Sunday, 4 December 2011

വെറുതെയിരുന്ന് സമ്പന്നരാകുന്നവർ...

മലയാളികളും നെറ്റ് വർക്ക് മാർക്കറ്റിംഗും 


കുറച്ച് നാളുകൾക്ക് മുൻപ് യാദൃശ്ചികമായി ഒരു കാർട്ടൂൺ കാണുകയുണ്ടായി.ഏതോ ഒരു വിരുതൻ കാർട്ടൂണിസ്റ്റ് കേരളത്തെ അതിമനോഹരമായി അവിടെ ചിത്രീകരിച്ചിട്ടുണ്ടായിരുന്നു,തിരുവനന്തപുരം മുതൽ കാസർകോഡ് വരെ നീട്ടിവരച്ചിരിക്കുന്ന ആ ഭൂപടത്തിൽ കോട്ടയമുൾപ്പെടെയുള്ള ‘മദ്യ’തിരുവതാം കൂറിനെ തള്ളി നില്ക്കുന്ന മലയാളി വയർ പോലെ വൈരൂപ്യമാക്കിയിരിക്കുന്നു. രണ്ട് വിവക്ഷകളുണ്ട് പ്രധാനമായും ആ ചിത്രത്തിന്‌. 
1. മധ്യ തിരുവതാംകൂറിനെ ‘മദ്യ’തിരുവതാം കൂർ ആക്കിയവരോടുള്ള പ്രതിക്ഷേധമാവാം. 
2. ജോലി ചെയ്യാതെ ശരീരമിളക്കാതെ പണമുണ്ടാക്കാനുള്ള മലയാളിയുടെ ത്വരയ്ക്ക് നേരെയുള്ള അപഹാസമാകാം. 
സ്വന്തം നാട്ടിൽ സൂപ്പർ വൈസർമാരാകുന്ന ഓരോ മലയാളിയുടെയും ദേശീയ ഭക്ഷണം പൊറോട്ടയും, ബീഫും ദേശീയ പാനീയം ബിവറേജ് എന്ന വറ്റാക്കിണറിലെ കറുത്ത സ്പിരിറ്റുമാണല്ലോ? 
മേല്പ്പറഞ്ഞ മലയാളിമനോഭാവങ്ങളെ ചൂഷണം ചെയ്താണ്‌ നെറ്റ് വർക്ക് മാർക്കറ്റിംഗ് കമ്പനികൾ കേരളത്തിൽ ചുവടുറപ്പിക്കുന്നത്. ഇൻസെർട് ചെയ്ത്, ലാപ്പ് ടോപ്പുമായി ചിരി മുഖത്തൊട്ടിച്ചു വെച്ച് നെറ്റ് വർക്ക് മാർക്കറ്റിങ്ങ് എക്സിക്യുട്ടീവുകൾ കയറിവരാത്ത ഒരു വീട് പോലും ഇന്ന് കേരളത്തിൽ ഉണ്ടാവില്ല. മോഹന സുന്ദര വാഗ്ദാനങ്ങൾ നിരത്തി സ്വപ്നങ്ങളുടെ ഇരുട്ടറകളിൽ നിങ്ങളെ പൂട്ടിയിട്ട് കടന്നു പോകുന്ന ഈ സുന്ദര മാർക്കറ്റിങ്ങ് രീതിയാവട്ടെ ഇന്നത്തെ പ്രതിപാദ്യ വിഷയം... 
എന്താണ്‌ നെറ്റ് വർക്ക് മാർക്കറ്റിങ്ങ്? 
നെറ്റ് വർക്ക് മാർക്കറ്റിങ്ങ് എന്ന വിപണനരീതി പരമ്പരാഗത വിപണന രീതികളിൽനിന്നും ഒട്ടേറെ വ്യത്യാസപ്പെട്ടിരിക്കുന്നു. ഇവിടെ കമ്പനി തങ്ങളുടെ വിപണന സാധ്യതകളെ മനുഷ്യൻ എന്ന ഘടകത്തെ ചൂഷണം ചെയ്ത് ശതഗുണീഭവിപ്പിക്കുകയാണ്‌ ചെയ്യുന്നത്.ഡൗൺ ലൈൻ, ലെഗ്ഗ് എന്നിങ്ങനെ ആളുകളെച്ചേർത്ത് ഒരു വലിയ മാർക്കറ്റിങ്ങ് ശൃംഖലയാണ്‌ ഓരോ നെറ്റ് വർക്ക് ലീഡേഴ്സും നിർമിക്കുന്നത്. അങ്ങനെ നിർമ്മിക്കപ്പെട്ട ശൃംഖലയുടെ വിപണന സാധ്യതകൾക്കനുസരിച്ച് ഇതിലെ ഓരോ വ്യക്തിയും ലാഭമുണ്ടാക്കുന്നു. 
കഴിഞ്ഞ 59 വർഷങ്ങളായി ഈ മാർക്കറ്റിങ്ങ് രീതി നമുക്കിടയിലുണ്ട്. 1952ൽ ജയ് വാൻ ആൻഡിൽ, റിച്ച് ഡി വോസ് എന്നീ രണ്ട് വ്യക്തികൾ ചേർന്ന് ജന്മം കൊടുത്ത ഈ അമേരിക്കൻ തത്വം ഇന്ന് ലോകമാസകലം പടർന്ന് പന്തലിച്ചിരിക്കുന്നു.പരമ്പരാഗത മാർക്കറ്റിംഗ് രീതികളെ വെല്ലുവിളിക്കാൻ ഇവർ കാണിച്ച ധൈര്യമാണ്‌ നെറ്റ് വർക് മാർക്കറ്റിങ്ങിന്‌ വഴിത്തിരിവായതും... 
നെറ്റ് വർക്കിലെ തന്ത്രം. 
നില നിന്ന് പോന്നിരുന്ന പരമ്പരാഗത മാർക്കറ്റിംഗ് രീതിയനുസരിച്ച് ഉപഭോക്താവിനും ഉല്പാദകർക്കുമിടയിലൊരുപാട് കണ്ണികളുണ്ട്. റീട്ടെയ്‌ലർ, ഹോൾ സൈലർ, സ്റ്റോകിസ്റ്റ്, സൂപ്പർ സ്റ്റോക്കിസ്റ്റ്, സീ ആന്റ് എഫ് ഏജന്റ് എന്നിവയാണ്‌ അവയിൽ ചിലത്. യഥാർത്ഥത്തിൽ 100 രൂപ വിലയുള്ള ഒരു ഉല്പ്പന്നത്തിന്റെ ഉല്പാദനച്ചിലവും ലാഭവും കൂട്ടി 50 രൂപയ്ക്കടുത്തേ വരൂ. മിച്ചം 50 രൂപയിൽ 25 രൂപ ഈ ഇടനിലക്കാർക്കായി വീതിച്ച് നല്കുമ്പോൾ ബാക്കി 25 രൂപ പരസ്യം, കൺസ്യൂമർ സാറ്റിസ്ഫാക്ഷൻ സർവേകൾ എന്നിവയ്ക്കായി മുടക്കുന്നു. ഫലത്തിൽ 50 രൂപയുടെ ഉല്പന്നം ഉപഭോക്താവ് 100 രൂപയ്ക്ക് വങ്ങേണ്ടിവരുന്നു.ഉദാഹരണത്തിന്‌ പെപ്സിയെത്തന്നെയെടുക്കാം. ഉല്പാദനച്ചിലവ് വെറും 2.25 രൂപയുള്ള പെറ്റ് ബോട്ടിൽ കോള നാം എത്ര രൂപയ്ക്കാണ്‌ വാങ്ങുന്നത്? എത്ര രൂപ ഇടനിലക്കാരും, സച്ചിനും ഷാരുഖുമൊക്കെ കൊണ്ടു പോകുന്നു?. 
എന്നാൽ നെറ്റ് വർക്ക് മാർക്കറ്റിംഗിൽ മേല്പ്പറഞ്ഞതുപോലെ ഉല്പന്നം 100 രൂപയ്ക്ക് വില്ക്കുമ്പോൾ ഇടനിലക്കാരെയും പരസ്യത്തെയും ഒഴിവാക്കി ആ വരുമാനം ഉപഭോക്താക്കളിലേയ്ക്ക് വിവിധ അനുപാതത്തിൽ വീതിച്ചു നല്കും. 
നെറ്റ് വർക്ക് കമ്പനികളിൽ അംഗമാകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. 
1. കമ്പനി ഡയറക്റ്റ് സെല്ലിങ്ങ് അസോസിയേഷൻ മെമ്പറാണോ എന്ന് പരിശോധിക്കുക 
2. കേരളാ സർക്കാർ നിഷ്കർഷിച്ചിരിക്കുന്ന നിയമങ്ങളനുസരിച്ചാണോ പ്രവർത്തിക്കുന്നത് എന്ന് ശ്രദ്ധിക്കുക. 
3.എല്ലാ മാസവും ഉല്പ്ന്നങ്ങൾ വാങ്ങുന്നത് നിർബന്ധമാണോ എന്നു കൃത്യമായി മനസ്സിലാക്കുക. 
4. ഉല്പന്നങ്ങൾ ഗുണമേന്മയുള്ളതാണെന്ന് ഉറപ്പ് വരുത്തുക. 
5. കമ്പനിയുടെ ട്രായ്ക്ക് റിക്കോർഡ് പരിശോധിക്കുക. ഇതിന്‌ ഇന്റെർനെറ്റ് തന്നെ ശരണം. 
6. മോറൽ വാല്യൂസ് പരിഗണിക്കുക, വ്യക്തി വൈകല്യങ്ങൾ, സ്വഭാവ വൈകല്യങ്ങൾ എന്നിവയുള്ളവരെ ഒഴിവാക്കുക. 
7.ട്രൈനിങ്ങ് വെറും മോട്ടിവേഷൻ ക്ളാസുകൾ മാത്രമല്ല എന്ന് ഉറപ്പ് വരുത്തുക. 
8.വാഗ്ദാനം ചെയ്യുന്ന വരുമാനം ലഭിക്കുന്നവരുണ്ടോ എന്ന് ശ്രദ്ധിക്കുക. 
9. കമ്പനിയെ സംബന്ധിച്ച് കേസുകൾ, അന്വേഷണങ്ങൾ എന്നിവയുണ്ടെങ്കിൽ അവയെപ്പറ്റി പഠിക്കുക. 
10. വിവരാവകാശ നിയമത്തെ ഫലപ്രദമായി ഉപയോഗിക്കുക. 
11. പ്ലാൻ വ്യ്അക്തമായി പഠിക്കുക, ചതിക്കുഴികൾ മനസ്സിലാക്കുക. 
12. സമയമെടുത്ത് ആലോചിച്ച് തീരുമാനിക്കുക. 
സോപ്പ്, ചീപ്പ് തുടങ്ങി വിദേശ ഉല്ലാസയാത്രകൾ വരെ നടത്തി പാവപ്പെട്ടവന്റെ മടിശ്ശീല കീറിയെടുത്ത് കടന്നുകളഞ്ഞ ഒരുപാട് നെറ്റ് വർക്ക് കമ്പനികൾ കടന്നുപോയിട്ടുണ്ട് കേരളത്തിലൂടെ... ആട്, മാഞ്ചിയം, ഇ.സി.എഫ്, കർഷക തുടങ്ങി മലയാളമനോരമ പ്രമോട്ട് ചെയ്ത ഇന്റെഗ്രേറ്റഡ് ഫിനാൻസ് വരെ എത്രയെത്ര കിലുക്കിക്കുത്തുകൾ...എപ്പോഴെങ്കിലും ഒരു അന്വേഷണമുണ്ടായാൽ ഇത്തരം കമ്പനികളുടെ കഥ അവിടെക്കഴിയുന്നു. 
നിലവിൽ കേരളത്തിൽ സർക്കാരിന്റെ നിയമമനുസരിച്ച് പ്രവർത്തിക്കുന്ന മൊണാവി എന്ന നെറ്റ് വർക്ക് കമ്പനി ഹെൽത്ത് ഡ്രിങ്കുകൾ, പഴച്ചാറുകൾ തുടങ്ങിയ ഉല്പന്നങ്ങളുമായാണ്‌ എത്തുന്നത്. വ്യക്തമായ ട്രാക്ക് റിക്കോർഡുകളുള്ള മൊണാവി ഇന്ത്യയിലേയ്ക്കെത്തിയതെയുള്ളൂ.ഏറ്റവും നല്ല വരുമാനം നേടിത്തരുന്ന മൊണാവി അമേരിക്കയിൽ ഒരുപാട് കോടീശ്വരന്മാരെ സൃഷ്ടിച്ചിട്ടുണ്ടെന്നതാണ്‌ സത്യം. പക്ഷെ നാം എല്ലാ മാസവും 8000 രൂപയ്ക്കടുത്ത് നാം ഉല്പന്നങ്ങൾ വാങ്ങിയേ മതിയാവൂ. അല്ലെങ്കിൽ നമുക്ക് താഴെ നടക്കുന്ന ബിസിനസ്സിന്റെ ഒരംശം പോലും വരുമാനം നമുക്ക് ലഭിക്കുകയില്ല. 
ഭാരതത്തിലാകമാനം വ്യാപകമായ സ്പീക് ഏഷ്യ എന്ന ഓൺലൈൻ കമ്പനിയുടെ മേൽ കഴിഞ്ഞ 5 മാസങ്ങളായി ആർ.ബി.ഐ അന്വേഷണം നടത്തുകയാണ്‌.ഈ അന്വേഷണത്തിൽ കമ്പനി പൂർണ്ണമായും സഹകരിക്കുന്നുമുണ്ട്. സുപ്രീം കോടതിയിൽ വന്ന കേസ് പലതവണ രാഷ്ട്രീയ ഇടപെടലുകൾ മൂലം വൈകിക്കൊണ്ടേയിരിക്കുകയായിരുന്നു. തുടർന്ന് മുൻ ജഡ്ജി ആർ. സി ലാഹോട്ടിയുടെ നേതൃത്വത്തിൽ കമ്മീഷൻ രൂപീകരിച്ച് ബിസിനസ് തുടർന്നു പോകാൻ അനുവാദം നല്കിയിരിക്കുകയാണ്‌ പരമോന്നത നീതി പീഠം. 

മേല്പറഞ്ഞവയെല്ലാം നെറ്റ് വർക്ക് മാർക്കറ്റിനെ സംബന്ധിച്ച സത്യങ്ങളാണ്‌...നാം മനസ്സിലാക്കേണ്ട സത്യങ്ങൾ... പച്ചമണ്ണ്‌ കാട്ടിയും, ലോഹത്തകിടും കരിയോയിലും കാന്തവും കാട്ടിയും മലയാളികളെ ഇനിയൊരുത്തനും മണ്ടന്മാരാക്കാതിരിക്കട്ടെ... നെറ്റ് വർക്ക് നിയമപരമായ ബിസിനസ്സാണ്‌. ഒരുപക്ഷേ ജനസംഖ്യയിൽ രണ്ടാം സ്ഥനത്ത് നില്ക്കുന്ന ഇന്ത്യയുടെ വളക്കൂറുള്ള മണ്ണിൽ ഏറ്റവും കൂടുതലായി അത് തഴച്ച് വളരുകയും ചെയ്യും. പക്ഷേ, ഇനിയൊരു നെറ്റ് വർക്ക് മാർക്കറ്റിഗുകാരൻ കൂടി നമ്മെ പറ്റിച്ചുകൊണ്ട് പോവാതിരിക്കട്ടെ...അതിന്‌ കരുതലെടുക്കക... അറിയുക, അറിയിച്ചു കൊണ്ടേയിരിക്കക.... 

No comments:

Post a Comment