Friday 30 December 2011

അഴിമതി നിരോധന നിയമം വീണ്ടും ഗോപി...ഇനി കാവിലെ പാട്ട് മത്സരത്തിന്‌ കാണാം..


പ്രതിപക്ഷത്തിനു പുറമെ സഖ്യകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെയും എതിര്‍പ്പിനിടെ ലോക്പാല്‍ ബില്ലില്‍ വോട്ടെടുപ്പില്ലാതെ ചര്‍ച്ചകള്‍ അപൂര്‍ണമാക്കി രാജ്യസഭ വ്യാഴാഴ്ച അര്‍ധരാത്രി പിരിഞ്ഞു. ഇതോടെ, കേന്ദ്രസര്‍ക്കാറിനു നാണക്കേടായി വനിതാബില്‍പോലെ ലോക്പാല്‍ ബില്ലും പാര്‍ലമെന്റിന്റെ അംഗീകാരം ലഭിക്കാതെ മടങ്ങി.

ഇതുവരെ സാക്ഷ്യം വഹിക്കാത്ത ക്ഷുഭിതരംഗങ്ങള്‍ക്കിടെ, രാജ്യസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞതായി സഭാധ്യക്ഷന്‍ ഹമീദ് അന്‍സാരി പ്രഖ്യാപിക്കുകയായിരുന്നു. പാര്‍ലമെന്റിന്റെ ഈ സമ്മേളനത്തില്‍ ലോക്പാല്‍ ബില്‍ പാസ്സാക്കാന്‍ തുനിഞ്ഞ സര്‍ക്കാറിന് തിരിച്ചടിയായി എന്നു മാത്രമല്ല, സമ്മേളനത്തിന്റെ ഒടുവില്‍ മനപ്പൂര്‍വം നാടകീയരംഗങ്ങള്‍ ആവിഷ്‌കരിച്ചതായുള്ള ആരോപണവും നേരിടേണ്ടി വന്നിരിക്കുകയാണ്.

ബില്ലിന്റെ ചര്‍ച്ചയ്ക്ക് രാത്രി മുഴുവനും അടുത്ത ദിവസവും ഇരിക്കാന്‍ തയ്യാറാണെന്ന് പ്രതിപക്ഷത്തു നിന്ന് ജെയ്റ്റ്‌ലിയും സീതാറാം യെച്ചൂരിയും മറ്റും പറഞ്ഞിട്ടും ഭരണപക്ഷം ഇതിനു വഴങ്ങിയില്ല. ഭരണപക്ഷത്തിന്റേത് ആസൂത്രിതനാടകമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ ബജറ്റ് സമ്മേളനത്തില്‍ വീണ്ടും ബില്‍ അവതരിപ്പിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.

ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിച്ചപ്പോള്‍ സമയം രാത്രി പതിനൊന്നു കഴിഞ്ഞിരുന്നു. തുടര്‍ന്ന് മന്ത്രി വി. നാരായണസ്വാമി മറുപടി പറയാന്‍ തുടങ്ങി. സ്വാമിയുടെ മറുപടി സഭയില്‍ വന്‍ബഹളം സൃഷ്ടിക്കുകയും സഭ പതിനഞ്ചുമിനിറ്റു നേരത്തേക്ക് നിര്‍ത്തിവെക്കുകയും ചെയ്തതിനു ശേഷമാണ് പാര്‍ലമെന്ററി കാര്യ മന്ത്രി പവന്‍ കുമാര്‍ ബെന്‍സല്‍ , പ്രതിപക്ഷം നിര്‍ദേശിച്ച 135-ലേറെ ഭേദഗതികള്‍ പഠിക്കണമെങ്കില്‍ തങ്ങള്‍ക്കു സമയം വേണമെന്ന് അറിയിച്ചത്. അടുത്ത സമ്മേളനത്തില്‍ കൂടുതല്‍ സമഗ്രമായ ബില്‍ കൊണ്ടുവരാമെന്ന വാഗ്ദാനമാണ് മന്ത്രി നല്‍കിയത്. എന്നാല്‍ സര്‍ക്കാര്‍ ഒളിച്ചോടുകയാണെന്ന് പ്രതിപക്ഷനേതാവ് അരുണ്‍ ജെയ്റ്റ്‌ലി തുറന്നടിച്ചു. മറ്റു പ്രതിപക്ഷകക്ഷികള്‍ അതിനെ പിന്താങ്ങി.

വ്യാഴാഴ്ച രാവിലെ തന്നെ രാജ്യസഭ ബില്‍ ചര്‍ച്ചയ്‌ക്കെടുത്തിരുന്നു. മിക്കവാറും എല്ലാ അംഗങ്ങളും ബില്‍ സമഗ്രമായി പഠിക്കുകയും സംസാരിക്കുകയും ഭേദഗതികള്‍ അവതരിപ്പിക്കുകയും ചെയ്തു. സഭയില്‍ ചര്‍ച്ച തകര്‍ക്കുമ്പോള്‍ പുറത്ത് , ബില്‍ പാസാക്കാന്‍ വേണ്ട പിന്തുണ ലഭിക്കാന്‍ സര്‍ക്കാര്‍ കിണഞ്ഞു ശ്രമിക്കുകയായിരുന്നു.

ഒരു പ്രതിപക്ഷ കക്ഷിയും ബില്ലിനെ അനുകൂലിച്ചു സംസാരിച്ചില്ലെന്നു മാത്രമല്ല, ഭരണകക്ഷിയായ തൃണമൂലും ബില്ലില്‍ ലോകായുക്തയെ ഉള്‍പ്പെടുത്തിയതിനെതിരെ രംഗത്തു വരികയും ചെയ്തു. സമാജ് വാദി പാര്‍ട്ടി, ആര്‍. ജെ. ഡി. , ബി. എസ്. പി. തുടങ്ങിയ കക്ഷികളുടെ പിന്തുണ ആര്‍ജിക്കാനും സര്‍ക്കാറിന് കഴിഞ്ഞില്ല.

അത്യന്തം നാടകീയമായ രംഗങ്ങളാണ് ചര്‍ച്ച സമാപിച്ചതോടെ അരങ്ങേറിയത്. മന്ത്രി വി. നാരായണസ്വാമിയെ സഭാധ്യക്ഷന്‍ മറുപടി പറയാന്‍ ക്ഷണിച്ചു. അതേ സമയം ലോക്പാല്‍ ബില്‍ തിരിച്ചെടുക്കണമെന്ന മുദ്രാവാക്യം മുഴക്കി ആര്‍. ജെ. ഡി. അംഗങ്ങള്‍ ബഹളം തുടങ്ങി. ചര്‍ച്ചയില്‍ ഒടുവില്‍ പങ്കെടുത്ത രാജനീതി പ്രസാദ് സീറ്റു വിട്ട് പാഞ്ഞ് നാരായണസ്വാമിയുടെ അടുത്തെത്തി അദ്ദേഹത്തിന്റെ കൈയില്‍ നിന്ന് പേപ്പറുകള്‍ വാങ്ങി കീറിയെറിഞ്ഞു. അദ്ദേഹത്തെ ചിലര്‍ പിടിച്ചു മാറ്റിയെങ്കിലും ബഹളം തുടര്‍ന്നു. ബഹളത്തിനിടയില്‍ നാരായണസ്വാമി പറഞ്ഞതൊന്നും വ്യക്തമായില്ല. സ്വാമിയാകട്ടെ ഒച്ചയടഞ്ഞ് , വീണ്ടും പഴയ വിശദീകരണങ്ങള്‍ തുടര്‍ന്നു. പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികള്‍ക്കൊന്നും തങ്ങള്‍ വഴങ്ങുന്നില്ലെന്ന സൂചനയാണ് സ്വാമി നല്‍കിയത്. വിശദീകരണം നീണ്ടു പോയപ്പോള്‍ സമയം പന്ത്രണ്ടുവരെ നീട്ടാനുള്ള അടവാണോ എന്ന സംശയത്തില്‍ പ്രതിപക്ഷം വീണ്ടും ബഹളം തുടങ്ങി. പന്ത്രണ്ടുവരെ സ്വാമി പറയുന്നതു കേള്‍ക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്ന് അവര്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു.

ലോക്പാല്‍ ചര്‍ച്ച ചെയ്യാന്‍ വേണ്ടി നീട്ടിയ സമ്മേളനം നിയമപ്രകാരം വ്യാഴാഴ്ച രാത്രി പന്ത്രണ്ടിന് അവസാനിക്കേണ്ടിയിരുന്നു. ഇത് നീട്ടിക്കിട്ടണമെങ്കില്‍ വീണ്ടും ബിസിനസ് ഉപദേശകസമിതിയുടെ ശുപാര്‍ശ വേണ്ടിയിരുന്നു. ബില്‍ വോട്ടിനിട്ടാല്‍ പാസാകില്ലെന്ന് ഉറപ്പായ സര്‍ക്കാര്‍ , അവസാനം മനപ്പൂര്‍വം നാടകീയത ചമയ്ക്കുകയായിരുന്നു.

വാല്ക്കഷണം... ഏകാധിപത്യ ഭരണമായിരുന്നെങ്കിൽ, ഒരുത്തനേ കൈയ്യിട്ട് വാരുമായിരുന്നുള്ളൂ... ഇതിപ്പോ എന്താ ചെയ്ക? ജനങ്ങൾക്കു വേണ്ടി ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ജനങ്ങളുടേ സർക്കാരല്ലേ... 
നമുക്ക് പോംവഴികളില്ല.. ഒന്നുകിൽ കള്ളനെ അധികാരത്തിലേറ്റുക അല്ലെങ്കിൽ കള്ളന്‌ കഞ്ഞിവെച്ചവനെ... 
ജനാധിപത്യം വിജയിക്കട്ടെ... 

No comments:

Post a Comment