Saturday 10 December 2011

വൈ ദിസ് കൊലവെറി...

ഡിസംബർ 10 - "ലോക മനുഷ്യാവകാശ ദിനം" 


അവകാശങ്ങൾ ഔദാര്യമല്ല, അത് നമ്മോടൊപ്പം ജനിച്ച് വളരുന്ന കൂടപ്പിറപ്പുകളാവണം... അവകാശങ്ങൾക്ക് മരണമില്ല, അവസാനവും... 


വിവര സാങ്കേതികവിദ്യയുടെ ഈ യുഗത്തിലും, വികസനത്തിന്റെ ഔന്നിത്യങ്ങൾ നാം കീഴടക്കുമ്പോഴും അവകാശങ്ങൾ എത്രമാത്രം സംരക്ഷിക്കപ്പെടുന്നു എന്നത് വിമർശനാത്മകമായി പരിശോദിക്കേണ്ടതുണ്ട്... 


ഇവിടെ സൗമ്യമാർ മാനഭംഗങ്ങൾക്കിരയായി കൊല്ലപ്പെടുന്നു, പെൺ വാണിഭങ്ങൾ തുടർക്കഥകളാവുന്നു, നീതി നിഷേധിക്കപ്പെടുന്നവരുടെ വിലാപങ്ങൾ ബധിരകർണ്ണങ്ങളിൽ പതിക്കപ്പെടുമ്പോഴും, വാളകങ്ങളും, മതമില്ലാത്ത ജീവനുകളും ആവർത്തിക്കപ്പെടുന്നു... 


ഒരു ജനത മുഴുവൻ ഒലിച്ചുപോയേക്കാവുന്ന മഹാവിപത്ത് ഒരുമ്പെട്ടിരിക്കുമ്പോഴും, രാഷ്ട്രീയ കുതികാൽ വെട്ടുകളും, കളികളും സജീവമായിത്തുടർന്ന് കൊണ്ടേയിരിക്കുന്നു... 


ജനിക്കാനും ജീവിക്കാനുമുള്ള അവകാശം നിയമം മൂലം ഹനിക്കപ്പെടുന്ന ഘട്ടത്തിലെത്തി നില്ക്കുമ്പോൾ, കൂടംകുളത്തിന്റെ നിലവിളികൾ തൃണവത്ഗണിക്കപ്പെടുന്നു.. 


സ്വന്തം കൂടപ്പിറപ്പുകളെയുൾപ്പെടെ ചുട്ടുകൊന്നവർ കണ്മുന്നിൽ തിമിർക്കുമ്പോഴും ഒരുപാട് താഹിറമാർ നിശബ്ദരാക്കപ്പെടുന്നു... 


മണ്ണും, വിണ്ണും, പെണ്ണും ചൂഷണം ചെയ്യപ്പെടുമ്പോഴും വാൾമാർട്ടുകൾക്കായി പരവതാനികൾ വിരിക്കപ്പെടുന്നു... 


നിസ്സഹായരാക്കപ്പെട്ടവർ വീണ്ടും അപഹസിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു, നിയം മൂലവും, നിയമസംഹിതകൾ മൂലവും... 


വ്യാജ ഏറ്റുമുട്ടലുകളുടെ കൊലവെറികളിൽ മനുഷ്യാവകാശ ധ്വംസനങ്ങൾ സജീവമാകുന്നു... 

പുതിയൊരു മനുഷ്യാവകാശ(?)ദിനം കൂടി കടന്നുപോവുന്നു... നിശ്ശബ്ദ്മായ്... 
നിസ്സംഗമായ്... 

"തിരിച്ചറിവുകളുടെ നാളെകൾ അകലെയല്ല... പ്രതീക്ഷകളും... ചിന്തിക്കുന്നവർ അതിജീവിക്കപ്പെട്ടേയ്ക്കാം...പക്ഷേ, തിരിച്ചറിഞ്ഞ് പൊരുതുന്നവർമാത്രമേ അവശേഷിക്കപ്പെടൂ"... 

No comments:

Post a Comment