Saturday 3 December 2011

മുല്ലപ്പെരിയാർ കാണാത്ത സാംസ്കാരിക നായകർ... സംസ്കാരിക നായകരെന്തേ,ചത്തൊടുങ്ങിയോ?...


ശ്ശ്ശ്ശ്ശ്ശ്.. മിണ്ടരുത്.... ഇവിടെ സംസ്കാരിക ബുജികൾ ഉറക്കത്തിലാണ്‌. 
അവരെ വിളിച്ചുയർത്തരുതേ... ഉണർത്തിയാൽ, അവർ സംസ്കാരിക നഭസ്സിൽ ചിറകടിച്ച് പറക്കും, അനുവാചകർക്ക് സംസ്കാരിക വിരുന്നൊരുക്കും, കുറ്റം പറയുന്നവരെ കൊത്തിപ്പറിക്കും, ഗളച്ഛേദം ചെയ്യും.... 
അതുകൊണ്ട് മിണ്ടാതിരുന്നു കൊള്ളൂ... 

ഇവിടെ മുല്ലപ്പെരിയാർ തിരത്തള്ളലിൽ ഒരു നാടിന്റെ സംസ്കൃതി നശിച്ചു പോയാലും, എ.ജി മാർ പാലം വലിച്ചാലും, അധ്യാപകരുടെ അവിടെ പാര കേറിയാലും, ജാതിപ്പേര്‌ പറഞ്ഞ് മന്ത്രിയെപ്പോലും അധിക്ഷേപിച്ചാലും, സംസ്കാരിക മന്ത്രി സ്വ സംസ്കാരം തുറന്ന് കാട്ടിയാലും, പഞ്ചനക്ഷത്ര ആശുപത്രികളിൽ അഴിമതി വീരന്മാർ ജയില്വാസമനുഷ്ടിച്ചാലും, പ്രതിപക്ഷ നേതാവിന്റെ മകനെ തിരുകിക്കയറ്റിയാലും, പെട്രോൾ വില കൂട്ടിയാലും, വിലക്കയറ്റം വന്നാലും,നിന്നാലും മിണ്ടരുത്... മൊഴിമുത്തുകൾ അടർത്തരുത്... കേരളമെങ്ങാനും രക്ഷപെട്ട് പോയാലോ.. യെവന്മാർക്ക് പിന്നെ പണിയില്ലാതവൂല്ലേ... ആരെങ്കിലും പ്രസംഗിക്കാൻ വിളിക്കുമോ? കാശ് കൊടുക്കുമോ? പട്ടിണിയായിപ്പോവൂല്ലേ.... 

അതോ ഈ നിർഗ്ഗുണപ്പരംബ്രഹ്മങ്ങളോട് പറഞ്ഞിട്ട് കാര്യമില്ലെന്ന് വിചാരിച്ചിട്ടാണോ? 

എന്റെ ദൈവമേ.... ഈ രാധാകൃഷ്ണന്മാരെയും കോദണ്ടപാണിമാരെയും കേരളത്തിന്റെ മുഖ്യധാരയിൽ നിന്ന് ആര്‌ പടിയടച്ച് പിണ്ഡം വെയ്ക്കും?.... 

ആര്‌ ചീഫ് വിപ്പുമാരെ നിലയ്ക്ക് നിർത്തും?... 

പ്രിയപ്പെട്ട സാംസ്കാരിക നായകരേ... നിങ്ങൾ എന്നൊന്ന് ഉണരും? എന്നൊരു പ്രസ്താവനയിറക്കും? 

പെൻഷൻ കിട്ടില്ലെന്ന് പേടിച്ചാണോ ഈ മൗനവൃതം? 
അതോ നിങ്ങൾ സിനിമാക്കാരുടെ മേൽ മാത്രമേ കുതിരകയറുകയുള്ളോ???? 

പണ്ട് തപസ്സിളക്കാൻ ദേവലോകത്തുനിന്നും രംഭയേയും,മേനകയേയുമൊക്കെ ഇന്ദ്രൻ അയച്ചിരുന്നു... ഇനി അതുണ്ടാവുമെന്ന് തോന്നുന്നില്ല... ഇനി അതു പ്രതീക്ഷിച്ചാണെങ്കിൽ പ്രതിപക്ഷ നേതാവിനോട് പറഞ്ഞ് ഒരു പെറ്റീഷൻ കൊടുത്താലോ... അങ്ങേരിതിനൊക്കെ മിടുക്കനല്ലേ... പിള്ളയ്ക്കിട്ട് ഒരൊന്നൊന്നര പണിയല്ലേ ഇപ്പോഴും കൊടുത്തോണ്ടിരിക്കുന്നത്... 



“മൗനം വിദ്വാന്‌ ഭൂഷണം” എന്നതാണ്‌ നിങ്ങളുടെ തത്വമെങ്കിൽ “അതിമൗനം മന്ദന്നു ഭൂഷണം” എന്ന വാലും അതോടൊപ്പമുണ്ട് എന്നും മറക്കരുതേ... 

No comments:

Post a Comment