ എന്ന ഇലക്ട്രോണിക്‌സ് മെയില്‍ ആരംഭിച്ചതിന്റെ നാല്പതാം വാര്‍ഷികവും 2011 ലായിരുന്നു. 1971 ഹേമന്തത്തില്‍ അമേരിക്കയില്‍ റേ ടോംലിന്‍സണ്‍ എന്ന കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍ താന്‍ രൂപപ്പെടുത്തിയ 'സെന്‍ഡ് മെസേജ് പ്രോഗ്രാമി'ന്റെ സഹായത്തോടെ തന്റെ കമ്പ്യൂട്ടറില്‍ നിന്ന് ഒരു മീറ്റര്‍ അകലെയിരുന്ന മറ്റൊരു കമ്പ്യൂട്ടറിലേക്ക് ഒരു സന്ദേശമയച്ചതോടെയായിരുന്നു ഈമെയിലിന്റെ തുടക്കം.

ലോകത്തെ ഏറ്റവും വലിയ സ്വതന്ത്ര ഓണ്‍ലൈന്‍ വിജ്ഞാനകോശമായ വിക്കിപീഡിയക്ക് തുടക്കമിട്ടിട്ട് പത്തുവര്‍ഷമായതും 2011 ല്‍ തന്നെ. ജിമ്മി വെയ്ല്‍സും ലാറി സേഞ്ചറും ചേര്‍ന്ന് 2001 ജനവരി 15 നാണ് വിക്കിപീഡിയയ്ക്ക് തുടക്കമിടുന്നത്. ആര്‍ക്കും വിവരങ്ങള്‍ ചേര്‍ക്കാവുന്ന, ആര്‍ക്കും എഡിറ്റുചെയ്യാവുന്ന വിക്കിപീഡിയയുടെ വളര്‍ച്ച മിന്നല്‍വേഗത്തിലായിരുന്നു. ഏറ്റവുമധികം പേര്‍ സന്ദര്‍ശിക്കുന്ന സൈറ്റുകളിലൊന്നാണ് ഇന്ന് വിക്കിപീഡിയ.

പേഴ്‌സണല്‍ കമ്പ്യൂട്ടിങിന്റെയും വ്യക്തിഗത വിനോദത്തിന്റെയും ചരിത്രവഴികളെ പുതിയ പാതയിലേക്ക് നയിച്ച ഐപോഡ് എന്ന ഐതിഹാസിക ഡിജിറ്റല്‍ മ്യൂസിക് പ്ലെയര്‍ ആപ്പിള്‍ അവതരിപ്പിച്ചിട്ട് പത്തുവര്‍ഷം തികഞ്ഞതും ഇപ്പോഴാണ്. 2001 ഒക്ടോബര്‍ 23 നാണ് ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്‌സ് ലോകത്തിന് മുന്നില്‍ ഐപോഡ് ആദ്യമായി അവതരിപ്പിച്ചത്. ഐപോഡ് യുഗത്തിന് അന്ത്യമാവുകയാണോ എന്ന സംശയത്തിന്റെ നിഴലിലാണ് അതിന്റെ പത്താംവാര്‍ഷികം കടന്നുപോകുന്നത്.

courtesy - mathrubhoomi

No comments:

Post a Comment